For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ജീവാനന്ദം പദ്ധതി നടപ്പാക്കി നിര്‍ബന്ധപൂര്‍വ്വം ശമ്പളം പിടിച്ചെടുക്കുന്നു: ചവറ ജയകുമാര്‍

06:07 PM Jun 01, 2024 IST | Online Desk
ജീവാനന്ദം പദ്ധതി നടപ്പാക്കി നിര്‍ബന്ധപൂര്‍വ്വം  ശമ്പളം പിടിച്ചെടുക്കുന്നു  ചവറ ജയകുമാര്‍
Advertisement

ജീവാനന്ദം എന്ന പേരില്‍ ആന്വിറ്റി പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കം ശമ്പളവും പെന്‍ഷനും കവര്‍ന്നെടുക്കാനുള്ള ഗൂഢപദ്ധതിയാണെന്ന് കേരള എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ചവറ ജയകുമാര്‍ അഭിപ്രായപ്പെട്ടു. കേരള എന്‍.ജി.ഒ അസോസിയേഷന്‍റെ ആഭിമിഖ്യത്തില്‍ സെക്രട്ടറിയേറ്റിലേയ്ക്ക് നടന്ന പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisement

അഴിമതിയും ധൂര്‍ത്തും നടത്തി ഖജനാവ് കാലിയാക്കിയവര്‍ പണം കണ്ടെത്താന്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും കവര്‍ന്നെടുക്കാന്‍ ശ്രമിക്കുകയാണ്. ഈ പദ്ധതിയുടെ ആഘാതം ഏല്‍ക്കേണ്ടി വരുന്ന ജീവനക്കാരുമായോ സര്‍വ്വീസ് സംഘടനകളുമായോ യാതൊരു കൂടിയാലോചനയുമില്ലാതെയാണ് ഈ പദ്ധതി ആവിഷ്ക്കരിച്ചത്. ഇതിനായി ചുമതലപ്പെടുത്തുന്ന ആക്ച്വറി ആരാണെന്നതിലും വ്യക്തത ഇല്ല.ഭരണവും തുടര്‍ഭരണവുമായി എട്ടുവര്‍ഷം പിന്നിടുന്ന സര്‍ക്കാര്‍ കേരളത്തെ ധനകാര്യ മിസ്മാനേജുമെന്‍റിലൂടെ കടക്കെണിയിലാക്കിയിരിക്കുകയാണ്. ബജറ്റീതര ചെലവുകള്‍ക്ക് റവന്യൂ വരുമാനം വഴിമാറുന്നതോടെയുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാണ് പുതിയ പദ്ധതിയെന്ന് പരക്കെ ആക്ഷേപമുണ്ട്. ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശികയും ശമ്പളപരിഷ്ക്കരണത്തിന്‍റെ അരിയറും ലീവ് സറണ്ടറും ഉള്‍പ്പെടെയുള്ള നിരവധി ആനുകൂല്യങ്ങള്‍ കവര്‍ന്നെടുത്തതിനു പുറമേയാണ് ശമ്പളവും പെന്‍ഷനും കവരാനുള്ള പുതിയ നീക്കം.

ജീവനക്കാരുടെ വിഹിതം മാത്രമുപയോഗിച്ച് നടപ്പിലാക്കിയ മെഡിസെപ്പ് പദ്ധതിപോലും അവതാളത്തിലാണ്. ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിപോലും നേരിട്ട് നടത്താന്‍ കഴിയാത്ത സര്‍ക്കാരാണ് സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പിന്‍റെ കീഴില്‍ ജീവാനന്ദം എന്ന പേരില്‍ ആന്വിറ്റി പദ്ധതിയുമായി വരുന്നതെന്നാണ് ശ്രദ്ധേയം. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും കവര്‍ന്നെടുക്കാനുള്ള ശ്രമം അംഗീകരിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുമെന്ന് പ്രകടന പത്രികയില്‍പ്പോലും എഴുതിച്ചേര്‍ത്തവര്‍ ജീവനക്കാരെ നിര്‍ലജ്ജം വഞ്ചിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ 8 വര്‍ഷമായി കാണുന്നത്. കഴിഞ്ഞ ബജറ്റില്‍ പങ്കാളിത്തപെന്‍ഷനു പകരം പുതിയ പദ്ധതി കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നു. അത് എന്താണെന്ന് വിശദീകരിക്കാര്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.

പ്ലാന്‍ ബി ഉണ്ടെന്ന് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പറഞ്ഞ ധനമന്ത്രി എന്താണ് പ്ലാന്‍ ബി യെന്ന് വ്യക്തമാക്കിയിരുന്നില്ല.ജീവനക്കാരുടെ ശമ്പളം കവര്‍ന്നെടുത്ത് പുതിയ ആന്വിറ്റി പദ്ധതിയിലൂടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കൂടി അട്ടിമറിക്കുന്നതാണ് പ്ലാന്‍ ബി യെന്ന് ഇപ്പോള്‍ ബോധ്യം വന്നിരിക്കുകയാണ്.ജീവാനന്ദം എന്ന പേരിൽ പദ്ധതി ജീവനക്കാരുടെ തലയില്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമമെങ്കിൽ സംസ്ഥാന വ്യാപകമായി പണിമുടക്കടക്ക മുള്ള പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. നോര്‍ത്ത് ജില്ലാ പ്രസിഡന്‍റ് ആര്‍.എസ്. പ്രശാന്ത്കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എം.ജാഫര്‍ഖാന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി വി.എല്‍. രാകേഷ്കമല്‍, സൗത്ത് ജില്ലാ പ്രസിഡന്‍റ് വി.എസ്. രാകേഷ്, റ്റി.ഒ. ശ്രീകുമാര്‍, എം.എസ്. അജിത് കുമാര്‍, വി.ജി. പ്രദീപ് എന്നിവര്‍ സംസാരിച്ചു.

Tags :
Author Image

Online Desk

View all posts

Advertisement

.