തൊഴിലുറപ്പ് കൊണ്ടുവന്നത്
കോണ്‍ഗ്രസ് സര്‍ക്കാര്‍
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 2004 ലെ മാനിഫെസ്റ്റോയില്‍ തൊഴില്‍ ചെയ്യാനുള്ള അവകാശം ഉറപ്പ് വരുത്തുമെന്ന് പറഞ്ഞതനുസരിച്ചു 2005 ലാണ് തൊഴില്‍ ഉറപ്പ് നിയമം പാസ്സാക്കിയത്. മഹാത്മ ഗാന്ധി തൊഴിലുറപ്പ് നിയമം പാസാക്കിയത് മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരാണ്.
തൊഴിലുറപ്പ് നിയമവും വിവരാവകാശനിയമവും അതുപോലെ പഞ്ചായത്ത് രാജ് നിയമവും കോണ്‍ഗ്രസ് പാര്‍ട്ടി നയിച്ച സര്‍ക്കാരുകള്‍ നടപ്പാക്കിയ വലിയ മാറ്റങ്ങളാണ്.
എഐസിസി 1931 ലെ കറാച്ചി പ്രമേയത്തില്‍ തൊഴില്‍ ചെയ്യാനുള്ള അവകാശത്തെക്കുറിച്ച് (റൈറ്റ് ടു വര്‍ക്ക്) കൃത്യമായി പറയുന്നുണ്ട്. അന്ന് ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നത് മൈക്രോസ്‌കോപ് വച്ചു നോക്കിയാല്‍പോലും ഇല്ലായിരുന്നു. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഉണ്ടായത് 1939 ലാണ്. 2004 ലെ കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പറഞ്ഞതാണ് മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. അതില്‍ സിപിഎമ്മിന് ഒരു റോളും ഇല്ല. സിപിഎമ്മിന്റെ 2004 ലെ മാനിഫെസ്റ്റോയിലും ഇക്കാര്യമില്ല. സിപിഎം ഭരിച്ച ബംഗാളിലും ത്രിപുരയിലുമല്ല തുടങ്ങിയത്; കോണ്‍ഗ്രസ് ഭരിച്ച മഹാരാഷ്ട്രയിലാണ്.
ആരാണ് തൊഴില്‍ ഉറപ്പ് പദ്ധതി കൊണ്ടുവന്നത്?
യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന തൊഴിലുറപ്പ് പദ്ധതി ഇടതുപക്ഷത്തിന്റെ പ്രേരണയാലാണ് നടപ്പാക്കിയതെന്നാണ് സിപിഎം അവകാശപ്പെടുന്നത്. ഇത് വസ്തുതാവിരുദ്ധമാണ്. 2004 ലെ കോണ്‍ഗ്രസ് മാനിഫെസ്റ്റോയില്‍ വാഗ്ദാനം ചെയ്ത തൊഴിലുറപ്പ് പദ്ധതി എന്ന ആശയം അതിനൊക്കെ മുമ്പ് തന്നെ കോണ്‍ഗ്രസ് നടപ്പാക്കിയതാണ്.
തൊഴിലുറപ്പ് 'റൈറ്റ് ടു വര്‍ക്ക്' എന്നതിന്റെ ക്യാമ്പയിന്‍ നടത്തിയതുപോലും അരുണറോയിയും, (Jean Dreaz) ഈ ലേഖകന്‍ ഉള്‍പ്പെടെയുള്ള സിവില്‍ സമൂഹ നെറ്റ്‌വര്‍ക്കാണ്. അതിന്റെ ഭാഗമായി പ്രവര്‍ത്തിച്ചതുകൊണ്ട് നാള്‍വഴികള്‍ വളരെ കൃത്യമായി അറിയാം.
എന്‍ആര്‍ഇജിഎയുടെ യഥാര്‍ത്ഥ ഉത്ഭവം മഹാരാഷ്ട്രയിലെ ഇജിഎസില്‍ (Employment Guarantee scheme) നിന്നാണ്. വരള്‍ച്ചയെ നേരിടാന്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഗാന്ധിയന്‍ ആശയമായ റൈറ്റ് ടു വര്‍ക്ക് എന്ന ആശയത്തെയും ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍ 21, ആര്‍ട്ടിക്കിള്‍ 39 (മ), ആര്‍ട്ടിക്കിള്‍ 41 എന്നിവ വിഭാവനം ചെയ്ത ഇജിഎസ് തുടങ്ങിയത് 1972 ലാണ്. ആ ആശയം കൊണ്ടുവന്നതും നടപ്പാക്കിയതും മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. അത് നിയമമായത് 1978 ലാണ്. ഇന്ദിരഗാന്ധി 1980 ല്‍ കൊണ്ടുവന്ന ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എന്‍ആര്‍ഇപി) 1980-89, ദേശീയ ഗ്രാമീണ ഭൂരഹിത തൊഴിലുറപ്പ് പദ്ധതി (ആര്‍എല്‍ഇജിപി) 1983-89, അത് കഴിഞ്ഞു വന്ന ജവഹര്‍ റോസ്ഗാര്‍ യോജന (ജെആര്‍വൈ) 1989-99, തൊഴിലുറപ്പ് സ്‌കീം (ഇഎഎസ്) 1993-99 എന്നിവയുടെ തുടര്‍ച്ചയായിട്ടാണ് എംഎന്‍ആര്‍ഇജിഎ നടപ്പാക്കിയത്.
ആദ്യമായി ഈ നിയമം നിര്‍ദേശിച്ചത് 1991 ല്‍ നരസിംഹറാവു സര്‍ക്കാരിന്റെ കാലത്താണ്. 1993 ഒക്ടോബറിലാണ് തൊഴിലുറപ്പ് പദ്ധതി (ഇഎഎസ്) നടപ്പാക്കിയത്. കാര്‍ഷിക മേഖലയില്‍ തൊഴില്‍ ഇല്ലാത്ത സമയത്തു തൊഴില്‍ നല്‍കാനുള്ളതാണ് സോഷ്യല്‍ പ്രൊട്ടക്ഷന്‍ പ്രോഗ്രാം. അതുകഴിഞ്ഞു ഇഎഎസ് 2001ല്‍ സമ്പൂര്‍ണ ഗ്രാമീണ റോസ്ഗാര്‍ യോജനയുമായി ലയിച്ചു.
ആ സാഹചര്യത്തിലാണ് തൊഴില്‍ ഉറപ്പ് നിയമം വേണമെന്ന ക്യാമ്പയിന്‍ തുടങ്ങിയത്. അതിലൊന്നും സിപിഎമ്മിനു ഒരു പങ്കുമില്ലായിരുന്നു.
2002 ല്‍ സോണിയ ഗാന്ധിയാണ് കോണ്‍ഗ്രസ് ഭരണത്തില്‍ വന്നാല്‍ നാഷണല്‍ റൂറല്‍ എംപ്ലോയ്മെന്റ് ആക്ട് നടപ്പാക്കുമെന്ന് പറഞ്ഞത്. അങ്ങനെയാണ് 2004 ലെ കോണ്‍ഗ്രസ് മാനിഫെസ്റ്റോയുടെ ഭാഗമാക്കാം എന്ന് സോണിയാജി ഉറപ്പ് തരുന്നത്. അതുപോലെ തന്നെ വിവരവകാശ നിയമവും. തെരഞ്ഞെടുപ്പിന് ശേഷം അതു യുപിഎ കോമണ്‍ മിനിമം പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയതും യുപിഎ ചെയര്‍പേഴ്‌സണായിരുന്ന സോണിയ ഗാന്ധിയാണ്.
യുപിഎ ഭരണത്തിലേറിയ ഉടനെ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ദേശീയ ഉപദേശക സമിതി രൂപീകരിച്ചു. അതില്‍ അരുണ റോയി (ഖലമി ഉൃലമ്വ), എന്‍ സി സക്‌സേന ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടായിരുന്നു. ആ കമ്മറ്റിയാണ് തൊഴില്‍ ഉറപ്പ് നിയമത്തിന്റെ ഡ്രാഫ്റ്റ് തയാറാക്കുന്നതിന് സഹായിച്ചത്.
അങ്ങനെയാണ് 2005 ഓഗസ്റ്റ് 23ന് നാഷണല്‍ റൂറല്‍ എംപ്ലോയ്മെന്റ് ആക്ട് നിലവില്‍ വന്നത്. അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ആയിരുന്നു. 1991 ല്‍ ദാരിദ്ര്യനിര്‍മാര്‍ജനത്തിന് ആദ്യമായി ഇത് നിര്‍ദേശിച്ച സര്‍ക്കാരില്‍ മന്‍മോഹന്‍ സിങ് ധനകാര്യ മന്ത്രിയായിരുന്നു. മഹാത്മഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്മെന്റ് ആക്ട് (എന്‍ആര്‍ഇജിഎ) നടപ്പിലായത് 2009 ലാണ്. അതും കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ ഉണ്ടായിരുന്നു. അതിനു വേണ്ടി ആദ്യമായി ആവശ്യങ്ങള്‍ ഉന്നയിച്ചതും സിവില്‍ സൊസൈറ്റി കാമ്പൈനാണ്.
ഒന്നാം യുപിഎ സര്‍ക്കാര്‍ നടപ്പാക്കിയ എല്ലാ പുരോഗമന നിയമനിര്‍മാണങ്ങളും നയരൂപീകരണവും ഇടതുപക്ഷ പാര്‍ട്ടികളുടെ ശ്രമംമൂലമാണ് എന്ന് ചിലര്‍ വാദിക്കുന്നതുകൊണ്ടാണ് ഇത്രയും എഴുതിയത്. ഈ കാമ്പൈയ്‌നിന്റെയെല്ലാം ഭാഗമായി സജീവമായി ഉണ്ടായിരുന്ന ഈ ലേഖകന്‍, തൊഴിലുറപ്പ് നിയമങ്ങള്‍ക്കായുള്ള സിവില്‍ സൊസൈറ്റി പ്രവര്‍ത്തനങ്ങളെ ആധാരമാക്കി ഗവേഷണം നടത്തുകയും എന്‍സിഎഎസ് അത് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെ ആധാരമാക്കിയാണ് ഡോക്യുമെന്റേഷന്‍ പൂര്‍ത്തീകരിച്ചത്. 'എട്ടുകാലി മമ്മൂഞ്ഞ് ' പോലെ ഇന്ത്യയില്‍ തൊഴില്‍ ഉറപ്പ് 'ഞമ്മളാണ്' കൊണ്ടു വന്നത് എന്ന തരത്തില്‍ സിപിഎം നടത്തുന്ന അവകാശ വാദം അടിസ്ഥാനരഹിതമാണ്.