'ജീവാനന്ദം' പദ്ധതി അഴിമതിക്ക് കുടപിടിക്കാൻ :കെ പി എസ് ടി എ
തിരുവനന്തപുരം: ജീവനക്കാരിൽ നിന്നും തുക പിടിച്ചെടുത്ത് സാമ്പാദ്യപദ്ധതി നടപ്പിലാക്കാനുള്ള സർക്കാർ നീക്കം അഴിമതിക്ക് കുടപിടിക്കാനാണെന്ന് കെ പി എസ് ടി എ സംസ്ഥാന കമ്മിറ്റി പ്രസ്താവിച്ചു. ജീവനക്കാരിൽ നിന്നും തുക പിടിച്ചെടുത്ത് സർക്കാർ നടപ്പിലാക്കി കൊണ്ടിരിക്കുന്ന മെഡിസെപ്പ് പദ്ധതിയിൽ അർഹർക്ക് പോലും അവകാശങ്ങൾ നിഷേധിച്ചു കൊണ്ട് അഴിമതിക്ക് സർക്കാർ നേതൃത്വം നൽകുന്നു.
തമിഴ്നാട്ടിൽ മാസം തോറും 300 രൂപ ജീവനക്കാർ നൽകുമ്പോൾ 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നു. അതേ കമ്പനിക്ക് തന്നെ കേരള സർക്കാർ കരാർ നൽകുകയും 500 രൂപ പിടിച്ചെടുക്കുകയും 3 ലക്ഷം രൂപയുടെ പരിരക്ഷ പ്രഖ്യാപിക്കുകയും അത് ലഭ്യമാകുന്നതിന് ആശുപത്രികൾ അന്വേഷിച്ച് ജീവനക്കാർ കയറിയിറങ്ങേണ്ട ഗതികേടിലുമാണ്.എന്നിട്ടും ചിലവായ തുക പോലും ലഭിക്കാതെ ഇൻഷുറൻസ് കമ്പനിക്ക് ലാഭമുണ്ടാക്കാനും വലിയ അഴിമതിക്കുമാണ് സർക്കാർ നേതൃത്വം നൽകുന്നത്.
സർക്കാരിൻ്റെ സാമ്പത്തിക പിടിപ്പുകേടുമുലമുള്ള പ്രതിസന്ധിയും അഴിമതിയോടുള്ള അത്യാർത്തിയും അധ്യാപകരിൽ അടിച്ചേൽപിക്കാനുള്ള നീക്കം അംഗീകരിക്കില്ല.19 ശതമാനം ഡി എ കുടിശിക ,ലീവ് സറണ്ടർ,ശമ്പളപരിഷ്കരണ കുടിശിക,1:40 ആനുകൂല്യം,നിയമന നിരോധനം തുടങ്ങി അധ്യാപകരുടെ അവകാശങ്ങളെ കവർന്നെടുക്കുകയും ഏകപക്ഷീയമായ തീരുമാനങ്ങളിലൂടെ ജനാധിപത്യ ധ്വംസനം നടത്തിവരുന്ന സർക്കാർ ജീവാനാന്ദമെന്ന പുതിയ തട്ടിപ്പുമായി വന്നാൽ അംഗീകരിക്കില്ലെന്നും ജീവനക്കാരെയും അധ്യാപകരെയും ചൂഷണം ചെയ്യാനുള്ള പുതിയ നീക്കത്തെ ശക്തമായ സമരങ്ങളിലൂടെയും നിയമപരമായും നേരിടുമെന്നും സംസ്ഥാന കമ്മറ്റി തീരുമാനിച്ചു.
സംസ്ഥാന പ്രസിഡൻ്റ് കെ അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ അരവിന്ദൻ, ട്രഷറർ വട്ടപ്പാറ അനിൽകുമാർ, ഭാരവാഹികളായ ഷാഹിദ റഹ്മാൻ, എൻ രാജ്മോഹൻ , കെ. രമേശൻ, ബി സുനിൽകുമാർ, ബി ബിജു, അനിൽ വെഞ്ഞാറമൂട്, ടി.യു. സാദത്ത്, പി എസ് ഗിരീഷ് കുമാർ, സാജു ജോർജ്, പി.വി. ജ്യോതി, ബി ജയചന്ദ്രൻ പിള്ള, ജോൺ ബോസ്കോ, വർഗീസ് ആൻ്റണി,പി എസ് മനോജ് , വിനോദ് കുമാർ, പി.എം നാസർ, ജി.കെ. ഗിരീഷ്, എം.കെ. അരുണ എന്നിവർ സംസാരിച്ചു.