ടി പി വധക്കേസ് പ്രതി കൊടി സുനിക്ക് എന്ത് മനുഷ്യാവകാശത്തിന്റെ പേരിലാണ് ജാമ്യം അനുവദിച്ചതെന്ന് കെ കെ രമ
കോഴിക്കോട്: ആര്‍.എം.പി സ്ഥാപക നേതാവ് ടി.പി. ചന്ദ്രശേഖരന്‍ കൊലപാതകക്കേസിലെ മുഖ്യ പ്രതി കൊടി സുനിക്ക് ജയില്‍ വകുപ്പ് പരോള്‍ അനുവദിച്ചു. 30 ദിവസത്തെ പരോളാണിപ്പോള്‍ അനുവദിച്ചത്. സുനിയുടെ മാതാവ് മനുഷ്യാവകാശ കമീഷനെ സമീപിച്ചതോടെയാണ് പരോള്‍ അനുവദിച്ചത്. ഈ മാസം 28ന് സുനി പുറത്തിറങ്ങി. അഞ്ച് വര്‍ഷത്തിനുശേഷമാണ് പരോള്‍ ലഭിക്കുന്നത്. പൊലീസ് റിപ്പോര്‍ട്ട് എതിരായിട്ടും പരോള്‍ അനുവദിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.
മലപ്പുറം ജില്ലയിലിലെ തവനൂര്‍ ജയിലിലാണിപ്പോള്‍ സുനിയുള്ളത്. എന്ത് മനുഷ്യാവകാശത്തിന്റെ പേരിലാണ് ജാമ്യം അനുവദിച്ചതെന്ന് ജയില്‍ വകുപ്പ് അധികൃതര്‍ മറുപടി പറയണമെന്ന് കെ.കെ. രമ എം.എല്‍.എ. നേരത്തെ തന്നെ ടി.പി വധക്കേസ് പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാന്‍ നീക്കം നടന്നിരുന്നു. എന്നാല്‍, നടപടി പുറത്തായ സാഹചര്യത്തിലാണ് മരവിപ്പിച്ചത്. നേരത്തെ പരോളിലിറങ്ങിയ സുനിക്കെതിരെ 12ഓളം കേസുകള്‍ നിലവിലുണ്ട്. ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചത് മാത്രമല്ല, ജയിലിനകത്ത് വെച്ച് ക്വട്ടേഷന്‍ ഏര്‍പ്പാടുകള്‍ നടത്തിയതും നാടിനറിയാം. ജയില്‍ വകുപ്പിന്റെ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കെ.കെ. രമ പറഞ്ഞു.
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ശിക്ഷയില്‍ ഇളവുലഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമം നടത്തിയ സാഹചര്യത്തിലെല്ലാം സി.പി.എം നേതൃത്വമാണ് പ്രതിക്കൂട്ടിലായത്. ദീര്‍ഘകാലം തടവില്‍ കഴിയുന്നവര്‍ക്ക് ഇളവ് നല്‍കാനുള്ള സര്‍ക്കാറിന്റെ വിവേചനാധികാരമുപയോഗിച്ച് മറ്റുള്ളവര്‍ക്കൊപ്പം ടി.പി കേസ് പ്രതികള്‍ക്ക് ശിക്ഷ ഇളവ് ലഭ്യമാക്കുകയായിരുന്നു സര്‍ക്കാര്‍ ലക്ഷ്യം.
ഇതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് പൊലീസ് റിപ്പോര്‍ട്ട് തേടിയതോടെ, വിവാദവും പ്രതിഷേധവുമുയരുകയും നീക്കത്തില്‍നിന്ന് ബന്ധപ്പെട്ടവര്‍ താല്‍ക്കാലികമായി പിന്‍വാങ്ങുകയും ചെയ്‌തെങ്കിലും പാര്‍ട്ടിയെയും സര്‍ക്കാറിനെയും വീണ്ടും കരിനിഴലിലാക്കുന്നതായി നടപടികള്‍. ടി.പി വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നാണ് കൊലപാതകമുണ്ടായ നാള്‍മുതല്‍ സി.പി.എം ആവര്‍ത്തിക്കുകയാണ്. അങ്ങനെയെങ്കില്‍ പ്രതികള്‍ക്കായി പാര്‍ട്ടിയും സര്‍ക്കാറും എന്തിനാണ് അനര്‍ഹമായി ഒത്താശ ചെയ്യുന്നതെന്നാണ് പ്രവര്‍ത്തകരില്‍ നിന്നുള്‍പ്പെടെ ഉയരുന്ന ചോദ്യം.
കൊടി സുനി അടക്കം പ്രതികള്‍ ജയിലില്‍ ലഹരി ഉപയോഗിച്ചതിനും ജയില്‍ വാര്‍ഡന്മാരെ ആക്രമിച്ചതിനും ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനും സ്വര്‍ണക്കടത്തും ക്വട്ടേഷന്‍ പ്രവര്‍ത്തനവും ആസൂത്രണം ചെയ്തതിനും പല ഘട്ടങ്ങളിലായി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവയിലൊന്നും അന്വേഷണം മുന്നോട്ടുപോയിട്ടില്ലെന്നു മാത്രമല്ല പ്രതികളെ നിലവിലെ ജയിലില്‍നിന്ന് മാറ്റി കേസന്വേഷണം അവസാനിപ്പിക്കുന്നതാണ് പതിവുരീതി.
പ്രതികളെ ജയിലുകളില്‍നിന്ന് വിവിധ ആവശ്യങ്ങള്‍ക്ക് പുറത്തേക്ക് കൊണ്ടുപോകുമ്പോള്‍ 'വി.ഐ.പി പരിഗണന' നല്‍കുന്നതും വലിയ ചര്‍ച്ചയാണ്. പ്രതികള്‍ക്ക് ശിക്ഷ ഇളവിന് ശ്രമം നടത്തിയത്. അതേസമയം, ടി.പിയെ കൊല്ലിച്ചതാരെന്ന സത്യം പ്രതികള്‍ വിളിച്ചുപറയാതിരിക്കാനാണ് പാര്‍ട്ടി തുടര്‍ പരോള്‍ അടക്കം ഓഫറുകള്‍ നല്‍കുന്നതെന്നും വിമര്‍ശനമുണ്ട്.