ഖത്തറിലെ മുൻ ഇന്ത്യൻ നാവികരുടെ വധശിക്ഷ ഒഴിവാക്കാൻ നീക്കം
ന്യൂഡൽഹി: ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങളുടെ മോചനത്തിനായി നടപടി ഊർജ്ജിതമാക്കി ഇന്ത്യ. വധശിക്ഷയ്ക്കെതിരായ അപ്പീൽ നടപടികൾ പുരോഗമിക്കുകയാണെന്നും നല്ല ഫലം പ്രതീക്ഷിക്കുന്നതായും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഇക്കാര്യത്തിൽ ഖത്തർ അധികൃതരുമായി ഇന്ത്യ ഇടപെടൽ നടത്തുന്നുണ്ട്. ഇന്ത്യൻ പൗരന്മാർക്ക് എല്ലാ നിയമപരവും കോൺസുലർ സഹായവും സർക്കാർ തുടർന്നും നൽകുമെന്നും അരിന്ദം ബാഗ്ചി അറിയിച്ചു.
ഒക്ടോബർ 26ന് ആണ് എട്ട് ഇന്ത്യക്കാർക്കും ഖത്തർ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി വധശിക്ഷ വിധിച്ചത്. ഈ വിധിയെ ഞെട്ടിക്കുന്നതാണെന്ന് ഇന്ത്യ വിശേഷിപ്പിക്കുകയും കേസിലെ എല്ലാ നിയമ സാധ്യതകളും പരിശോധിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ദിവസങ്ങൾക്ക് ശേഷം ഇന്ത്യ വധശിക്ഷയ്ക്കെതിരെ അപ്പീൽ സമർപ്പിച്ചു.
'ഖത്തറിന്റെ അപ്പീൽ കോടതിയിൽ ഒരു അപ്പീൽ ഫയൽ ചെയ്തിട്ടുണ്ട്. ഈ വിഷയത്തിൽ ഞങ്ങൾ ഖത്തർ അധികാരികളുമായി ആശയവിനിമയം തുടരുകയാണ്. കൂടാതെ അവർക്ക് എല്ലാ നിയമപരവും കോൺസുലാർ സഹായവും ഞങ്ങൾ തുടർന്നും നൽകും. കേസിന്റെ സെൻസിറ്റീവ് സ്വഭാവം കണക്കിലെടുത്ത് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് എല്ലാവരോടും വീണ്ടും അഭ്യർത്ഥിക്കുന്നു.', ബാഗ്ചി പറഞ്ഞു.