ജോനാഥനാണു ഹീറോ: എഡിജിപി അജിത് കുമാർ
കൊല്ലം; ഓയൂരിലെ തട്ടിക്കൊണ്ടു പോകൽ നാടകത്തിലെ റിയൽ ഹീറോ കുട്ടിയുടെ മൂത്ത സഹോദരൻ ജോനാഥനാണെന്നു എഡിജിപി എം.ആർ. അജിത് കുമാർ. തട്ടിക്കൊണ്ടു പോകലിനെതിരേ ജോനാഥൻ നടത്തിയ ചെറുത്തു നിൽപും അതിനിടയിൽ പ്രതികളെ കുറിച്ചു മനസിലാക്കിയ കാര്യങ്ങൾ ഓർമിച്ചു പറയാൻ കഴിഞ്ഞതും പ്രതികളെ കണ്ടെത്താൻ നിർണായകമായി. കഷ്ടിച്ച് 30-40 സെക്കൻഡുകൾ മാത്രമാണ് ജോനാഥൻ പ്രതികളെ കണ്ടത്. അതിനുള്ളിൽ സഹോദരിയെ രക്ഷിക്കുന്നതിനാണ് കൂടുതൽ ശ്രമിച്ചത്. എന്നിട്ടും കാറിനെ കുറിച്ചും അതിനുള്ളിലുണ്ടായിരുന്നവരെ കുറിച്ചും വളരെ വ്യക്തമായ വിവരങ്ങളാണു നൽകിയത്. കാറിൽ നാലുപേരുണ്ടായിരുന്നു എന്നത് അവന്റെ തോന്നൽ മാത്രമാണ്. യഥാർഥത്തിൽ മൂന്നു പേർ മാത്രമേ ഉണ്ടായിരുന്നുള്ളു. പെൺകുട്ടിയും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. മൂന്നു പേരെയും കുട്ടി തിരിച്ചറിയുകയും ചെയ്തു.
രണ്ടാമത്തെ ഹീറോ തട്ടിക്കൊണ്ടു പോകപ്പെട്ട കുട്ടി തന്നെയാണ്. പ്രതികൾക്കൊപ്പം ഒരു ദിവസം മുഴുവൻ താമസിച്ച കുട്ടി അവരെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളാണ് പൊലീസിനു നൽകിയത്. അതു വച്ചാണ് പ്രതികളുടെ യഥാർഥ ചിത്രത്തിനു വളരെ അടുത്തു നിൽക്കുന്ന പോർട്രെയ്റ്റുകൾ വരയ്ക്കാൻ സാധിച്ചത്. ഇതു പ്രസിദ്ധപ്പെടുത്തിയപ്പോൾ പൊതുജനങ്ങളിൽ നിന്നും വലിയ പ്രോത്സാഹനം കിട്ടി. അവരിൽ ഒരാൾ നൽകിയ വിവരങ്ങളാണ് പ്രതികളിലേക്കുള്ള വഴി തുറന്നത്. കുട്ടി പറഞ്ഞതനുസരിച്ച് കൃത്യമായ രേഖാ ചിത്രം വരച്ച ആളും മറ്റൊരു ഹീറോ തന്നെയെന്ന് എഡിജിപി പറഞ്ഞു.