11 കിലോമീറ്റർ താണ്ടി മൂന്നു മണിക്കൂറിനുള്ളിൽ സംഘം പാരിപ്പള്ളിയിൽ
കൊല്ലം: ഓയൂരിൽ നിന്നു പാരിപ്പള്ളിയിലലേക്ക് കഷ്ടിച്ചു 11.4 കിലോമീറ്റർ മാത്രമാണു ദൂരം. 20 മിനിറ്റ് കൊണ്ട് ഓട്ടോയിലെത്താം. എന്നാൽ പ്രതികളെന്നു സംശയിക്കുന്നവർ ഇത്ര ദൂരം താണ്ടാൻ മൂന്നു മണിക്കൂറോളം എടുത്തു. അപ്പോഴേക്കും ന്യൂസ് ചാനലുകൾ വാർത്ത ബ്രേക്ക് ചെയ്യുകയും പൊലീസും നാട്ടുകാരും അന്വേഷഷണം ഊർജിതമാക്കുകയും ചെയ്തിരുന്നു. എന്നിട്ടും മൂന്നു മണിക്കൂർ ചുറ്റുവട്ടത്തുണ്ടായിരുന്ന പ്രതികളെ കണ്ടെത്താൻ കഴിയാതിരുന്നതു വലിയ വീഴ്ചയായി.
രാത്രി ഏഴര മണിയോടെയാണ് പ്രതികൾ പാരിപ്പള്ളിയിലെത്തിയത്. കട അടയ്ക്കാൻ നേരത്താണ് ഒരു പുരുഷനും സ്ത്രീയും എത്തിയതെന്ന് ഉടമ പറഞ്ഞു. ഫോൺ എടുത്തിട്ടില്ല, എന്തൊക്കെ സാധനങ്ങൾ വേണമെന്ന് ചോദിക്കട്ടെയെന്ന് പറഞ്ഞാണ് സ്ത്രീ മൊബൈൽ ചോദിച്ചത്. അവർ ഫോൺ വിളിച്ച് കൊണ്ട് അൽപ്പം ദൂരം മാറി നിന്നു. ഈ സമയത്ത് പുരുഷൻ ബിസ്‌ക്കറ്റ്, റെസ്‌ക്ക്, തേങ്ങ എന്നിവ വാങ്ങി. സാധനങ്ങൾ പൊതിഞ്ഞ് കൊണ്ടിരിക്കുമ്പോഴേക്കും സ്ത്രീ ഫോൺ തിരിച്ചു തന്നു. പുരുഷൻ മാസ്‌ക് ധരിച്ചിട്ടില്ലായിരുന്നു. യുവതി ഷാൾ ഉപയോഗിച്ച് തല മറച്ചിരുന്നു. പുരുഷന് അത്യാവശ്യം പൊക്കമുള്ള 50 വയസ് തോന്നിക്കുന്ന ഒരാളാണ്. സ്ത്രീക്ക് ഏകദേശം 35 വയസ് തോന്നിക്കും. കടയുടെ അൽപ്പം മുന്നിലാണ് ഓട്ടോ നിർത്തിയത്. സ്ത്രീയെയും പുരുഷനെയും മാത്രമാണ് കണ്ടത്. മൂന്നാമനെ കണ്ടിട്ടില്ല. ഇരുവരെയും കണ്ടാൽ തിരിച്ചറിയുമെന്നും കടയുടമ അറിയിച്ചു.
അതേസമയം, ഓട്ടോയിൽ മൂന്നു പേരുണ്ടായിരുന്നെന്ന് പ്രദേശത്തുണ്ടായിരുന്ന സതീശൻ എന്നയാൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്തീ ധരിച്ചത് വെള്ള പുള്ളികളുള്ള പച്ച ചുരിദാറാണ്. പുരുഷൻ ബ്രാൺ ഷർട്ടും കാക്കി പാന്റുമായിരുന്നു. ഡ്രൈവർ സീറ്റിലുണ്ടായിരുന്നയാൾ കമിഴ്ന്നിരിക്കുകയായിരുന്നു. ഏകദേശം പത്തുമിനിറ്റോളം ഓട്ടോ സ്ഥലത്തുണ്ടായിരുന്നു. സമീപപ്രദേശത്തുള്ള ഓട്ടോയല്ലായിരുന്നു അതെന്ന് സതീശൻ പറഞ്ഞു.
വിവരം ലഭിച്ചാൽ അറിയിക്കുക: 9946 92 32 82, 9495 57 89 99