രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ കേരളത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഞായറാഴ്ച മാത്രം 111 കേസുകള്‍ കൂടി സംസ്ഥാനത്ത് സ്ഥിരീകരിച്ചു എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നത്. സംസ്ഥാനത്തെ ഒരു മരണവും കൊവിഡ് മൂലമാണ് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ രാജ്യത്ത് ആകെ സ്ഥിരീകരിച്ചത് 122 കേസുകളാണ്. നിലവില്‍ രാജ്യത്ത് 1828 ആക്ടീവ് കേസുകളാണ് ഉള്ളത്.
കേരളത്തില്‍ മാത്രം 1634 കേസുകളാണ് സജീവമായി നിലനില്‍ക്കുന്നത്. തമിഴ്നാട്ടില്‍ 15 പേര്‍ക്ക് കൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ ഇന്നലെ രണ്ട് കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ ആക്ടീവ് കേസുകളുടെ എണ്ണം 60 ആയി ഉയര്‍ന്നു. ഗോവയില്‍ രണ്ട് കേസുകളും ഗുജറാത്തില്‍ ഒരു കേസും ഇന്നലെ അധികമായി റിപ്പോര്‍ട്ട് ചെയ്തു. കൊവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദമാണ് ജെഎന്‍ വണ്‍ ആണ് പടര്‍ന്ന് പിടിക്കുന്നത്.സെപ്റ്റംബറില്‍ അമേരിക്കയില്‍ ആദ്യമായി ഈ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. രണ്ട് ദിവസം മുന്‍പ് ചൈനയില്‍ ഏഴ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ ഇന്ത്യയടക്കം 39 ഓളം രാജ്യങ്ങളില്‍ ഈ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ കണ്ടെത്തിയ എക്സ്ബിബി അടക്കമുള്ള വകഭേദങ്ങളേക്കാള്‍ ജെഎന്‍ വണ്‍ വകഭേദം വളരെ വേഗത്തില്‍ പടരുന്നുണ്ട് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.ആളുകളുടെ പ്രതിരോധശേഷിയെ ഇത് മറികടക്കുന്നുണ്ട്. കൊവിഡ് ബാധിച്ച് ഭേദപ്പെട്ടവരെയും വാക്സിനെടുത്തവരെയും വൈറസ് ബാധിക്കും. കൊവിഡിന്റെ മറ്റ് വകഭേദങ്ങളുമായി സാമ്യമുള്ളതാണ് ജെഎന്‍ 1ന്റെ രോഗ ലക്ഷണങ്ങള്‍. പനി, ജലദോഷം, തലവേദന അടക്കമുള്ള ലക്ഷണങ്ങള്‍ രോഗികളില്‍ പ്രകടമാകും. നാലോ അഞ്ചോ ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ കൂടുതല്‍ പ്രകടമാവും.
കൊവിഡിന് സ്വീകരിച്ച മുന്‍കരുതലുകള്‍ തന്നെ പൊതുജനങ്ങള്‍ പാലിക്കണം എന്ന് വിദഗ്ധര്‍ നിര്‍ദേശിച്ചു. സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, കൈകള്‍ ഇടയ്ക്കിടെ കഴുകുക, ശുചിത്വം പാലിക്കുക എന്നിവയാണ് പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങള്‍. ഒമിക്രോണ്‍ വകഭേദം പടരുമ്പോള്‍ തന്നെ കൂടുതല്‍ വകഭേദങ്ങള്‍ ഭാവിയില്‍ ഉണ്ടാകുമെന്ന് വിദഗ്ധര്‍ പറഞ്ഞിരുന്നു.ചൈനയില്‍ മറ്റ് വകഭേദങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചില രാജ്യങ്ങളില്‍ രോഗ ലക്ഷണങ്ങളുമായി നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സയിലെത്തുന്നുണ്ട്. ഇതിന് കാരണം ഈ വകഭേദത്തിന്റെ സാന്നിധ്യമാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍. സിംഗപ്പൂരില്‍ അടക്കം അധികൃതര്‍ യാത്രാ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.