ചാനൽ അവതാരകന്റെ ദ്വയാർത്ഥ പ്രയോഗത്തിൽ നടപടി വേണമെന്ന് ജവഹർ ബാൽമഞ്ച്
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവ റിപ്പോർട്ടിങ്ങിനിടെ റിപ്പോർട്ടർ ടിവി അവതാരകൻ നടത്തിയ ദ്വയാർത്ഥ പ്രയോഗം കേരളത്തിലെ സർക്കാർ സ്പോൺസേർഡ് സാംസ്കാരിക അധപതനത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്ന് ജവഹർ ബാൽമഞ്ച് സംസ്ഥാന ചെയർമാൻ ആനന്ദ് കണ്ണശ കുറ്റപ്പെടുത്തി. ചാനലിനകത്തും പുറത്തും ഇടതുപക്ഷ ആശയങ്ങൾ പ്രചരിപ്പിക്കാൻ വെമ്പൽ കൊള്ളുന്നയാളാണ് കുട്ടികളെ കുറിച്ച് പോലും ദ്വയാർത്ഥ പ്രയോഗം നടത്തിയിരിക്കുന്നത്.
പുരോഗമനത്തിന്റെ പേര് പറഞ്ഞ് കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെ ഇല്ലാതാക്കാനുള്ള ഇടത് അജണ്ടയുടെ പ്രയോക്താക്കളാണ് ഈ നാടിന്റെ ശാപമെന്നും ആനന്ദ് കണ്ണശ പറഞ്ഞു. നാട് നവോത്ഥാനത്തിന്റെ ഭാഗമായി ആർജ്ജിച്ച നന്മകളെ പോലും പ്രാചീനമെന്ന് മുദ്രകുത്തി ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ചെറിയ കുട്ടികളെ കുറിച്ചുപോലും ദ്വയാർത്ഥ പരാമർശങ്ങൾ നടത്തി മാധ്യമപ്രവർത്തനത്തിൽ കേട്ടുകേൾവി ഇല്ലാത്തതരം കോമാളിത്തരങ്ങൾ മാധ്യമ പ്രവർത്തനം എന്ന നിലയിൽ അവതരിപ്പിക്കുകയാണ് ഒരു സംഘം ആളുകൾ. ചാനൽ റേറ്റിംഗ് മാത്രമാണ് ഇത്തരക്കാരുടെ ലക്ഷ്യം. ജീവനക്കാരും ചാനൽ ഉടമകളും സാമ്പത്തിക ലക്ഷ്യം മാത്രം മുൻ നിർത്തി നടത്തുന്ന ഇത്തരം പ്രവർത്തനങ്ങളെ മാധ്യമപ്രവർത്തനം എന്ന് വിശേഷിപ്പിക്കുന്നത് പോലും തെറ്റാണെന്നും ആനന്ദ് കണ്ണശ പറഞ്ഞു. ഇത്തരം കള്ളനാണയങ്ങളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കാൻ ഭരണകൂടം ആർജ്ജവം കാട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കലാപ്രതിഭകളുടെ കഴിവിനെ ഇകഴ്ത്തിക്കാട്ടുന്നതാണ് ചാനൽ അവതാരകന്റെ പദപ്രയോഗങ്ങൾ. കുട്ടികളെ പോലും വെറുതെ വിടാൻ തയ്യാറാകാത്ത ഇത്തരക്കാർ മാധ്യമപ്രവർത്തനം നടത്തുന്നതിലൂടെയും അതുവഴി ഇടത് ആശയങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നതിലൂടെയും നാടിന് എന്ത് സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം ചോദിച്ചു. ഈ വിഷയത്തിൽ പൊലീസ് കേസെടുത്ത് ചാനലിനെയും അവതാരകനെയും മാതൃകാപരമായി ശിക്ഷിക്കണമെന്നും ആനന്ദ് കണ്ണശ ആവശ്യപ്പെട്ടു.