ശബരിമലയിൽ പരിശോധന ശക്തമാക്കി; 195 കേസുകൾ രജിസ്റ്റർ ചെയ്ത് എക്സൈസ്
ശബരിമലയിൽ പരിശോധന ശക്തമാക്കി; 195 കേസുകൾ രജിസ്റ്റർ ചെയ്ത് എക്സൈസ്
ശബരിമല: ലഹരി വസ്തുകൾക്ക് നിരോധനമുള്ള ശബരിമലയിലും പരിസര പ്രദേശങ്ങളിലും മകരവിളക്കിനോട് അനുബന്ധിച്ച് എക്സൈസ് പരിശോധന ശക്തമാക്കി. നിലവിൽ 65 പരിശോധനകളിലായി 195 കേസുകൾ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 72 കേസുകൾ രജിസ്റ്റർ ചെയ്യുകയും 14,400 രൂപ പിഴ ഈടാക്കുകയും ചെയ്തു. സന്നിധാനത്ത് 40 കേസുകളിലായി 8,000 രൂപയും പിഴ ഈടാക്കി. 26 ഹോട്ടലുകളും 28 ലേബർ ക്യാമ്പുകളിലും പരിശോധന നടത്തി. തൊഴിലാളികൾ ഉൾപ്പെടെയുള്ള ആളുകൾ പുകയില ഉല്പന്നങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന വിവരം കിട്ടിയതോടെയാണ് പരിശോധന ശക്തമാക്കിയത്. പിടിച്ചെടുത്ത ഉല്പനങ്ങൾ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം നശിപ്പിക്കുകയും ചെയ്തിരുന്നു. വരും ദിവസങ്ങളിലും സന്നിധാനത്തും മറ്റു മേഖലകളിൽ പരിശോധന ശക്തമാക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.