കള്ളുഷാപ്പിൽ പോകുന്നതുപോലല്ല
ആരാധനാലയങ്ങളിൽ പോകുന്നത്
കേരളത്തിനു ചർച്ച ചെയ്യാൻ എന്തെല്ലാം അടിയന്തിര പ്രശ്നങ്ങളുണ്ട്? പക്ഷേ, കേരളത്തിന്റെ മുഖ്യമന്ത്രി ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നത് അതൊന്നുമല്ല. ഹൈന്ദവ ക്ഷേത്രങ്ങളിൽ നിലനിന്നു പോരുന്നതും പിന്തുടരുന്നതുമായ ആചാരങ്ങൾ സംബന്ധിച്ചു വിവാദങ്ങളുണ്ടാക്കാനാണ് അദ്ദേഹത്തിനിഷ്ടം. അതാകട്ടെ പുതിയതുമല്ല. രാജ്യത്തു തന്നെ ഏറ്റവും കൂടുതൽ തീർഥാടകരെത്തുന്ന മഹാക്ഷേത്രങ്ങളിലൊന്നായ ശബരിമല ക്ഷേത്രത്തിലെ പോലും ആചാരങ്ങൾ ലംഘിക്കാൻ ആഹ്വാനം ചെയ്യുകയും അതിനായി പൊതുഖജനാവിൽ നിന്ന് കോടിക്കണക്കിനു രൂപ ചെലവഴിക്കുകയും ചെയ്ത ആളാണ് നമ്മുടെ മുഖ്യമന്ത്രി. അതിന്റെ പേരിൽ ധാരാളം പഴി കേൾക്കുകയും ഒരു തെരഞ്ഞെടുപ്പ് തന്നെ അമ്പേ പരാജയപ്പെടുകയും ചെയ്തിട്ടും അദ്ദേഹം ഒരു പാഠവും പഠിക്കുന്നില്ല.
അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ക്ഷേത്ര പ്രവേശനത്തിലെ പുതിയ ഷർട്ട് വിവാദം. ശിവഗിരി തീർഥാടനത്തോടനുബന്ധിച്ചു നടത്തിയ ഒരു പ്രഭാഷണത്തിൽ ഷർട്ട് ധരിച്ച് ക്ഷേത്രത്തിൽ കയറുന്നതുമായി ബന്ധപ്പെട്ടു സ്വാമി സച്ചിദാനന്ദ ഒരു അഭിപ്രായം പറഞ്ഞു. കേരളത്തിൽ അറിയപ്പെടുന്ന ആധ്യാത്മികാചാര്യനാണ് സ്വാമി സച്ചിദാനന്ദ. മറ്റെല്ലാ കാര്യങ്ങളിലുമെന്ന പോലെ ക്ഷേത്രാചരങ്ങൾ സംബന്ധിച്ചും അദ്ദേഹത്തിന് അഭിപ്രായം പറയാം. അദ്ദേഹം പറഞ്ഞ കാര്യം ചർച്ച ചെയ്യേണ്ടത് ആധ്യാത്മിക ലോകമാണ്, അല്ലാതെ രാഷ്ട്രീയക്കാരല്ല. പ്രത്യേകിച്ചും കേരളത്തിന്റെ മുഖ്യമന്ത്രിക്ക് അതിൽ ഒരു കാര്യവുമില്ല. ക്ഷേത്രത്തിൽ പോകുന്നവർ ഷർട്ട് ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യുന്നത് ആ വിഭാഗത്തിലെ വിശ്വാസികളുടെ മാത്രം കാര്യമാണ്. അതിന്മേൽ വിശ്വാസികളും അവിശ്വാസികളുമടക്കം എല്ലാ വിഭാഗങ്ങളെയും പ്രതിനിധീകരിക്കേണ്ട മുഖ്യമന്ത്രി അഭിപ്രായം പറയേണ്ട കാര്യമില്ല.
ക്ഷേത്രത്തിൽ പോകുന്നവർ ഷർട്ട് ധരിക്കേണ്ട എന്ന പരസ്യ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ നായർ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് അതിൽ അഭിപ്രായം പറയേണ്ടി വന്നു. ആചാരങ്ങൾ തെറ്റിക്കുന്നതിനോടുള്ള വിയോജിപ്പാണ് സുകുമാരൻ നായർ പറഞ്ഞത്. ശബരിമല വിവാദ കാലത്തും അദ്ദേഹം ഇതേ നിലപാടാണു സ്വീകരിച്ചത്. ആചാരങ്ങൾ വിശ്വാസത്തിന്റെ ഭാഗമാണ്. അതിന്മേൽ താത്പര്യം കൂടുതലുള്ളത് വിശ്വാസികൾക്കാണ്. അവരുടെ വിശ്വാസങ്ങൾ വ്രണപ്പെടുത്തുന്ന നടപടികൾ ആരുടെ ഭാഗത്തു നിന്നും ഉണ്ടാകരുതെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറിയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയും അന്നു മുന്നറിയിപ്പ് നൽകിയിരുന്നു. അതിന്റെ ഫലമാണ് അന്നു കേരളത്തിൽ കാസർഗോഡ് മുതൽ പാറശാല വരെ വിശ്വാസ മതിൽ കെട്ടിയത്.
ശബരിമലയിൽ സ്ത്രീ പ്രവേശനമായിരുന്നു 2019ൽ മുഖ്യമന്ത്രി ഉയർത്തിപ്പിടിച്ചത്. ബ്രഹ്മചാരിയായ ദേവനാണ് ശബരിമല അയ്യപ്പസ്വാമി എന്നതിനാൽ ഋതുമതികളായ സ്ത്രീകൾ ശരീരശുദ്ധി ഇല്ലാത്ത പ്രായത്തിൽ ക്ഷേത്രത്തിൽ വരരുതെന്നത് ശബരിമലയിൽ പണ്ടു മുതൽ നിലനിൽക്കുന്ന ആചാരമാണ്. ഇതു സംബന്ധിച്ച തർക്കത്തിൽ നേരത്തേ കേരള ഹൈക്കോടതി ഈ പാരമ്പര്യത്തിന് നിയമപരമായ ന്യായീകരണം നൽകിയിരുന്നു. 10 മുതൽ 50 വയസ് വരെ പ്രായമുള്ള സ്ത്രീകൾക്കും പെൺകുട്ടികൾക്കും ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് 1991 മുതൽ നിയമപരമായി നിരോധിച്ചിരുന്നു.
എന്നാൽ, 2018 സെപ്റ്റംബറിൽ, സുപ്രീം കോടതിയുടെ ഒരു വിധിപ്രകാരം രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളിലും ഹിന്ദു തീർത്ഥാടകർക്ക് ലിംഗഭേദമില്ലാതെ ക്ഷേത്രത്തിൽ പ്രവേശിക്കാമെന്ന ഉത്തരവുണ്ടായി. "ജൈവശാസ്ത്രപരമായ വ്യത്യാസങ്ങൾ കാരണം സ്ത്രീകൾക്ക് ഏർപ്പെടുത്തുന്ന ഏതൊരു അപവാദവും ഭരണഘടനയുടെ ലംഘനമാണ്" എന്ന് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് അഭിപ്രായപ്പെട്ടു.
സ്ത്രീകൾക്കു മാത്രമായി പ്രത്യേകം ചുമത്തുന്ന നിരോധനം ആർട്ടിക്കിൾ 14 പ്രകാരമുള്ള തുല്യതയ്ക്കുള്ള അവകാശവും ആർട്ടിക്കിൾ 25 പ്രകാരം മതസ്വാതന്ത്ര്യത്തിനുള്ള അവകാശവും ലംഘിക്കുന്നതാണെന്നു കോടതി അഭിപ്രായപ്പെട്ടു.
ലക്ഷക്കണക്കിന് അയ്യപ്പഭക്തരുടെ പ്രതിഷേധത്തിന് ഈ വിധി കാരണമായി. വിധി വന്ന് ഒരു മാസത്തിനുശേഷം, ശാരീരികമായ ആക്രമണ ഭീഷണികൾ വകവയ്ക്കാതെ സർക്കാർ ഒരുക്കിയ സൗകര്യങ്ങളുടെ പിൻബലത്തിൽ പത്തോളം വനിതാ ആക്റ്റിവിസ്റ്റുകൾ ക്ഷേത്രത്തിൽ പ്രവേശിക്കാൻ ശ്രമിച്ചു. അതിനെതിരേ അതിശക്തമായ പ്രതിഷേധവും പ്രക്ഷോഭവും ആളിപ്പടർന്നു. 2019 ജനുവരി രണ്ടിന് അതിരാവിലെ, രണ്ട് വനിതകൾ പ്രതിഷേധത്തെ അവഗണിച്ച് പൊലീസ് സഹായത്തോടെ പിൻഗേറ്റിലൂടെ ശബരിമല ക്ഷേത്രത്തിൽ പ്രവേശിച്ചു. ശബരിമല ക്ഷേത്രത്തിൽ സ്ത്രീകൾ പ്രവേശിച്ചുവെന്നറിഞ്ഞതോടെ ശുദ്ധിക്രിയകൾക്കായി ക്ഷേത്രം പൂജാരിമാരും അധികാരികളും അടപ്പിച്ചു. അതോടെയാണ് ശബരിമല സ്ത്രീപ്രവേശന വിരുദ്ധ പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ടത്.
ശബരിമലയിൽ സ്ത്രീകളോട് ഒരു വിവേചനവുമില്ല. ആർത്തവ പ്രായത്തിനു മുൻപും ശേഷവും അവർക്കു ശബരിമലയിൽ പ്രവേശിക്കാം. ഈ വാദഗതി പിന്നീടു സുപ്രീം കോടതിയും അംഗീകരിച്ചു. ഈ ആചാരമാണ് ഇപ്പോഴും ഇവിടെ നടക്കുന്നത്. വിശ്വാസികൾ പൊരുതി നേടിയ ആചാരസംരക്ഷണമാണ് ഇതെന്നു പറയാം. ഇതു തന്നെയാണ് ഷർട്ടിന്റെ കാര്യത്തിലുമുള്ളത്. കേരളത്തിലെ ക്ഷേത്രങ്ങളിൽ ഷർട്ട് ധരിച്ചു പ്രവേശിക്കരുത് എന്ന് ലിഖിതമായ ഒരു നിയമവുമില്ല. ചില ക്ഷേത്രങ്ങളിൽ മാത്രം അനുവർത്തിച്ചുപോരുന്ന ഒരു ആചാരമാണത്. ശബരിമല ക്ഷേത്രത്തിൽ ഷർട്ട് ധരിച്ചു കയറുന്നതിനു വിലക്കില്ല. എന്നാൽ ഗുരുവായൂർ ക്ഷേത്രത്തിൽ പുരുഷന്മാർ ഷർട്ട് ധരിക്കുന്നതും സ്ത്രീകൾ ചുരിദാർ ധരിക്കുന്നതും നിഷിദ്ധമാണ്.
അയിത്തവും തീണ്ടലും നിലനിന്ന കാലത്തു പോലും ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ ഏതു ജാതിയിലും മതത്തിലും പെട്ടവർക്ക് പ്രവേശനവും ആരാധനയും അനുവദിച്ചിരുന്നു. ഭക്തരുടെ വസ്ത്രങ്ങൾ ഏതു തരത്തിലായിരിക്കണമെന്ന് ഒരു വ്യവസ്ഥയും വച്ചിരുന്നില്ല. ഓച്ചിറ ക്ഷേത്രത്തിന്റെ ഐതിഹ്യം പോലും ദളിത് വിഭാഗത്തിൽപ്പെട്ട ഒരു പാവം കർഷക തൊഴിലാളിയുടെ പേര് പേറുന്നതാണ്.
എന്റെ ജന്മാനാടിനടുത്താണ് പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രം. കേരളത്തിൽ ദുര്യോധന പ്രതിഷ്ഠയുള്ള അത്യപൂർവ ക്ഷേത്രം. 1936 നവംബർ 12ലെ ക്ഷേത്ര പ്രവേശന വിളംബരത്തിനും വളരെ മുൻപേ ഈ ക്ഷേത്രത്തിലെ പ്രധാന പൂജാരി തന്നെ ദളിതനായിരുന്നു. അദ്ദേഹം നല്കുന്ന വിഭൂതി പ്രസാദം സവർണ വിശ്വാസികൾ ഇരുകൈകളും നീട്ടി വാങ്ങി നെറ്റിയിൽ അണിഞ്ഞിരുന്നു. എന്തിനേറെ? ശബരിമല ക്ഷേത്രത്തിൽ പോലും പണ്ടു കാലത്ത് ആദിവാസി ദളിതരായിരുന്നു പ്രധാന കാർമികർ. ഇതെല്ലാം അതാതു കാലത്തെ ആചാരങ്ങളായിരുന്നു.
തിരുവതാംകൂറിലെ അവർണ, ദളിത്, ആദിവാസി ജനവിഭാഗങ്ങൾക്ക് ക്ഷേത്ര പ്രവേശനം അനുവദിച്ചുകൊണ്ടു ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവു പുറപ്പെടുവിച്ച വിളംബരമാണ് ക്ഷേത്രപ്രവേശന വിളംബരം. തിരുവിതാംകൂറിലും പിന്നീടു കേരളമൊട്ടാകെയും സാമൂഹികപുരോഗതിക്കു വഴിമരുന്നിട്ട അതിപ്രധാനമായൊരു നാഴികക്കല്ലായി 1936 നവംബർ 12നു പുറത്തിറങ്ങിയ ഈ വിളംബരം വിശേഷിക്കപ്പെടുന്നു.
ആത്മീയ ജ്ഞാനത്തിനും ബോധത്തിനും ഉണർവിനമുള്ളതാണ് ആരാധനാലയങ്ങൾ. അവിടെ എങ്ങനെ പോകണം, എന്തു ധരിക്കണം, എന്തൊക്കെ ഭക്ഷിക്കണം തുടങ്ങിയവയൊക്കെ തീരുമാനിക്കുന്നത് വിശ്വാസികളുടെ വിശ്വാസത്തിന്റെ പ്രശ്നങ്ങളാണ്. അതിലൊന്നും ഇന്ത്യൻ ഭരണഘടന പ്രത്യേക വ്യവസ്ഥകൾ വച്ചിട്ടില്ല.
കള്ളുഷാപ്പിൽ പോകുന്ന ലാഘവത്തോടെയല്ല ക്ഷേത്രങ്ങളിൽ പോകേണ്ടത്. മനസിനും ശരീരത്തിനും ശുചിത്വവും വിശ്വാസ ദീപ്തമായ ആചാരാനുഷ്ഠാനങ്ങളും അനിവാര്യമാണ്. മറിച്ചുള്ള തീരുമാനങ്ങളെടുപ്പിക്കേണ്ടത് വിശ്വാസികളാണ്. അല്ലാതെ മുഖ്യമന്ത്രിയല്ല.
ദളിതർക്ക് നിഷിദ്ധമായിരുന്ന ക്ഷേത്ര പ്രവേശനം സാധ്യമാക്കിയത് ദളിതരല്ലാത്ത നേതാക്കന്മാർ നയിച്ച ഉജ്വല പോരാട്ടങ്ങളിലൂടെയാണ്. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നതോ ക്ഷേത്രത്തിൽ ഷർട്ടിട്ടു കയറണമെന്നതോ വിശ്വാസികളുടെ ആവശ്യമല്ല. അവരത് ആഗ്രഹിക്കുന്നതുമില്ല. ശബരിമല പ്രവേശനത്തിനു മുന്നിട്ടു നിന്ന സ്ത്രീകൾ വിശ്വാസികളായിരുന്നില്ല. വിശ്വാസത്തിന്റെ പേരിലായിരുന്നില്ല അവർ ക്ഷേത്രത്തിൽ കയറണമെന്നു വാശിപിടിച്ചത്. തുല്യത എന്ന ഭരണഘടനാ സ്വാതന്ത്ര്യം മറയാക്കി, ശബരിമലയിൽ നടത്തിയ തീവ്രവാദ നിലപാടായിരുന്നു അതിനു ശ്രമിച്ച ഏതാനും സ്ത്രീകളുടെ അജൻഡ. അതിനു പൊതുഖജനാവിൽ നിന്നു പണം മുടക്കി സർക്കാർ കൂട്ടു നിന്നു.
അതുപോലെയാണു ക്ഷേത്രത്തിൽ ഷർട്ട് ധരിക്കണോ വേണ്ടയോ എന്ന കാര്യവും. എസ്എൻഡിപി യോഗം നേതൃത്വം നൽകുന്ന ക്ഷേത്രങ്ങളിൽ ഷർട്ട് ധരിച്ചു പ്രവേശനം അനുവദിക്കാമെന്നു യോഗം നേതൃത്വം പറയുന്നു. നമുക്ക് അവിടെ അങ്ങനെ പ്രവേശിക്കാം. എന്നാൽ ഷർട്ട് ധരിച്ച് ചില (എല്ലായിടത്തുമില്ല) ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നത് ആചാരലംഘനമാണെന്ന് എൻഎസ്എസ് നേതൃത്വവും പറയുന്നു. അവിടെ നമുക്ക് അങ്ങനെയും പ്രവേശിക്കാം. അതിൽ മുഖ്യമന്ത്രി എന്തിനാണ് ഇടപെടുന്നത്? മുഖ്യമന്ത്രിക്ക് ഇടപെടാനും അഭിപ്രായം പറയാനും വേറേ എന്തെല്ലാം കാര്യങ്ങളുണ്ട്? സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി മൂലം തദ്ദേശ സ്ഥാപനങ്ങൾ അവയുടെ പദ്ധതി വിഹിതം ഗണ്യമായി വെട്ടിക്കുറച്ചിരിക്കുന്നു. ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപ്പണി മുടങ്ങി. തെരുവ് വിളക്കുകൾ കത്തിക്കാൻ പോലും പണമില്ലാതെ പഞ്ചായത്തുകൾ വലയുന്നു. അതിലൊന്നും ഒരഭിപ്രായവും പറയാതെ അമ്പലത്തിൽ പോകുന്നവരുടെ ഷർട്ടിൽ കയറി പിടിക്കുന്നത് ഒരു മുഖ്യമന്ത്രിക്കു ചേർന്നതല്ല. തുടർച്ചയായ ഭരണപരാജയങ്ങൾക്കു മറപിടിക്കാൻ ഓരോ കാലത്തും വിവാദങ്ങളുണ്ടാക്കി രക്ഷപ്പെടുന്ന മുഖ്യമന്ത്രിയുടെ അടവ് നയം മാത്രമാണ് ഷർട്ട് വിവാദം എന്ന കാര്യത്തിൽ സംശയമില്ല.