ജാഹ്‌റയിൽ പുതിയ ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെൻ്റർ ഉദ്ഘാടനം ചെയ്തു
കുവൈറ്റ് സിറ്റി : കുവൈറ്റിലെ ജാഹ്‌റയിൽ പുതിയ ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെൻ്റർ ഉദ്ഘാടനം ചെയ്തു. ബഹു: ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈകയാണ് ഇന്ന് പുതിയ (ഐസിഎ സി) സെൻ്റർ ന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. എംബസിയുടെ ഔട്ട്‌സോഴ്‌സിംഗ് പങ്കാളിയായ മെസ്സേർസ് ബിഎൽഎസ് ഇൻ്റർനാഷണൽ ആയിരിക്കും പുതിയ ഐസിഎസി നിയന്ത്രിക്കുക. കുവൈറ്റിലെ ഇത്തരത്തിലുള്ള നാലാമത്തെ ഐസിഎസിയാണ് ജഹ്‌റയിൽ ആരംഭിച്ചിട്ടുള്ളത്. കുവൈത്ത് സിറ്റി, ഫഹാഹീൽ, ജിലീബ് എന്നിവിടങ്ങളിലാണ് മറ്റ് മൂന്ന് ഔട്ട് സൗർസിങ് കേന്ദ്രങ്ങൾ പ്രവർത്തിച്ചു വരുന്നത്.
ഏപ്രിൽ 1 മുതൽ കോൺസുലർ, പാസ്‌പോർട്ട്, വിസ സേവനങ്ങൾ ഈ കേന്ദ്രത്തിൽ ലഭ്യമാവും. ബ്ലോക്ക് നമ്പർ 93, ജഹ്‌റ, അൽ ഖലീഫ ബിൽഡിംഗ് നമ്പർ 27, രണ്ടാം നില, ഓഫീസ് 3 ,14, എന്നാണ് ജാഹ്‌റ കേന്ദ്രത്തിന്റെ അഡ്ഡ്രസ്സ്. കുവൈറ്റികൾക്കുള്ള ഇന്ത്യൻ വിസകൾ സുഗമമാക്കുന്നതിനുള്ള മറ്റൊരു ചുവടുവയ്പ്പാണ് ജഹ്‌റ ഐസിഎസി. ജഹ്‌റയിലും സമീപ ങ്ങളിലും അബ്ദാലി വരെയുള്ള പ്രദേശങ്ങളിലും താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ആംനസ്റ്റിയുമായി ബന്ധപ്പെട്ട യാത്രാ രേഖകൾ ഉൾപ്പെടെ വിവിധ കോൺസുലർ സേവനങ്ങൾ രാവിലെ 9 മുതൽ ഉച്ചക്ക് 2 മണി വരെ ശനി മുതൽ വ്യാഴം വരെ പുതിയ കേന്ദ്രത്തിൽ ലഭ്യമാണ്.
പുതിയ സൗകര്യം കൂടുതൽ കാര്യക്ഷമമാക്കുകയും കാത്തിരിപ്പ് സമയം കുറയ്ക്കുകയും എല്ലാ അപേക്ഷകർക്കും തടസ്സമില്ലാത്ത അനുഭവം ഉറപ്പാക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. പൊതുസേവനങ്ങൾ കൂടുതൽ ആക്‌സസ് ചെയ്യാവുന്നതും തടസ്സരഹിതവും സാങ്കേതികവിദ്യാധിഷ്ഠിതവുമാക്കാനുള്ള ഇന്ത്യാ ഗവർമെന്റിന്റെ നയത്തിന്റെ ഭാഗമാണ് പുതിയ കേന്ദ്രം അനുവദിച്ചിട്ടുള്ളത്. ഇന്ത്യയിലേക്കുള്ള കുവൈറ്റ് സന്ദർശകരുടെ എണ്ണം വർഷങ്ങളായി വർദ്ധിച്ചുകൊണ്ടിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. കുവൈറ്റിനും മൂന്നാം രാജ്യ പൗരന്മാർക്കും എംബസി മൾട്ടിപ്പിൾ എൻട്രി ഇന്ത്യൻ ടൂറിസ്റ്റ് വിസകൾ സാധാരണയായി ഒരു ദിവസത്തിനുള്ളിൽ നൽകുന്നു. 2023ൽ ഏകദേശം 10000 വിസകളാണ് ഇത്തരത്തിൽ നൽകിയിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്ക് എംബസിയുടെ ഔദ്യോഗിക വെബ്സൈറ്റ് (www.indembkwt.gov.in) അല്ലെങ്കിൽ M/s BLS വെബ്സൈറ്റ് (www.blsinternational.com/india/kuwait/) സന്ദർശിക്കാവുന്നതാണ്.