ബിജെപിയുടെ ഭൂപടത്തിൽ കേരളമില്ല; കേരളത്തിന്റെ ഭൂപടത്തിലും ബിജെപി ഉണ്ടാകരുത്: പി കെ കുഞ്ഞാലിക്കുട്ടി
പാലക്കാട്: ബിജെപിയുടെ ഭൂപടത്തിൽ കേരളം ഇല്ലെന്നും സംസ്ഥാനത്തോട് അത്രമേൽ വിദ്വേഷം വെച്ചുപുലർത്തുന്ന ബിജെപി കേരളത്തിന്റെ ഭൂപടത്തിലും ഉണ്ടാകരുതെന്നും നിയമസഭ പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന വാശിയിലാണ് കേന്ദ്രസർക്കാർ. ഈ ജനത ഒരു ദുരന്തത്തെ അതിജീവിക്കുമ്പോഴും അതിന് യാതൊരുവിധ സഹായങ്ങളും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. പൂർണ്ണമായും ജനങ്ങൾക്കൊപ്പം നിൽക്കാതെ അവരെ വഞ്ചിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. ഇതൊന്നും കേരളത്തിലെയും പാലക്കാട്ടേയും ജനങ്ങൾ മറക്കുകയില്ല. വളരെ വലിയ സ്വീകാര്യതയാണ് യുഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിക്കുന്നത്. ഇരു സർക്കാരുകളുടെയും ജനദ്രോഹ നയങ്ങളിൽ പൊതുജനം പൊറുതിമുട്ടിയിരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ശക്തമായ ഒരു പാഠം പഠിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് പാലക്കാട്ടെ ജനത. അത് യുഡിഎഫിനും രാഹുലിനും അനുകൂലമായ തെരഞ്ഞെടുപ്പ് ഫലമാകും ഒരുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.