അത് ജീവന്റെ തുടിപ്പല്ല: മുണ്ടക്കൈയില്‍ പരിശോധന അവസാനിപ്പിച്ചു
മേപ്പാടി: ഉദ്വേഗത്തിന്റെ മണിക്കൂറുകള്‍ക്കൊടുവില്‍ ആ പ്രതീക്ഷയും അസ്തമിച്ചു, ദുരന്തഭൂമിയായ മുണ്ടക്കൈയില്‍ ജീവന്റെ തുടിപ്പ് തേടിയുള്ള പരിശോധന നിര്‍ത്തി. റഡാറില്‍ ജീവന്റെ സാന്നിധ്യമുള്ള സിഗ്‌നലുകല്‍ ലഭിച്ചതോടെയാണ് പരിശോധന നടത്തിയത്. ആദ്യം രണ്ടു തവണ റഡാര്‍ പരിശോധന നടത്തി മണ്ണു മാറ്റിയെങ്കിലും ഒന്നും കണ്ടെത്താനാകാതെ വന്നതോടെ രക്ഷാദൗത്യം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചിരുന്നു.
പിന്നാലെ മൂന്നാമതും റഡാര്‍ പരിശോധന നടത്തി. മൂന്നാമതും സിഗ്‌നലില്‍ ജീവന്റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് മണ്ണു മാന്തി ഉള്‍പ്പെടെ ഉപയോഗിച്ച് പരിശോധന നടത്തുന്നത്. ജീവന്റെ തുടിപ്പ് തേടി രാത്രിയിലും അത്യപൂര്‍വ രക്ഷാദൗത്യമാണ് പ്രദേശത്ത് നടന്നത്. റഡാര്‍ പരിശോധനയില്‍ മണ്ണിനടിയില്‍നിന്ന് ലഭിച്ച രണ്ടു സിഗ്‌നലുകളും ശക്തമായതിനാലാണ് പരിശോധന തുടരാന്‍ തീരുമാനിച്ചത്. മൂന്നു മീറ്റര്‍ താഴ്ചയില്‍നിന്നാണ് ശ്വാസമിടിപ്പിന്റെ സിഗ്‌നലുകള്‍ ലഭിച്ചത്. മനുഷ്യനോ, ജീവികളോ ആകാമെന്ന നിഗമനത്തിലാണ് ദൗത്യസംഘം. ദുര്‍ഘടമായ സാഹചര്യത്തില്‍ അതീവ ശ്രദ്ധയോടെയായിരുന്നു പരിശോധന. വീടിന്റെ അടുക്കള ഭാഗത്താണ് പരിശോധന നടത്തിയത്. വീട്ടിലെ മൂന്നുപേരെ കാണാതായിട്ടുണ്ട്. തിരച്ചിലിനായി ഫ്‌ലഡ് ലൈറ്റുകളെല്ലാം സ്ഥലത്തെത്തിച്ചിരുന്നു.
പ്രദേശത്തിന്റെ നിയന്ത്രണം പൂര്‍ണമായി സൈന്യം ഏറ്റെടുത്തു. ഒടുവില്‍ റഡാര്‍ സംഘം അതൊരു മനുഷ്യശ്വാസത്തിന്റെ സിഗ്‌നലല്ലെന്നും ജീവികളുടേതാകാമെന്നും ഉറപ്പിക്കുകയായിരുന്നു. തിരച്ചിലില്‍ ഒന്നും കണ്ടെത്താനായില്ല. നേരത്തെ, സിഗ്‌നല്‍ ലഭിച്ച സ്ഥലത്ത് മണ്ണും കല്ലും നീക്കി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. രണ്ടാമതും റഡാര്‍ പരിശോധന നടത്തിയപ്പോഴും ജീവന്റെ തുടിപ്പ് കണ്ടെത്തി. മുണ്ടക്കൈ അങ്ങാടിയില്‍ അത്യാധുനിക തെര്‍മല്‍ ഇമേജ് റഡാര്‍ (ഹ്യൂമന്‍ റെസ്‌ക്യൂ റഡാര്‍) ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മണ്ണിനടിയില്‍ രണ്ടു തവണ സിഗ്‌നല്‍ ലഭിച്ചത്. തുടര്‍ന്ന് കലുങ്കിനുള്ളിലിറങ്ങി മണ്ണും കല്ലും മാറ്റി രക്ഷാപ്രവര്‍ത്തകര്‍ പരിശോധന നടത്തുകയായിരുന്നു.
വീടും കടയും ചേര്‍ന്ന കെട്ടിടം നിന്നിരുന്ന സ്ഥലത്താണ് സിഗ്‌നല്‍ കാണിച്ചത്. ഇതനുസരിച്ച് കട നിന്നിരുന്ന സ്ഥലത്തെ മണ്ണും കോണ്‍ക്രീറ്റ് ഭാഗങ്ങളും മാറ്റിയാണ് പരിശോധന നടത്തിയത്. 50 മീറ്റര്‍ ചുറ്റളവിലാണ് സിഗ്‌നല്‍ ലഭിച്ചത്. ശ്വസനവും ജീവനുമുള്ള വസ്തുക്കളുടെ ബ്ലൂ സിഗ്‌നലാണ് ലഭിച്ചത്. റഷ്യന്‍ നിര്‍മിത റഡാര്‍ ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. ഈ വീട്ടില്‍നിന്ന് മൂന്നുപേരെ കാണാതായിരുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കും മണ്‍കൂമ്പാരത്തിനുമടിയില്‍ നിശ്ചിത താഴ്ചയിലും പരപ്പിലും ജീവന്റെ ഒരു കണികയെങ്കിലുമുള്ള മനുഷ്യരോ മൃഗങ്ങളോ ഉണ്ടെങ്കില്‍ റഡാറില്‍ സിഗ്‌നല്‍ കാണിക്കും.
സിഗ്‌നല്‍ ലഭിച്ചതോടെ ഹിറ്റാച്ചി ഉപയോഗിച്ച് ഏറെ ശ്രദ്ധയോടെയാണ് മണ്ണ് നീക്കിയത്. 40 ഇഞ്ച് കോണ്‍ക്രീറ്റ് പാളിക്കടിയില്‍ വരെ ആളുണ്ടെങ്കില്‍ സിഗ്‌നല്‍ കാണിക്കും. പ്രദേശത്ത് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സേനയും സൈനികരും മറ്റ് സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുമുണ്ട്. വെള്ളിയാഴ്ച രാവിലെ പടവെട്ടിക്കുന്നില്‍ സൈന്യം നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് നാലുപേരെ ജീവനോടെ കണ്ടെത്തിയിരുന്നു.
ദുരന്തത്തിന്റെ നെഞ്ചുലക്കുന്ന കാഴ്ചകള്‍ക്കിടയിലാണ് പ്രതീക്ഷ പകരുന്ന പുതിയ വാര്‍ത്തയെത്തിയത്. രണ്ടു സ്ത്രീകളെയും രണ്ടു പുരുഷന്മാരെയുമാണ് രക്ഷപ്പെടുത്തിയത്. ജോണി, ജോമോള്‍, എബ്രഹാം മാത്യു, ക്രിസ്റ്റി എന്നിവരെയാണ് രക്ഷപ്പെടുത്തിയതെന്ന് തിരിച്ചറിഞ്ഞു. ഏറെ ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് നാലുപേരെ ജീവനോടെ സൈന്യം കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെ വ്യോമമാര്‍ഗം സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി.
നാലുദിവസമായി ഒരു വീട്ടില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു ഇവര്‍. രക്ഷപ്പെടുത്തിയ പെണ്‍കുട്ടിയുടെ കാലിന് പരിക്കുണ്ട്. ജീവനോടെ രക്ഷപ്പെടുത്താന്‍ ആരും ബാക്കിയില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം സൈന്യം അറിയിച്ചിരുന്നത്. അതിനിടെയാണ് നാലുപേരെ ജീവനോടെ കണ്ടെത്തിയത്. ജീവന്റെ തുടിപ്പ് തേടി സൈന്യം ഓരോയിടത്തും തിരച്ചില്‍തുടരുകയാണ്.