പെരിയ ഇരട്ടക്കൊലക്കേസ്: പ്രതികൾക്ക് ഇരട്ട ജീവപര്യന്തം
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ പത്തു പ്രതികൾക്ക് ഇരട്ട ജീവപര്യന്തം. ഒന്ന് മുതൽ 8 വരെ പ്രതികൾക്ക് ഇരട്ട ജീവപര്യന്തം. കൂടാതെ 10 ഉം 12 ഉം പ്രതികൾക്കും ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. കുറ്റവാളികളെന്ന് കണ്ടെത്തിയ 14 പ്രതികളുടെ ശിക്ഷാവിധിയാണ് പ്രഖ്യാപിച്ചത്. സിപിഎം നേതാവും ഉദുമ മുന്‍ എംഎല്‍എയുമായ കെ വി കുഞ്ഞിരാമന്‍, ഉദുമ സിപിഎം മുന്‍ ഏരിയ സെക്രട്ടറി കെ മണികണ്ഠന്‍ ഉള്‍പ്പടെ 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഒന്ന് മുതല്‍ 8 വരെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. കൂടാതെ 10 പ്രതികളെ കുറ്റവിമുക്തരാക്കി. വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. 20 മാസത്തോളം നീണ്ട വിചാരണ നടപടികള്‍ക്ക് ശേഷമാണ് സിബിഐ കോടതി വിധി പറഞ്ഞത്.
കേരളത്തെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത് 2019 ഫെബ്രുവരി 17 നായിരുന്നു. രാത്രി ഏഴരയോടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും കല്യോട്ട് കൂരാങ്കര റോഡിൽ തടഞ്ഞുനിർത്തി പ്രതികൾ ക്രൂരമായി ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ കൃപേഷ് സംഭവസ്ഥലത്തും ശരത്ത് ലാൽ മംഗളൂരൂവിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരണപ്പെട്ടു. കൊല്ലപ്പെടുമ്പോൾ ശരതിന് ഇരുപത്തിമൂന്നും കൃപേഷിന് പത്തൊമ്പതുമായിരുന്നു പ്രായം.