തദ്ദേശ സ്ഥാപനങ്ങൾ പദ്ധതി പ്രവർത്തനങ്ങൾ സ്തംഭിച്ചുവെന്ന് കെ സി ജോസഫ്
തിരുവനന്തപുരം: തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി പ്രവർത്തനങ്ങൾ പൂർണമായും സ്തംഭിച്ചിരിക്കുകയാണെന്ന് മുൻ ഗ്രാമവികസന വകുപ്പ് മന്ത്രി കെ സി ജോസഫ് കുറ്റപ്പെടുത്തി. സാമ്പത്തികവർഷം അവസാനിക്കാൻ ഇനി രണ്ടര മാസം മാത്രമാണ് അവശേഷിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതമായി ഈ വർഷം 7460.65 കോടി രൂപയാണ് മാറ്റിവച്ചത്. ഇതുവരെയായി അനുവദിച്ചത് 3857.30 കോടി രൂപയും. ഇതിൽ ചെലവായത് 2343.62 കോടി രൂപ മാത്രമാണ്. അതായത് 31.4 ശതമാനം മാത്രം. ചെലവഴിച്ചതിൽ തന്നെ 416.4 കോടി രൂപയ്ക്കുള്ള 17648 ബില്ലുകൾ പണം ഇല്ലാത്തതിനാൽ ട്രഷറികളിൽ കെട്ടിക്കിടക്കുകയാണ്. സാധാരണഗതിയിൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് മൂന്ന് തുല്യ ഗഡുക്കളായി ഏപ്രിൽ, ഒക്ടോബർ, ഡിസംബർ എന്നീ മാസങ്ങളിലായാണ് പദ്ധതി വിഹിതം അനുവദിച്ചിരുന്നത്. ഈ സാമ്പത്തിക വർഷം ഒക്ടോബറിൽ നൽകേണ്ട ഗഡുവിന്റെ മുന്നിൽ രണ്ടു ഭാഗവും മൂന്നാം ഗഡു പൂർണമായും ഇതുവരെ നൽകിയിട്ടില്ല. അതായത് ബജറ്റിൽ മാറ്റിവച്ച തുകയുടെ 45% മാത്രമാണ് ഇതുവരെ അനുവദിച്ചത്. ട്രഷറിയിൽ ഒരു ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ മാറ്റി നൽകാത്തതിനാൽ ഗുണഭോക്തൃ സമിതികളൊ കോൺട്രാക്റ്റർമാരൊ പ്രവർത്തി ഏറ്റെടുക്കുന്നില്ല. അതിനാൽ രണ്ടാം ഗഡു പോലും പൂർണമായി ചെലവഴിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. മൂന്നാം ഗഡു പൂർണമായും ലാപ്സാകുന്ന സ്ഥിതി വിശേഷമാണുള്ളത്. പഞ്ചായത്ത് രാജ് നിയമം നടപ്പിലായ ശേഷം ഇതുവരെ ഉണ്ടാകാത്ത സാമ്പത്തിക പ്രതിസന്ധിയാണ് തദ്ദേശഭരണ സ്ഥാപനങ്ങൾ നേരിടുന്നത്. സർക്കാറിന്റെ ധൂർത്തും ധാരാളിത്തവും സാമ്പത്തിക കെടുകാര്യസ്ഥതയുംമൂലം തദ്ദേശസ്ഥാപനങ്ങൾ കേവലം നോക്കുകുത്തികളായി മാറിയെന്നും കെ സി ജോസഫ് പറഞ്ഞു.