തട്ടിക്കൊണ്ടു പോകൽ: പിന്നിൽ നഴ്സിംഗ് പ്രവേശന തട്ടിപ്പെന്ന് മൊഴി
പ്രത്യേക ലേഖകൻ
കൊല്ലം: ഓയൂരിൽ നിന്ന് ഈ മാസം 27ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ ദമ്പതികളും മകളും പിടിയിൽ. ചാത്തന്നൂർ മാമ്പള്ളിക്കുന്ന് കവിതാലയത്തിൽ കെ.ആർ പദ്മകുമാർ, ഭാര്യ കവിത, മകൾ അനുപമ എന്നിവരാണു പിടിയിലായത്. തമിഴ്നാട്ടിലെ തെങ്കാശി പുളിയറൈയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ, ഇന്നലെ ഉച്ച യ്ക്കു രണ്ടു മണിയോടെയാണ് ഇവർ പിടിയിലായത്. വൈകുന്നേരം 5.15ന് ഇവരെ അടുർ കെഎപി ക്യാംപ് മൂന്നിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.
മകളുടെ നഴ്സിംഗ് പഠനത്തിനു തട്ടിയെടുക്കപ്പെട്ട കുട്ടിയുടെ പിതാവ് റെജിക്കു നൽകിയ പണത്തെച്ചൊല്ലി ഉണ്ടായിരുന്ന പ്രശ്നങ്ങളാണ് സംഭവത്തിലേക്കു നയിച്ചതെന്ന് പദ്മകുമാർ പൊലീസിനോടു പറഞ്ഞു. തട്ടിയെടുക്കലിൽ ഭാര്യക്കോ മകൾക്കോ പങ്കില്ലെന്നും ഇയാൾ മൊഴി നല്കി.
കൊല്ലം സിറ്റി കമ്മിഷണറുടെ പ്രത്യേക അന്വേഷണ വിഭാഗമായ ഡാൻസാഫ് സംഘമാണ് പ്രതികളെ കസ്റ്റിഡിയിലെടുത്തത്.
ചാത്തന്നൂരിൽ വലിയ സാമ്പത്തിക നിലയിലുള്ള അറിയപ്പെടുന്ന വീട്ടുകാരാണ് പദ്മകുമാറിന്റെ കുടുംബം. പഠിപ്പിൽ മിടുക്കനായിരുന്ന ഇയാൾ എൻജിനീയറിംഗ് ബിരുദധാരിയാണ്. കേബിൾ നെറ്റ് വർക്ക് സ്ഥാപനവും ബേക്കറിയും നടത്തുന്നുണ്ട്. ഭാര്യ കവിതയാണ് ബേക്കറി നോക്കി നടത്തുന്നത്. പദ്മകുമാറിനു റിയൽ എസ്റ്റേറ്റ് ബിസിനസുമുണ്ട്. മകൾക്കു വിദേശത്ത് നഴ്സിംഗ് പ്രവേശനത്തിന് റെജിക്ക് അഞ്ച് ലക്ഷം രൂപം നൽകിയിരുന്നത്രേ. എന്നാൽ പറഞ്ഞ സമയത്ത് പ്രവേശനം ലഭിച്ചില്ല. കൊടുത്ത പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിയായി. ഇതാവർത്തിച്ചപ്പോഴാണ് കുട്ടിയെ തട്ടിയെടുത്ത് വിലപേശിയതെന്നാണ് പദ്മകുമാർ പൊലീസിനോടു വെളിപ്പെടുത്തിയതത്രേ. യുണൈറ്റഡ് നഴ്സിംഗ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ പ്രസിഡന്റാണ് റെജി.
അടൂർ പൊലീസ് ക്യാംപിൽ ക്രമസമാധാന ചുതലയുള്ള എഡിജിപി എം.ആർ. അജിത് കുമാർ, ഐജി സ്പർജൻ കുമാർ, ഡിഐജി ആർ. നിശാന്തിനി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരാണ് ഇവരെ ചോദ്യം ചെയ്യുന്നത്. കൂടുതൽ പേർക്ക് സംഭവവുമായി ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.
പൊലീസ് പുറത്തു വിട്ട പ്രതികളുടെ രേഖാചിത്രമാണ് കേസിന് വഴിത്തിരിവായത്. ചിത്രം കണ്ട അയിരൂർ സ്വദേശിയായ ഒരാൾ പദ്മകുമാറിനെ കുറിച്ച് സൂചന നൽകി. പാരിപ്പള്ളിയിൽ പ്രതികൾ സഞ്ചരിച്ച ഓട്ടോ റിക്ഷയുടെ ഡ്രൈവർ നല്കിയ മൊഴിയും പൊലീസിനെ ഏറെ സഹായിച്ചു. ഇതെല്ലാം വച്ച് വ്യാഴാഴ്ച മുതൽ തന്നെ പൊലീസ് പദ്മകുമാറിനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.
വ്യാഴാഴ്ച രാവിലെ പദ്മകുമാർ കൊല്ലം നഗരത്തിലെത്തിയിരുന്നു. സ്ഥിതിഗതികൾ നിരീക്ഷിച്ചു മടങ്ങി. രേഖാ ചിത്രം പുറത്തു വന്നതും അതിനു താനുമായി വളരെ സാദൃശ്യമുള്ളതും പദ്മകുമാറിനെ ആശങ്കയിലാക്കി. തുടർന്നാണ് വൈകുന്നേരം സ്വന്തം ഹ്യൂണ്ടായ് എലൻട്രാ കാറിൽ നാടു വിടാൻ തീരുമാനിച്ചത്. കുട്ടിയെ തട്ടി കൊണ്ടു വന്ന വെള്ള സ്വിഫ്റ്റ് ഡിസയർ കാർ ചാത്തന്നൂരിലെ വീട്ടിൽ നിന്നു പൊലീസ് കസ്റ്റഡിയിലെടുത്തു.
അതിനിടെ പദ്മകുമാറിന്റെ യഥാർഥ ചിത്രം തട്ടിക്കൊണ്ടു പോകപ്പെട്ട പെൺകുട്ടി തിരിച്ചറിഞ്ഞു. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം.എം ജോസിന്റെ നേതൃത്വത്തിലുള്ള സംഘം കുട്ടിയുടെ വീട്ടിലെത്തിയാണ് ചിത്രങ്ങൾ കാണിച്ചത്. 11 ചിത്രങ്ങൾ കാണിച്ചെങ്കിലും മറ്റൊന്നും കുട്ടി തിരിച്ചറിഞ്ഞില്ല. കഷണ്ടിയുള്ള മാമൻ എന്നാണ് കുട്ടി പദ്മകുമാറിനെ വിശേഷിപ്പിച്ചത്. ഇയാൾ തന്നെയാണോ മുഖ്യ പ്രതിയെന്ന് പൊലീസ് ഇതുവരെ ഉറപ്പിച്ചിട്ടില്ല. റെജിയുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അതിലെ കണ്ണികളെക്കുറിച്ചും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. കേസിൽ ഉൾപ്പെട്ട മറ്റുള്ളവരെ കൂടി കണ്ടു പിടിച്ചതിനു ശേഷം പ്രതികളെ
തെളിവെടുപ്പിനായി കൊണ്ടു പോകും.