അണപൊട്ടി ആവേശം; പാലക്കാട് കലാശക്കൊട്ട് ആരംഭിച്ചു
പാലാക്കാട്: ഉപതെരഞ്ഞെടുപ്പ് ആവേശം അതിന്റെ അവസാന മണിക്കൂറുകളിലേക്ക് കടന്ന് പാലക്കാട് കൊട്ടിക്കലാശം ആരംഭിച്ചു. 35നാൾ നീണ്ടുനിന്ന ഉപതെരഞ്ഞെടുപ്പ് പരസ്യപ്രചാരണം ഇന്ന് വൈകിട്ട് 6ന് പരിസമാപ്തി കുറിക്കും. ഉച്ചയ്ക്ക് രണ്ടിന് ഒലവക്കോട്ട് നിന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ കൊട്ടിക്കലാശ ഘോഷയാത്ര ആരംഭിച്ചു. അണപൊട്ടിയ ആവേശവുമായി ആയിരക്കണക്കിന് പ്രവർത്തകരാണ് കലാശക്കൊട്ട് ആഘോഷത്തിൽ പങ്കുചേർന്നിരിക്കുന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രവർത്തകർക്ക് എത്തിച്ചേർന്നിട്ടുണ്ട് സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ എല്ലാവരും തന്നെ ഇന്ന് കൊട്ടിക്കലാശത്തിൽ പങ്കുചേർന്നിട്ടുണ്ട്. ഒലവക്കോട് നിന്നും ആരംഭിച്ച കൊട്ടിക്കാലാശം തിരുനെല്ലായി, കെഎസ്ആർടിസി, ഐഎംഎ ജംഗ്ഷൻ, നിരഞ്ജൻ റോഡ് വഴി വൈകിട്ട് 5:30ന് സ്റ്റേഡിയം സ്റ്റാൻഡിന് സമീപം സമാപിക്കും.
വൈകിട്ട് നാലിന് ഗവൺമെന്റ് വിക്ടോറിയ കോളേജ് പരിസരത്തും ആരംഭിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥിയുടെ കൊട്ടിക്കലാശം ഹെഡ് പോസ്റ്റ് ഓഫീസ് സുൽത്താൻപേട്ട ജംഗ്ഷൻ വഴി, സ്റ്റേഡിയം ബസ്റ്റാൻഡ് പരിസരത്ത് തന്നെയാണ് സമാപിക്കുന്നത്. ഉച്ചയ്ക്ക് മേലാമുറിയിൽ നിന്നും ആരംഭിക്കുന്ന എൻഡിഎ സ്ഥാനാർത്ഥിയുടെ കൊട്ടിക്കലാശം ചുണ്ണാമ്പുതറ,കൽപ്പാത്തി, പുത്തൂർ, മണലി ബൈപ്പാസ് വഴി സ്റ്റേഡിയം ബസ്സ്റ്റാൻഡിൽ സമാപിക്കും.