യുവത്വത്തിന്റെ ഹൃദയത്തുടിപ്പ് അറിഞ്ഞ് കെ സി വേണുഗോപാൽ
ആലപ്പുഴ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി യുവത്വത്തിന്റെ ഹൃദയ തുടിപ്പറിയാൻ മണ്ഡലത്തിലെ വിവിധ കോളേജുകൾ യുഡിഎഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാൽ സന്ദർശിച്ചു. കായംകുളം വനിതാ പോളിടെക്‌നിക് സന്ദർശനത്തോടെയായിരുന്നു തുടക്കം. കായംകുളം എം എസ് എം കോളേജിലും എത്തി കെ സി വോട്ട് അഭ്യർത്ഥിച്ചു. ആവേശകരമായ വരവേൽപ്പാണ് കെ സി ക്ക് ഓരോ കോളേജുകളിലും ലഭിച്ചത്. പൂക്കൾ വാരി വിതറിയും ഹാരാർപ്പണം നടത്തിയും ചെണ്ടമേളങ്ങളുടെ അകമ്പടിയോടെയുമാണ് ഓരോ ക്യാമ്പസും കെസിയെ വരവേറ്റത്.
ഹരിപ്പാട് ടി കെ എം എം കോളേജ് ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് കെ സി യെ വരവേറ്റത്. കോളേജിലെ കെ എസ് യു വിദ്യാർത്ഥികളുടെ മുഖപത്രം കലാവേദി അദ്ദേഹം പ്രകാശനം ചെയ്തു. കോളേജിൽ നിന്നും വിരമിക്കുന്ന പ്രിൻസിപ്പൽ ഡോ പി പി ശർമിളയ്ക്ക് കെ എസ് യു യൂണിറ്റ് കമ്മിറ്റി യുടെ നേതൃത്വത്തിൽ ഏർപ്പെടുത്തിയ സ്നേഹോപഹാരവും അദ്ദേഹം കൈമാറി. തുടർന്ന് അമ്പലപ്പുഴ ഗവണ്മെന്റ് കോളേജിലും എത്തി വിദ്യാർത്ഥികളോട് വോട്ട് അഭ്യർത്ഥിച്ചു. പടക്കം പൊട്ടിച്ചാണ് കെ എസ് യു പ്രവർത്തകർ അദ്ദേഹത്തെ സ്വീകരിച്ചത്. ആലപ്പുഴ എസ് ഡി കോളേജിലും പടക്കം പൊട്ടിച്ചാണ് പ്രവർത്തകർ കെ സി യെ വരവേറ്റത്. വിദ്യാർത്ഥികളോട് അദ്ദേഹം വോട്ട് അഭ്യർത്ഥിച്ചു. കോളേജിലെ കെ എസ് യു യൂണിറ്റ് കമ്മിറ്റി ഏർപ്പെടുത്തിയ ഹോളി ആഘോഷത്തിലും കെ സി പങ്കാളിയായി.. പ്രവർത്തകർ വർണ്ണങ്ങളിൽ കെ സി യെ പൊതിഞ്ഞു.
ക്യാമ്പസുകളിൽ എത്തിയപ്പോൾ പഴയ ഊർജം തിരിച്ചു കിട്ടിയതായി യു ഡി എഫ് സ്ഥാനാർഥി കെ സി വേണുഗോപാൽ പറഞ്ഞു. കോളേജ് രാഷ്ട്രീയത്തിലൂടെ വളർന്ന തനിക്ക് പഴയ കാലത്തേക്കുള്ള തിരിച്ചു പോക്ക് കൂടി ആയിരുന്നു ക്യാമ്പസ് സന്ദർശനങ്ങൾ എന്നും ആലപ്പുഴ എസ് ഡി കോളേജിൽ നടന്ന ഹോളി ആഘോഷത്തിൽ പങ്കെടുത്ത ശേഷം കെ സി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. പുതിയ തലമുറയ്ക്ക് പുതിയ കാഴ്ചപ്പാടുകളും നിലപാടുകളും ഉള്ളവരാണെന്നും അവരുടെ പിന്തുണ തനിക്കൊപ്പം ഉണ്ടാവുമെന്നും കെ സി പറഞ്ഞു.
സെന്റ് ജോസഫ് വിമൻസ് കോളേജിലും എത്തി കെ സി വോട്ട് അഭ്യർത്ഥിച്ചു. പിന്നീട് ആലപ്പുഴ ശ്രീനാരായണ കോളേജ് ലും വിദ്യാർത്ഥികൾ ആവേശത്തോടെ കെസിയെ വരവേറ്റു.
തുടർന്ന് ചേർത്തല സെന്റ് മൈക്കിൾസ് കോളേജിലും പ്രവർത്തകർ ആവേശത്തോടെ കെ സി യെ വരവേറ്റു. കെ എസ് യു പ്രവർത്തകർ മധുര വിതരണവും നടത്തി. ചേർത്തല ഗവണ്മെന്റ് പോളി ടെക്‌നിക് കോളേജിലും അദ്ദേഹം സന്ദർശനം നടത്തി. ഡി സി സി പ്രസിഡൻ്റ് അഡ്വ. ബി ബാബു പ്രസാദ്, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, ജില്ലാ പ്രസിഡന്റ് എ ഡി തോമസ് സംസ്ഥാന ഭാരവാഹികളായ സിംജോ സാമുവൽ, സുറുമി ഷാഹുൽ, അൻസിൽ ജലീൽ, അബാദ് ലുട്ഫി എന്നിവർ വിവിധ കോളേജ് സന്ദർശനത്തിൽ കെ സി ക്ക് ഒപ്പം ഉണ്ടായിരുന്നു.