ഹത്രാസ് ദുരന്തത്തിനു കാരണമായത് പെട്ടെന്നുണ്ടായ തിക്കും തിരക്കുമെന്ന് റിപ്പോര്‍ട്ട്
ഹത്രാസ്: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ 121 പേരുടെ മരണത്തിനിടയാക്കിയ പ്രാര്‍ഥന യോഗത്തില്‍ ദുരന്തത്തിനു കാരണമായത് പെട്ടെന്നുണ്ടായ തിക്കും തിരക്കുമെന്ന് റിപ്പോര്‍ട്ട്. പ്രത്യേക അന്വേഷണ സംഘം യോഗി ആദിത്യനാഥ് സര്‍ക്കാരിനാണ് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആഗ്ര അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് അനുപം കുല്‍ശ്രേഷ്ഠ, അലിഗഡ് ഡിവിഷണല്‍ കമ്മീഷണര്‍ ചൈത്ര. വി എന്നിവര്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
സ്വയം പ്രഖ്യാപിത ആള്‍ ദൈവം സാകര്‍ വിശ്വ ഹരി ഭോലെ ബാബയുടെ പ്രാര്‍ഥന സംഗമത്തിലാണ് തിരക്കില്‍ പെട്ട് 121 പേര്‍ ദാരുണമായി കൊല്ലപ്പെട്ടത്. സംഗമത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ ഉള്‍പ്പെടെ 128 സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാന ആഭ്യന്തര വകുപ്പിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രി ആദിത്യനാഥ് ഇന്ന് പരിശോധിക്കും. ജൂലൈ രണ്ടിന് നടന്ന പരിപാടിയുടെ മുഖ്യ സംഘാടകന്‍ ദേവപ്രകാശ് മധുകര്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ അറസ്റ്റിലായിയിട്ടുണ്ട്. മുഖ്യ സംഘാടകനായ സാകര്‍ വിശ്വ ഹരി ഭോലെ ബാബ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. 50000ത്തിലധികം ആള്‍ക്കാര്‍ ഒത്തുകൂടിയ ചടങ്ങ് അവസാനിക്കുന്നതിനു തൊട്ടു മുമ്പായിട്ടായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തം.
അതിനിടെ, പ്രത്യേക അന്വേഷണ സംഘത്തിനു പുറമെ വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള ജുഡീഷ്യല്‍ പാനലും അന്വേഷണം നടത്തുന്നുണ്ട്.