വടകരയിലെ കാഫിർ സ്ക്രീൻഷോട്ട്; ലീഗിന്‍റെയും കോണ്‍ഗ്രസിന്‍റെയും തലയില്‍ കെട്ടിവയ്ക്കാനുള്ള ഗൂഡാലോചന പൊളിഞ്ഞു: വി ഡി സതീശൻ
പാലക്കാട്: വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ട് പ്രചരണത്തിൽ ഇടത് സൈബർ വാട്സ് ആപ് ഗ്രൂപ്പുകളാണെന്ന പോലീസ് കണ്ടെത്തലില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ്. ഈ സംഭവത്തിൽ പ്രതീക്ഷിച്ച റിപ്പോര്‍ട്ട് തന്നെയാണ് കേരളാ പോലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പോരാളി ഷാജി, റെഡ് എന്‍കൗണ്ടര്‍, അമ്പാടി മുക്ക് സഖാക്കള്‍, മുന്‍ എംഎല്‍എ കെ.കെ. ലതികയുടെ ഫേസ്ബുക്ക് പോസ്റ്റും ഉള്‍പ്പെടെ അഞ്ച് സിപിഎം സൈബര്‍ പേജുകളിലും വാട്‌സാപ് ഗ്രൂപ്പുകളിലുമാണ് ഇത് പ്രചരിച്ചതെന്നാണ് പോലീസ് നല്‍കിയ റിപ്പോര്‍ട്ടിലുള്ളതെന്നും വി.ഡി. സതീശന്‍ വ്യക്‌തമാക്കി.
തെരഞ്ഞെടുപ്പിൽ പരാചയപ്പെടുമെന്ന് കണ്ട് സിപിഎം നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു ഈ പ്രചരണം. അതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിന്‍റെയും ലീഗിന്‍റെയും തലയില്‍ ചാരി സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ സിപിഎം നടത്തിയ ശ്രമമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ മതപരമായ ഭിന്നിപ്പുണ്ടാക്കാനാണ് സിപിഎം ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ ജനങ്ങൾ അത് വിശ്വസിക്കില്ലെന്ന കാര്യം ഉറപ്പുണ്ടായിരുന്നു. ഭീകര പ്രവര്‍ത്തനത്തിന് സമാനമായ വിദ്വേഷ പ്രചരണമാണ് സിപിഎം നടത്തിയതെന്ന് വി.ഡി. സതീശന്‍ ആരോപിച്ചു.
വിദ്വേഷ പ്രചരണത്തില്‍ മുൻപന്തയിലുള്ള ബിജെപി പോലും സിപിഎമ്മിന് മുന്നില്‍ തല താഴ്ത്തി നില്‍ക്കേണ്ട സ്ഥിതിയാണ്. ഈ പ്രചരണം മുഹമ്മദ് കാസിം എന്ന യൂത്ത് ലീഗ് പ്രവര്‍ത്തകന്‍റെ തലയിൽ കെട്ടിവെയ്ക്കാനാണ് സിപിഎം ശ്രമിച്ചത്. തെറ്റ് ചെയ്‌തിട്ടില്ലെന്ന ആ ചെറുപ്പക്കാരന്റെ പൂർണ ബോധ്യത്തിൽ നിന്നാണ് സത്യം പുറത്തു വന്നതെന്നും വി ഡി സതീശൻ പറഞ്ഞു.