Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കേരളം വീണ്ടും കോവിഡ് ഭീതിയിൽ; മുന്നറിയിപ്പുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

09:35 AM Dec 10, 2023 IST | Veekshanam
Advertisement

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കോവിഡ് ഭീതി പടരുന്നു. നൂറുകണക്കിനാളുകളാണ്  കോവിഡ് ബാധിതരായി പ്രതിദിനം ആശുപത്രികളിൽ എത്തുന്നത്. വാക്സിനെടുത്തിട്ടുള്ളവർക്ക് രോഗം ഗുരുതരമാകില്ലെന്നത് ആശ്വാസമാണെങ്കിലും കടുത്ത പനിയും ശരീര വേദനയും ചുമയും പലരിലും ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. അതേസമയം, കോവിഡ് കേരളത്തിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൊതുജനാരോഗ്യം സംബന്ധിച്ച് കൊച്ചിയിൽ നടന്ന യോഗത്തിലാണ് സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ആരോഗ്യ വിദഗ്ദ്ധർ കോവിഡ് ആശങ്ക പങ്കുവെച്ചത്.
അമേരിക്ക, കാനഡ, യൂറോപ്പ് എന്നിവിടങ്ങളില്‍ ശക്തമായ കോവിഡ് അടുത്ത തരംഗമായി കേരളത്തിലേക്ക് എത്തിയേക്കാം എന്നാണ് യോഗത്തിലെ വിലയിരുത്തല്‍. നവംബര്‍ മാസം രാജഗിരി ആശുപത്രിയില്‍ നടത്തിയ 141 കോവിഡ് ടെസ്റ്റുകളില്‍ പത്തെണ്ണം പോസിറ്റീവായി, അതായത് 7.1 ശതമാനം. കഴിഞ്ഞ മാസം ഇത് വെറും രണ്ടു ശതമാനവും ഓഗസ്റ്റില്‍ ഒരു ശതമാനവും ആയിരുന്നുവെന്ന് ഡോ. സണ്ണി പി. ഓരത്തേല്‍ പറഞ്ഞു. തുടക്കത്തില്‍ ക്രമേണ മാത്രം കൂടുകയും പിന്നീട് അതിവേഗം വ്യാപിക്കുകയും ചെയ്യുകയാണ് കോവിഡ് തരംഗങ്ങളുടെ രീതി. നിരന്തര ജനിതക വ്യതിയാനം മൂലം ആവര്‍ത്തിച്ചു വരാന്‍ ഇതിനു കഴിവുണ്ട്. ഇപ്പോള്‍ ബി.എ 2.86 ഉപശാഖയായ ജെഎൻ 1 ആണ് വിദേശ രാജ്യങ്ങളില്‍ അതിവേഗം വര്‍ദ്ധിക്കുന്നത്. ഇന്ത്യയില്‍ അടുത്തകാലത്ത് നിന്നുള്ള ജീനോമിക് സീക്വെന്‌സിങ് ലഭ്യമല്ല.
മുതിര്‍ന്നവരില്‍ കോവിഡ് ചിലപ്പോള്‍ ഗുരുതരമായേക്കാം. ചെറുപ്പക്കാരില്‍ പതിവു ചുമ, തൊണ്ടയില്‍ അസ്വസ്ഥത, ഇതോടൊപ്പം എഴുന്നേല്‍ക്കാന്‍ കഴിയാത്തവിധം കടുത്ത ക്ഷീണം തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇതുവരെയുള്ള കേസുകള്‍ കുറവായതിനാലാകാം മരണങ്ങള്‍ ഇക്കുറി കേരളത്തില്‍ നടന്നതായി അറിവില്ല. കോവിഡ് ടെസ്റ്റുകള്‍ ഇന്ത്യയില്‍ ചുരുക്കമായി മാത്രം ചെയ്തുവരുന്നതിനാല്‍ മുമ്പുുള്ളതു പോലെയുള്ള കൃത്യമായ കണക്കുകള്‍ ലഭ്യമല്ല.
ഫ്‌ളൂ അഥവാ ഇന്‍ഫ്‌ളുന്‍സ കേരളത്തില്‍ ധാരാളമുണ്ട്. കുട്ടികളിലും ഇത് വ്യാപകമാണ്. ചിലരില്‍ കഠിനമായ ലക്ഷണങ്ങള്‍ ഉണ്ടാകുന്നു. അപൂര്‍വമായി മരണങ്ങളും സംഭവിക്കാം. ചൈനയില്‍ ഉള്‍പ്പെടെ ഇപ്പോള്‍ ഫ്‌ളൂ ആണ് കൂടുതലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എല്ലാ വര്‍ഷവും വാക്‌സിന്‍ എടുക്കുന്നത് കാഠിന്യം കുറയ്ക്കാന്‍ ഉപകാരപ്പെടും. കോവിഡിനെ അപേക്ഷിച്ച് ഇതിന് ഫലപ്രദമായ ആന്റിവൈറല്‍ ചികിത്സ ലഭ്യമാണ്.
ഡെങ്കിപ്പനി കേരളത്തില്‍ ശക്തമായി തുടരുന്നു, ശ്രീലങ്കയില്‍ റെക്കോര്‍ഡ് ഡെങ്കിപ്പനിയാണ് ഈ സീസണില്‍ ഉണ്ടായത്. കൊതുകുനിവാരണമാണ് പ്രധാന പ്രതിരോധം. ആശുപത്രികളിലും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. പ്രത്യേകിച്ച് കെട്ടിടനിര്‍മാണം നടക്കുന്ന ഇടങ്ങളില്‍ സ്റ്റാഫിന് ഡെങ്കിപ്പനി കൂടുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. എല്ലാവരും ആഴ്ചയില്‍ ഒരിക്കലെങ്കിലും കൊതുകു നിവാരണ പ്രവര്‍ത്തികളില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്ന് ഡി.എം.ഒ ഡോ. സക്കീന അഭിപ്രായപ്പെട്ടു. കഠിനമായ പനിയും മറ്റും വന്നാല്‍ സ്വയം ചികിത്സ ഒഴിവാക്കണം എന്നും അവര്‍ പറഞ്ഞു, കാരണം പനിയുടെ കാരണം കണ്ടെത്തി അതനുസരിച്ചാണ് ചികിത്സിക്കേണ്ടത്. പനിയുണ്ടാക്കുന്ന മിക്ക അണുബാധകളുടെയും തുടക്കത്തിലെ ലക്ഷണങ്ങള്‍ ഏകദേശം സമാനമാണ്. ഉദാഹരണത്തിന് എലിപ്പനിയും മറ്റും ആദ്യദിവസങ്ങളില്‍ ചികിത്സിച്ചില്ലെങ്കില്‍ ചിലപ്പോള്‍ മരണം വരെ ഉണ്ടാകാനിടയുണ്ട്. ക്ഷയരോഗം കൂടുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ലക്ഷണങ്ങള്‍ ഉള്ളവരില്‍ എക്‌സ് റേ പരിശോധന കണിശമായി ചെയ്യണം എന്ന് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ പറഞ്ഞു. കോവിഡ് വന്നതിനു ശേഷം പലര്‍ക്കും ഏറെക്കാലം ചുമ ഉള്ളതിനാല്‍ കോവിഡ് മൂലമാണ് എന്ന് ചിന്തിക്കാനിടയുണ്ട്. മരുന്നുകള്‍ ഫലിക്കാത്തയിനം ബാക്ടീരിയ നിലവിലുണ്ട് എന്നുള്ളതാണ് ടിബിയെ കടുപ്പമുള്ളതാക്കുന്നത്. അതിനാല്‍ എത്രയും നേരത്തെ രോഗം കണ്ടെത്തുകയും വ്യാപനം തടയാന്‍ നടപടികള്‍ കൈക്കൊള്ളുകയും വേണം. എലിപ്പനി, മലേറിയ, ഭക്ഷ്യ വിഷബാധ, ടൈഫോയ്ഡ് എന്നിവയെക്കുറിച്ചും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ യോഗം ഗൗരവമായി ചർച്ച ചെയ്തു.

Advertisement

Tags :
kerala
Advertisement
Next Article