സക്കീർ ഹുസൈൻ തുവ്വൂരിന് യാത്രയയപ്പ് നൽകി
കുവൈത്ത് സിറ്റി : നീണ്ട 26 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന പ്രമുഖ പണ്ഡിതനും വാഗ്‌മിയും കേരള ഇസ്‌ലാമിക് ഗ്രൂപ് മുൻ പ്രസിഡണ്ടുമായ സക്കീർ ഹുസൈൻ തുവ്വൂരിന് കെ ഐ ജിയുടെ ആഭിമുഖ്യത്തിൽ മത സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ ചേർന്ന് യാത്രയയപ്പ് നൽകി. കെ ഐ ജിയെയും അതിൻറെ ആശയങ്ങളെയും കുവൈത്തിലെ പ്രവാസി സമൂഹത്തിന് മുമ്പിൽ ഏറ്റവും മനോഹരമായി പരിചയപ്പെടുത്തുന്നതിലും സംവാദങ്ങളിൽ അതിനെ ഏറ്റവും നന്നായി പ്രതിരോധിക്കുന്നതിലും അദ്ദേഹത്തിന്റെ കഴിവ് പ്രത്യേകം എടുത്തു പറയേണ്ടതാണ് എന്നും പ്രവാസി സമൂഹത്തിലെ വളർന്നുവരുന്ന തലമുറകളെ വിശ്വാസദാർഢ്യമുള്ളവരും സംസ്കാരസമ്പന്നരുമായി വളർത്തിയെടുക്കുന്നതിൽ മത വിദ്യാഭ്യാസ രംഗത്ത് അദ്ദേഹത്തിൻറെ ദശകങ്ങൾ നീണ്ട അധ്യാപന സപര്യ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും ആശംസ പ്രസംഗകർ ഓർമ്മിപ്പിച്ചു.
സിദ്ധീഖ് വലിയകത്ത്, കൃഷ്‌ണൻ കടലുണ്ടി, ഖലീൽ അടൂർ, അനിയൻ കുഞ്ഞ്, ഹംസ പയ്യന്നൂർ, ബഷീർ ബാത്ത, അസീസ് തിക്കോടി, സത്താർ കുന്നിൽ, ഡോക്‌ടർ അമീർ അഹ്‌മദ്, ഷബീർ മണ്ടോളി, സുൽഫി, ഹമീദ് മാത്തൂർ, യാഖൂബ് എലത്തൂർ, അസീസ് മാറ്റുവയൽ, സിദ്ധീഖ് മദനി തുടങ്ങിയവർ ആശംസ പ്രസംഗം നിർവഹിച്ചു. സക്കീർ ഹുസൈൻ തുവ്വൂർ മറുപടി പ്രസംഗം നടത്തി.ഫർവാനിയ ഷെഫ് നൗഷാദ് ഹോട്ടലിൽ സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തിൽ കെ.ഐ.ജി.പ്രസിഡണ്ട് ശരീഫ് പി ടി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് സ്വാഗതവും വൈസ് പ്രസിഡണ്ട് ഫൈസൽ മഞ്ചേരി നന്ദിയും പറഞ്ഞു.