അക്ഷയ കേന്ദ്രത്തിലെ ആധാർ യന്ത്രം ഹാക്ക് ചെയ്ത് വ്യാജ ആധാർ കാർഡുകൾ നിർമ്മിച്ച സംഭവത്തില്‍ അന്വഷണം
മലപ്പുറം: തിരൂരിലെ അക്ഷയ കേന്ദ്രത്തിലെ യന്ത്രം ഹാക്ക് ചെയ്ത് വ്യാജ ആധാര്‍ കാര്‍ഡുകള്‍ നിര്‍മ്മിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സൈബര്‍ ക്രൈം വിഭാഗമാണ് അന്വേഷണം നടത്തുന്നത്. ജനുവരി 12നാണ് തിരൂർ ആലിങ്ങലിലെ അക്ഷയ കേന്ദ്രത്തിലേക്ക് ഡൽഹിയിലെ യു ഐ ഡി അഡ്മിൻ ആണെന്ന് പരിചയപ്പെടുത്തിയ ആളുടെ ഫോൺ കോൾ എത്തിയത്. അക്ഷയയിലെ ആധാർ മെഷീൻ 10000 എൻറോൾമെന്‍റ് പൂർത്തിയാക്കിയതിനാൽ വെരിഫിക്കേഷൻ ആവശ്യമാണെന്നായിരുന്നു പറഞ്ഞത്. പരിശോധനയുടെ ഭാഗമായി എനി ഡസ്ക് എന്ന സോഫ്റ്റ്‌വെയർ കണക്ട് ചെയ്യാൻ നിർദ്ദേശിച്ചു. ഒരാളുടെ ആധാർ എൻറോൾമെന്‍റ് നടത്താനും ആവശ്യപ്പെട്ടു. ആധാര്‍ യന്ത്രം ഹാക്ക് ചെയ്ത് 38 വ്യാജ ആധാര്‍ കാര്‍ഡുകളാണ് നിര്‍മ്മിച്ചത്. യൂനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി നടത്തിയ പരിശോധനയിലായിരുന്നു വ്യാജ ആധാര്‍ നിര്‍മ്മിച്ച വിവരം കണ്ടെത്തിയത്.
വ്യാജ ആധാറുകള്‍ റദ്ദാക്കുകയും തീരൂരിലെ ആധാര്‍ യന്ത്രം മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വ്യാജമായി നിര്‍മ്മിച്ച ആധാറുകളുടെ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്തത് തിരൂരിലെ മെഷീനില്‍ നിന്നാണെങ്കിലും വിരലിന്റെയും കണ്ണിന്റെയും അടയാളങ്ങള്‍ ഉള്‍പ്പടെ ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്.