'വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുന്നതാണ് നല്ലത്': മുഖ്യമന്ത്രിക്കെതിരെ വി ഡി സതീശന്‍
തിരുവനന്തപുരം: യാക്കോബായ സഭ നിരണം മുന്‍ ഭദ്രസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരായ മുഖ്യമന്ത്രിയുടെ 'വിവരദോഷി' പരാമർശത്തില്‍ വിമർശിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുന്നതാണ് നല്ലത്. മുഖ്യമന്ത്രിയെ സഹായിക്കാൻ മന്ത്രി മുഹമ്മദ് റിയാസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും വി ഡി സതീശൻ പരിഹസിച്ചു.
'ധാര്‍ഷ്ട്യമില്ലെന്നാണ് നിങ്ങള്‍ പറയുന്നത്. ഇടതുപക്ഷ സഹയാത്രികനായിരുന്ന ബിഷപ്പിനെയല്ലേ നിങ്ങളുടെ മുഖ്യമന്ത്രി വിവരദോഷിയെന്ന് വിളിച്ചത്. ഞാന്‍ ഇനി ഒന്നും പറയുന്നില്ല. പറഞ്ഞാല്‍ അണ്‍പാര്‍ലമെന്ററിയാവും. മുഖ്യമന്ത്രി പലകാലത്തായി ഉപയോഗിച്ച വാക്കുകളുണ്ട്. സംസാരിക്കുന്ന വാക്കുകള്‍ നിയമസഭാ രേഖയില്‍ നിന്നും നീക്കം ചെയ്യപ്പെടരുതെന്ന് എനിക്ക് ആഗ്രഹമുണ്ട്. പിതാവിനെ വിവരദോഷിയെന്ന് വിളിച്ചപ്പോള്‍ മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ പാവം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അല്ലാതെ ആരെയും കണ്ടില്ലല്ലേ. ഒറ്റ എംഎല്‍എയെയും മന്ത്രിയെയും കണ്ടില്ല. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുന്നതാണ് എല്ലാവര്‍ക്കും നല്ലത്.' വി ഡി സതീശന്‍ പറഞ്ഞു.