Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കേരളം ടെന്നിസിന് വളക്കൂറുള്ള മണ്ണ്, പുതിയ അവസരങ്ങളെന്ന് ദേശീയ താരങ്ങൾ

11:57 AM Feb 09, 2024 IST | Veekshanam
Advertisement

തിരുവനന്തപുരം: കേരളത്തിൽ വലിയ വളർച്ചാ സാധ്യതയുള്ള കായിക ഇനമാണ് ടെന്നിസ് എന്നും ഈ രംഗത്ത് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ സംസ്ഥാനത്ത് ലഭ്യമാണെന്നും ദേശീയ ടെന്നിസ് താരങ്ങൾ പറയുന്നു. തിരുവനന്തപുരത്ത് കേരള ടെന്നിസ് അക്കാഡമിയിൽ നടക്കുന്ന അഖില കേരള ടെന്നിസ് ടൂർണമെന്റിൽ മത്സരിക്കുന്ന താരങ്ങൾക്ക് പങ്കുവയ്ക്കാനുള്ളത് കേരളത്തിലെ കായിക മേഖലയുടെ വളർച്ചാ സാധ്യതകളെ കുറിച്ചാണ്. ടെന്നിസ് ഒരു എലീറ്റ് ഗെയിം ആയാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. താരതമ്യേന പണച്ചെലവ് ഉണ്ടെങ്കിലും മുൻപില്ലാത്ത വിധം മികച്ച പരിശീലന സൗകര്യങ്ങൾ കേരളത്തിലുണ്ടെന്ന് ദേശീയ ഗെയിംസ് മെഡൽ ജേതാവും കെഎസ്ഇബി താരവുമായ എച്ച്. സൂരജ് പറയുന്നു.

Advertisement

വളർന്ന് വരുന്നത് മികച്ച താരങ്ങൾ

ദേശീയ നിലവാരത്തിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ ശേഷിയുള്ള ഒരു പിടി താരങ്ങളെ സമീപഭാവിയിൽ തന്നെ നമുക്ക് വാർത്തെടുക്കാൻ കഴിയും. ഇതിനാവശ്യമായ മെച്ചപ്പെട്ട പശ്ചാത്തല സൗകര്യങ്ങൾ സംസ്ഥാനത്തുണ്ടെന്നും അഖില കേരള ടെന്നീസ് ടൂർണമെൻ്റിലെ ഫൈനലിസ്റ്റും ടോപ് സീഡമായ സൂരജ് പറഞ്ഞു. ടെന്നിസിലെ മുൻകാല പരിമിതികളെ വലിയ അളവിൽ മറികടക്കാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. മികച്ച പ്രതിഭകളെ കണ്ടെത്തി അവസരവും പ്രോത്സാഹനവും നൽകിയാൽ നിലവാരമുള്ള താരങ്ങളെ വാർത്തെടുക്കാം. മികച്ച പരിശീലകരും കേരളത്തിലുണ്ട്, സൂരജ് പറയുന്നു.

അഡ്വാൻസ് ലെവൽ കോച്ചിങ് മെച്ചപ്പെടണം

ടെന്നിസിനെ ഗൗരവമായി കാണുകയും ഈ രംഗത്ത് രാജ്യാന്തര വളർച്ച ലക്ഷ്യമിടുകയും ചെയ്യുന്ന താരങ്ങൾ കേരളത്തിൽ നിന്ന് ഉയർന്ന് വരുന്നതിൽ കാലതാമസമുണ്ട്. ഏറ്റവും ഉയർന്ന തലത്തിലുള്ള കോച്ചിങ്ങിന്റെ അപര്യാപ്തത ഒരു വെല്ലുവിളിയാണെന്ന് ദേശീയ താരവും കെഎസ്ഇബി ടീം അംഗവുമായ ഗൗതം കൃഷ്ണ പറയുന്നു. ടെന്നിസ് കളിച്ചാൽ കരിയർ ഉണ്ടാകില്ലെന്ന മിഥ്യാധാരണ പലപ്പോഴും ഈ കായിക ഇനത്തെ അർഹിക്കുന്ന ശ്രദ്ധയിൽ നിന്ന് അകറ്റുന്നുണ്ട്. എന്നാൽ മികവ് തെളിയിക്കുന്നവർക്ക് ഇവിടെ അവസരങ്ങളുണ്ട്. ഒരു ടെന്നിസ് താരമെന്ന നിലയിലാണ് എനിക്ക് സർക്കാർ ജോലി ലഭിച്ചത്. ലഭ്യമായ മികച്ച സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ താരങ്ങൾക്ക് കഴിഞ്ഞാൽ കേരളത്തിന് മികച്ച ഒരു ടെന്നിസ് ശക്തിയായി മാറാൻ സാധിക്കുമെന്നും ഗൗതം പറയുന്നു.

വ്യക്തിഗത ഗെയിമാണ്, മുൻഗണന നൽകേണ്ടത് പരിശ്രമങ്ങൾക്ക്

അഖില കേരള ടെന്നിസ് ടൂർണമെന്റിൽ കളിക്കുന്ന ബിരുദ വിദ്യാർത്ഥി വി.എസ് ശബരിനാഥിന്റെ ലക്ഷ്യം ദേശീയ മത്സരങ്ങൾ കളിച്ച് മികച്ച റാങ്കിങ്ങിലേക്ക് ഉയരുക എന്നതാണ്. ടൂർണമെന്റിൽ മികച്ച പ്രകടനമാണ് ശബരിനാഥ് പുറത്തെടുത്തത്. ഒരു വ്യക്തിഗത ഗെയിം ആയത് കൊണ്ടു തന്നെ തുടർച്ചയായ പരിശ്രമങ്ങൾക്ക് മുൻഗണന നൽകണം. തുടക്കകാലത്ത് പരിശീലനത്തിനും ദേശീയ, അന്തർ സംസ്ഥാന മത്സരങ്ങളും കളിക്കാനുള്ള സഹായങ്ങളും ലഭിച്ചാൽ നമുക്കും മികച്ച താരങ്ങളെ ലഭിക്കുമെന്നുറപ്പാണ്, ശബരിനാഥ് പറയുന്നു. ഇപ്പോൾ നടന്നു വരുന്ന ടൂർണമെന്റും പുതിയ താരങ്ങൾക്ക് വലിയ പ്രചോദനമാണെന്നും ശബരി കൂട്ടിച്ചേർത്തു.

Tags :
keralaSports
Advertisement
Next Article