Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കെ ബാബുവിന്റെ വിജയം, ജനാധിപത്യത്തിന്റേതും; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം

11:01 AM Apr 13, 2024 IST | Admin
Advertisement

തൃപ്പൂണിത്തുറ നിയമസഭ തെരഞ്ഞെടുപ്പ് കേസില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബുവിന്റെ വിജയം ശരിവെച്ച ഹൈക്കോടതി വിധി ജനാധിപത്യത്തിനും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്കും ശക്തിപകരുന്നതാണ്. അതോടൊപ്പം വ്യാജ തെളിവുകളും യഥാര്‍ത്ഥമല്ലാത്ത മൊഴികളും കൊണ്ട് തെരഞ്ഞെടുപ്പ് കേസ് ജയിക്കാമെന്ന കുബുദ്ധികള്‍ക്കുള്ള തിരിച്ചടികൂടിയാണ്. സിപിഎം നെടുംകോട്ടയായ തൃപ്പൂണിത്തുറ പിടിച്ചെടുത്തുകൊണ്ട് 1991 ല്‍ വിജയക്കൊടി നാട്ടിയ കെ ബാബു ജൈത്രയാത്ര തുടരുകയായിരുന്നു. ഓരോ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം ഇരട്ടിയായി വര്‍ധിപ്പിച്ച് മുന്നേറിയ ബാബുവിനെ പിടിച്ചുകെട്ടാന്‍ സിപിഎം മാറിമാറി അരക്കൊമ്പന്മാരെയും പടയപ്പമാരെയും രംഗത്തിറക്കിയെങ്കിലും ബാബുവിനൊരു കുലുക്കവുമുണ്ടായില്ല. 2016 ല്‍ മദ്യമാഫിയകളും തട്ടിപ്പ് സംഘങ്ങളും എല്‍ഡിഎഫുമായ് കൈകോര്‍ത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും സര്‍ക്കാരിനും എതിരെ സൃഷ്ടിച്ച കള്ളപ്രചരണങ്ങളുടെ പത്മവ്യൂഹത്തില്‍പ്പെട്ട് കെ ബാബു വീണു. ഇത് യഥാര്‍ത്ഥത്തില്‍ ജനാധിപത്യത്തിന്റെ വിജയമായിരുന്നില്ല. നുണാധിപത്യത്തിന്റെ വിജയമായിരുന്നു. സത്യവുമായി പുലബന്ധം പോലുമില്ലാത്ത അക്കാലത്തെ പ്രചാരണം ഒരുവിഭാഗം മാധ്യമങ്ങളും ഏറ്റെടുത്തിരുന്നു. 2016 ല്‍ പടക്കളത്തില്‍ വീണ ബാബു ഇനി തിരിച്ചുവരില്ലെന്ന് സിപിഎം കരുതി. അഞ്ചുവര്‍ഷക്കാലം കേസുകളുടെയും അധിക്ഷേപങ്ങളുടെയും പരിഹാസങ്ങളുടെയും നാല്‍ക്കവലയിലിട്ട് ഹീനമായ് ഭേദ്യം ചെയ്തു. ബാബുവിന്റെയും കുടുംബത്തിന്റെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. വീട്ടുചെലവിനുപോലും കാശില്ലാതെ പ്രയാസദിനങ്ങളെ നിശ്ചയദാര്‍ഢ്യത്തോടെ ബാബു നേരിട്ടു. 2021 ലെ തെരഞ്ഞെടുപ്പില്‍ ചതിയന്മാരോട് പകരം ചോദിക്കാന്‍ ബാബു വീണ്ടും അങ്കക്കച്ചയണിഞ്ഞു. തനിക്കെതിരെ ഉയര്‍ത്തിയ നുണകളുടെ നെടുങ്കോട്ടകള്‍ തകര്‍ത്ത കോടതിവിധികളും നിയമ നടപടികളും ഇക്കാലത്തുണ്ടായിരുന്നു.

Advertisement

കാലം ഉറയിലിട്ട് കരുതിവെച്ച പ്രതികാരത്തിന്റെ പടവാള്‍ ബാബു രാകി മിനുക്കി അങ്കത്തട്ടിലിറങ്ങി. വ്യക്തിഹത്യകളും സ്വഭാവഹത്യകളും ഒരിക്കല്‍ വിശ്വസിച്ചുപോയ തൃപ്പൂണിത്തുറയിലെ വോട്ടര്‍മാര്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് പറ്റിയ കൈയ്യബദ്ധം തിരുത്തുകതന്നെ ചെയ്തു. 992 വോട്ടിന്റെ ഭൂരിപക്ഷത്തിന് അദ്ദേഹം വിജയിച്ചു. ഈ വിജയം എല്‍ഡിഎഫിനെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായിരുന്നു. തൃപ്പൂണിത്തുറയിലുണ്ടായ വിജയം എല്ലാ ആരോപണങ്ങളില്‍ നിന്നും ആക്ഷേപങ്ങളില്‍ നിന്നുമുള്ള വിമോചനമാണ്.
കെ ബാബുവിന്റെ ഹൈക്കോടതി വിജയം ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഇരുപത് സീറ്റുകളിലും യുഡിഎഫിന് അനുകൂലമായ അഭിപ്രായ സമന്വയം സൃഷ്ടിക്കും. ജനകീയ കോടതിയില്‍ തോറ്റ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വ്യാജതെളിവുകളും അവാസ്തവകരമായ മൊഴികളുമായ് നീതിന്യായ കോടതിയെ സമീപിക്കുകയായിരുന്നു. അയ്യപ്പചിത്രമുള്ള സ്ലിപ്പ് വിതരണം ചെയ്തത് യുഡിഎഫ് എന്നായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വാദം. ആര്‍ക്കും അച്ചടിക്കാവുന്ന ഇത്തരം സ്ലിപ്പുകള്‍ കേസിനുവേണ്ടി എല്‍ഡിഎഫ് തയ്യാറാക്കിയതായിരുന്നു. ഏഴുതവണ നിയമസഭയിലേക്ക് മത്സരിച്ച ഒരു വ്യക്തി ഇത്തരം മതചിഹ്നങ്ങള്‍ ഉപയോഗിക്കുമെന്ന് സാമാന്യബുദ്ധിയുള്ളവരാരും വിശ്വസിക്കില്ല. ഹര്‍ജിക്കാരന്‍ ഹാജരാക്കിയ സാക്ഷികള്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരോ അനുഭാവികളോ ആയിരുന്നു. നിഷ്പക്ഷമതികളോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളോ സമൂഹം ആദരിക്കുന്ന പദവിയിലിരിക്കുന്ന ഒരാളെപ്പോലും സാക്ഷിയാക്കാന്‍ ഹര്‍ജിക്കാരന് സാധിക്കാതെപോയത് കേസിന്റെ വലിയ ന്യൂനതയായിരുന്നു. വ്യക്തമായ ഒരു തെളിവുമില്ലാതെ മൂന്നുവര്‍ഷം നിയമ പോരാട്ടത്തിനിടയാക്കിയത് ജനവിധി അംഗീകരിക്കാനുള്ള എം സ്വരാജിന്റെ വിമുഖതയായിരുന്നു. കേസിന്റെ വിധി വരും മുന്‍പെ കെ ബാബുവിന്റെ അംഗത്വം റദ്ദ് ചെയ്യപ്പെടുമെന്നും സ്വരാജിനെ വിജയിയായി പ്രഖ്യാപിക്കുമെന്നുമുള്ള നുണ പ്രചാരണങ്ങള്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ എല്ലാ വേദികളിലും സിപിഎം പ്രചരിപ്പിച്ചിരുന്നു. കോടതിയില്‍ തോറ്റപ്പോള്‍ വിധിക്കെതിരെ പ്രതികരണം നടത്തിയ ഹര്‍ജിക്കാരന്റെ രീതി സിപിഎമ്മിന്റെ സ്ഥിരംശൈലി തന്നെ. വിധി അനുകൂലമാകുമ്പോള്‍ കോടതിക്ക് പൂച്ചെണ്ടും പ്രതികൂലമാകുമ്പോള്‍ കല്ലേറുമാണല്ലോ അവരുടെ പതിവ്.
നിയമസഭയിലെ ഏറ്റവും ജനകീയനായ ഒരു ജനപ്രതിനിധിയെ താറടിച്ച് കാണിക്കാന്‍ ശ്രമിച്ച എല്‍ഡിഎഫ് സ്വന്തം പ്രവൃത്തിയിലെ മാനക്കേട് സ്വയം വിലയിരുത്തേണ്ടതാണ്. വ്യാജ തെളിവുകളും വ്യാജമൊഴികളും നല്‍തി തൃപ്പൂണിത്തുറയിലെ പരാജയം മറച്ചുപിടിക്കാനുള്ള സിപിഎം നടപടി കൂടുതല്‍ വികൃതമാക്കുകയാണ്. അധികാരത്തിന്റെ അഹന്തയില്ലാതെ എല്ലാവരോടും സൗമ്യതയോടെ പെരുമാറുന്ന മാതൃകാ ജനപ്രതിനിധിയായ കെ ബാബുവിന് നിയമത്തിന്റെ പരിരക്ഷയും ധാര്‍മികതയുടെ തണലും ലഭ്യമായതില്‍ ജനാധിപത്യ സ്‌നേഹികളായ എല്ലാവര്‍ക്കും സന്തോഷിക്കാവുന്നതാണ്.

Advertisement
Next Article