'പോരാട്ടത്തിൽ പിന്നോട്ടില്ല'; സമരം ശക്തമാക്കി കെ.എസ്.യു
തൃശൂര്‍: ശ്രീകേരളവര്‍മ്മ കോളേജിലെ യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അട്ടിമറിയില്‍ പ്രതിഷേധിച്ച് കെ.എസ്.യുവും കോണ്‍ഗ്രസും നടത്തുന്ന സമരം കൂടുതല്‍ ശക്തിപ്പെടുത്താന്‍ തീരുമാനം. ഇന്ന് രാവിലെ പതിനൊന്നിന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോളേജിലേയ്ക്ക് മാര്‍ച്ച് നടക്കും. കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ കലക്ടറേറ്റ് മാര്‍ച്ചും അടുത്ത ദിവസങ്ങളില്‍ നടക്കും. അട്ടിമറിക്ക് നിര്‍ദ്ദേശം നല്‍കിയ കോളേജിലെ മുന്‍ അധ്യാപിക കൂടിയായ ഉന്നതവിദ്യാഭ്യാസമന്ത്രിയ്‌ക്കെതിരായ സമരവും ശക്തമാക്കും. ആദ്യഘട്ടമായി ഇന്നലെ കലക്ടറേറ്റിന് മുന്‍പില്‍ സ്ഥാപിച്ചിരിക്കുന്ന നവകേരള സദസ്സിന്റെ ഫ്‌ളക്‌സ് ബോര്‍ഡില്‍ മന്ത്രിയുടെ ചിത്രത്തില്‍ കെ.എസ്.യു കരി ഓയില്‍ ഒഴിച്ചു. വിദ്യാഭ്യാസമന്ത്രിയെ സംസ്ഥാന വ്യാപകമായി തടയാനും തീരുമാനിച്ചിട്ടുണ്ട്. തൃശൂര്‍ കലക്ടറേറ്റിന് മുന്നില്‍ സംസ്ഥാന പ്രസിഡന്റ് നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജില്ലാ കേന്ദ്രങ്ങളില്‍ സംഗമങ്ങള്‍ നടക്കുന്നതിന് പുറമേ പത്തനംതിട്ടയില്‍ ഐക്യദാര്‍ഢ്യസദസ്സും ഇന്ന് നടക്കും.
യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ആസൂത്രിതമായ അട്ടിമറിയാണ് സംഭവിച്ചതെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. എല്ലാ ബൂത്ത് ഏജന്റുമാരും ഒപ്പിട്ട മാന്വല്‍ ടാബുലേഷന്‍ ഷീറ്റ് സി.പി.എം അനുകൂല അധ്യാപകരുടെ നേതൃത്വത്തില്‍ പൂഴ്ത്തി. ആദ്യ വോട്ടെണ്ണലില്‍ കെ.എസ്.യു സ്ഥാനാര്‍ത്ഥിയായ എസ് ശ്രീക്കുട്ടനാണ് ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇത് റിട്ടേണിംഗ് ഓഫീസര്‍ കൗണ്ടിഗ് പൂര്‍ത്തിയായ ശേഷം പ്രഖ്യാപിച്ചതുമാണ്. വോട്ടെണ്ണല്‍ പൂര്‍ത്തിയായ ശേഷം ബൂത്ത് ഏജന്റുമാര്‍ മാന്വല്‍ ഷീറ്റില്‍ ഒപ്പിട്ടു നല്‍കിയിരുന്നു. ഇത് അധ്യാപകര്‍ ചേര്‍ന്ന് പൂഴ്ത്തിയിരിക്കുകയാണ്. ഇതിനിടെ ടാബുലേഷന്‍ ഷീറ്റില്‍ കൃത്രിമത്വം നടത്തി എസ്.എഫ്.ഐ അവരാണ് ജയിച്ചതെന്ന് അവകാശപ്പെടുകയാണ്. രേഖ തിരുത്തിയത് ക്രിമിനല്‍ കുറ്റമാണ്. ഇക്കാര്യത്തില്‍ അന്വേഷണം വേണം. അധ്യാപകരായ കൗണ്ടിംഗ് ഓഫീസര്‍മാര്‍ ക്യാപ്റ്റന്‍ ചിത്ര, ഡോ. രാജേഷ്, വിദ്യാര്‍ത്ഥി പ്രതിനിധികളായ കൗണ്ടിംഗ് ഏജന്റുമാര്‍ എന്നിവര്‍ സാക്ഷ്യപ്പെടുത്തിയ ഫലം പ്രകാരമാണ് റിട്ടേണിംഗ് ഓഫീസര്‍ ശ്രീക്കുട്ടന്റെ വിജയം പ്രഖ്യാപിച്ചത്. റീ കൗണ്ടിംഗിന് ശേഷം ടാബുലേഷന്‍ ഷീറ്റ് തയ്യാറാക്കിയത് കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന അധ്യാപകരായ ശ്യാം, പ്രകാശന്‍, പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ്. ഇവരാണ് റീകൗണ്ടിംഗ് നടക്കുമ്പോഴും എസ്.എഫ്.ഐ അനുകൂല നിലപാടുകള്‍ സ്വീകരിച്ച് ശ്രീക്കുട്ടന്റെ വോട്ടുകള്‍ അനധികൃതമായി ഇന്‍വാലിഡ് ആക്കാന്‍ ഇടപെടലുകള്‍ നടത്തിയത്. ഉത്തരവാദിത്വപ്പെട്ട ആദ്യ ടാബുലേഷന്‍ ടീം തയ്യാറാക്കിയ ആദ്യ ഫലം തിരുത്തുകയൊ അല്ലെങ്കില്‍ തിരുത്താന്‍ പാകത്തില്‍ ഫയല്‍ എസ്.എഫ്.ഐക്കാര്‍ക്ക് കൈമാറുകയൊ ചെയ്തിട്ടുണ്ട് എന്ന് സംശയിക്കുന്നുവെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.