അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ നിര്യാണത്തിൽ ഇന്ത്യൻ പെട്രോളിയം-പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി കുവൈറ്റിലെത്തി ദുഃഖത്തിൽ പങ്കു ചേർന്നു.
കുവൈറ്റ് സിറ്റി : ഇന്ത്യൻ പെട്രോളിയം, പ്രകൃതി വാതക ഭവന നഗരകാര്യ മന്ത്രിബഹു. ഹർദീപ് സിംഗ് പുരി ബഹു. കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബയെ സന്ദർശിച്ച് അന്തരിച്ച അമീർ ഷെയ്ഖ് നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിന്റെ ദുഃഖകരമായ നിര്യാണത്തിൽ ഇന്ത്യൻ രാഷ്ട്രപതിയുടെയും പ്രധാനമന്ത്രി യുടെയും അനുശോചന സന്ദേശങ്ങൾ കൈമാറി.
അന്തരിച്ച കുവൈറ്റ് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ വിയോഗത്തെക്കുറിച്ച് അറിഞ്ഞതിൽ അതിയായ ദുഃഖവും ഖേദവും ഉണ്ടെന്ന് ബഹു. ഇന്ത്യൻ രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു ബഹുമാന്യ കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബക്ക് അയച്ച സന്ദേശത്തിൽ പറഞ്ഞു. കുവൈറ്റിന്റെ വികസനത്തിനും സമൃദ്ധിക്കും ബഹു. അമീർ നൽകിയ സംഭാവനകൾ വലുതാണ്. കുവൈറ്റ് ജനതയുടെ ക്ഷേമത്തിനായി നടത്തിയ അക്ഷീണം പ്രയത്നങ്ങളുടെ പേരിൽ അദ്ദേഹം എന്നും ഓർമ്മിക്ക പ്പെടും. ഇന്ത്യക്ക് ഒരു നല്ല സുഹൃത്തിനെ നഷ്ടപ്പെട്ടു. കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിന് അവരുടെ കരുതലും ദയയും നൽകിയ ഒരാളെയാണ് നഷ്ടപ്പെട്ടത്. ബഹു. വിയോഗത്തിൽ അനുശോചിക്കുന്നതോടൊപ്പം കുവൈറ്റിലെഭരണാധികാരികൾക്കും ജനങ്ങൾക്കും ഒപ്പം ഇന്ത്യയും ദുഃഖത്തിൽ പങ്കു കൊള്ളുന്നു-ശ്രിമതി ദ്രൗപതി മുർമു അറിയിച്ചു.
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബഹു. കുവൈറ്റ് അമീർഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബക്ക് അയച്ച സന്ദേശത്തിൽ അന്തരിച്ച ശൈഖ് നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബ യുടെ വിയോഗ വാർത്തയിൽ ഇന്ത്യയിലെ സർക്കാരും ജനങ്ങളും അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി അറിയിച്ചു. കുവൈത്തിന്റെ ചരിത്രത്തിൽ മാത്രമല്ല ഇന്ത്യ-കുവൈത്ത് ബന്ധത്തിലും മായാത്ത മുദ്ര പതിപ്പിച്ച ജ്ഞാനവും ദർശനവും അർപ്പണബോധവുംകൈക്കൊണ്ട ഒരു മാതൃകാ നേതാവായിരുന്നു ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്. എല്ലാ മേഖലകളിലും ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തി. കുവൈറ്റിലെ വലിയ ഇന്ത്യൻ സമൂഹം എപ്പോഴും അദ്ദേഹത്തിന്റെ പരിചരണവും കരുതലും പ്രയോജനപ്പെടുത്തി. എണ്ണമറ്റ ജീവൻ രക്ഷിച്ച കോവിഡ്-19 പാൻഡെമിക്കിന്റെ ദുഷ്‌കരമായ കാലഘട്ടത്തിൽ കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്ക് വലിയ അളവിൽ മെഡിക്കൽ ഓക്‌സിജൻ വിതരണം ഉറപ്പാക്കുന്നതിൽ അദ്ദേഹത്തിന്റെ വ്യക്തിപരമായ പ്രതിബദ്ധതയ്ക്ക് ഇന്ത്യയിലെ ജനങ്ങൾ എന്നേക്കും സ്മരിക്കും. പ്രധാനമന്ത്രി തന്റെ സന്ദേശത്തിൽ അറിയിച്ചു.
പ്രധാനമന്ത്രി ശ്രി നരേന്ദ്ര മോദിയുടെ പേരിൽ ബഹു. കുവൈത്ത് പ്രധാനമന്ത്രിക്ക് നൽകിയ മറ്റൊരു സന്ദേശത്തിൽ അഗാധമായ ദുഃഖത്തോടെയാണ് അന്തരിച്ച ബഹു. കുവൈറ്റ് അമീർ ഷെയ്ഖ് നവാഫ്അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് ന്റെ മരണവാർത്ത അറിഞ്ഞത് എന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിൽ കുവൈറ്റ് വികസനത്തിൽ ഗണ്യമായ പുരോഗതി കൈവരിച്ചു. വരും തലമുറ അദ്ദേഹത്തെ സ്നേഹപൂർവ്വം സ്മരിക്കും. വിയോഗം കുവൈറ്റിലെ ജനങ്ങൾക്ക് മാത്രമല്ല, വലിയ ഇന്ത്യൻ സമൂഹത്തിനും തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ പരിചരണവും കരുതലും എല്ലായ്പ്പോഴും പ്രയോജനം ചെയ്തു. ഉന്നത നേതൃത്വത്തോടും സർക്കാരിനോടും ജനങ്ങളോടും ഒപ്പം ഇന്ത്യയും ദുഃഖത്തിൽ പങ്കു ചേരുന്നതായി പ്രധാനമന്ത്രി അറിയിച്ചു.
ഷെയ്ഖ് നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിനോട് ആദരസൂചകമായി ഇന്ന് ഡിസംബർ 17 ന് ഇന്ത്യ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്ത്യയിലുടനീളവും വിദേശത്തും വിലാപ ദിനമായി ആചരിച്ചു. ലോകമെമ്പാടുമുള്ള സർക്കാർ കെട്ടിടങ്ങളിലും ദേശീയ പതാക പകുതി താഴ്ത്തുകയും എല്ലാ ഔദ്യോഗിക വിനോദ പരിപാടികളും റദ്ദാക്കുകയും ചെയ്തു. കുവൈറ്റിൽ ഇന്ത്യൻ എംബസിയിൽ ഇന്ത്യൻ ദേശീയ പതാക പകുതി താഴ്ത്തി പറന്നു. ബഹുമാനപ്പെട്ട മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി ഇന്ന് കുവൈറ്റിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരോടും ഇന്ത്യൻ സമൂഹത്തോടും ഒപ്പം ചേർന്ന് അന്തരിച്ച അമീറിന്റെ വിയോഗത്തിൽ 2 മിനിറ്റ് മൗനം ആചരിച്ചുകൊണ്ട് ആദരാഞ്ജലികൾ അർപ്പിക്കുകയുണ്ടായി.