കൊട്ടിക്കലാശം അവസാന മിനിറ്റുകളിലേക്ക്; ആവേശത്തിൽ മുന്നണികൾ
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാന്‍ മിനിറ്റുകൾ ബാക്കി നില്‍ക്കെ , കൊട്ടിക്കലാശത്തിലേക്ക് കടക്കുമ്പോള്‍ മുന്നണികളെല്ലാം വലിയ ആവേശത്തിലാണ്. വൈകിട്ട് നാലോടെ ബിജെപിയുടെയും യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും റോഡ് ഷോ ആരംഭിച്ചു. മൂന്നു മുന്നണികളുടെയും പ്രവര്‍ത്തകരാല്‍ നിറഞ്ഞിരിക്കുകയാണ് പാലക്കാട് നഗര വീഥികള്‍. കൊട്ടിക്കലാശത്തിന് വലിയ ജനസാഗരമാണ് എത്തിയിരിക്കുന്നത്.യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ റോഡ് ഷോ ഒലവക്കോട് നിന്നാണ് ആരംഭിച്ചത്. നീല ട്രോളി ബാഗുമായിട്ടാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ കലാശക്കൊട്ടിനെത്തിയത്. സന്ദീപ് വാര്യരും രമേശ് പിഷാരടിയും റോഡ്ഷോയില്‍ രാഹുലിനൊപ്പമുണ്ട്.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.പി.സരിന്റെ റോഡ്ഷോ വൈകീട്ട് നാലോടെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും ആരംഭിച്ചു. പി സരിനൊപ്പം എംബി രാജേഷും റോഡ് ഷോയില്‍ പങ്കെടുക്കുന്നുണ്ട്. ബിജെപി സ്ഥാനാര്‍ത്ഥി സി.കൃഷ്ണകുമാറിന്റെ റോഡ് ഷോ മേലാമുറി ജങ്ഷനില്‍ നിന്നുമാണ് ആരംഭിച്ചത്.ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനൊപ്പം ശോഭ സുരേന്ദ്രന്, തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയ സ്ഥാനാര്‍ത്ഥികളും റോഡ്ഷോയില്‍ പങ്കെടുക്കുന്നുണ്ട്.