Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മയൂര സന്ദേശത്തിന്റെ നാട്ടിൽ സർഗവസന്തം മൊട്ടി‌ട്ടു, നാളെ പൂചൂടും

11:17 AM Jan 03, 2024 IST | Rajasekharan C P
Advertisement

സി.പി രാജശേഖരൻ

Advertisement

കൊല്ലം: കേരള വർമ വലിയ കോയിത്തമ്പുരാൻ മയിലിനെ കൊണ്ട് വർണിച്ചു മനോഹരമാക്കിയ കൊല്ലം രാജ നഗരം സർഗ വസന്തം കൊണ്ടു പുഷ്പിണിയാകാൻ സർവ സജ്ജമായി. ഇനിയുള്ള അഞ്ചാറ് ദിന രാത്രങ്ങൾ നാദതാള നൃത്ത നൃത്യ വിസ്മയങ്ങളുടെ ഇശലുകളാൽ പെയ്തൊഴിയാനുള്ള വെമ്പലിലാണ് കൊല്ലം മഹാ നഗരം. കാസർഗോട്ടു നിന്നുള്ള ആദ്യ സംഘം ഇന്നു വൈകുന്നേരം എത്തിച്ചേരുന്നതോ‌ടെ 62ാമത് സംസ്ഥാന സ്കൂൾ കലോത്സവം മിഴി തുറക്കും. 24 വേദികളിലായി 14,000 പ്രതിഭകളുടെ കലാമത്സരങ്ങൾക്ക് കാഴ്ചക്കാർ കണ്ണും കാതും കൂർപ്പിക്കും.
പ്രധാന വേദികളളെല്ലാം സർവ സജ്ജം. പ്രധാന പാചകപ്പുരയിൽ ഇന്നു രാത്രി പാലു കാച്ചും. രുചിക്കൂട്ടുകളുടെ തമ്പുരാൻ പഴയിടം നമ്പൂതിരിയുടെ നേതൃത്വത്തിൽ പാൽപ്പായസമടക്കമുള്ള വിഭവങ്ങളെല്ലാം കലവറയിൽ തയാറെടുത്തു വരുന്നു. നാളെ മുതൽ അഞ്ചു ദിവസം ഇരുപതിനായിരത്തിൽപരം പേർ കലോത്സവത്തിന്റെ അന്നമുണ്ണും.
അഞ്ച് ദിനരാത്രങ്ങൾ കലയുടെ കേളികൊട്ടുയരുന്ന ആശ്രാമത്തെ പ്രധാന കലോത്സവ വേദി മന്ത്രി വി ശിവൻകുട്ടി കലോത്സവത്തിനായി സമർപ്പിച്ചു. കവി ഒ എൻ വി കുറുപ്പിന്റെ നാമകരണത്തിലുള്ള വേദിയും പന്തലുമാണ് ഇന്നലെ തുറന്നിട്ടത്. പന്തൽ ആൻഡ് സ്റ്റേജ് കമ്മിറ്റി ചെയർമാൻ റ്റി ജി ഗിരീഷ് അധ്യക്ഷനായി.
60,000 ചതുരശ്ര അടി വലിപ്പത്തിലാണ് പന്തലിന്റെ നിർമാണം. ഒരേ സമയത്ത് 10,000 കസേരകൾ ക്രമീകരിക്കാവുന്ന രീതിലാണ് സജ്ജീകരണം. 25 വർഷമായി സ്‌കൂൾ കലോത്സവത്തിന് സ്റ്റേജും പന്തലും ഒരുക്കുന്ന തൃശ്ശൂർ സ്വദേശി ഉമ്മർ ആണ് ഇത്തവണയും പന്തൽ ഒരുക്കുന്നത്. കോർപ്പറേഷൻ മേയർ പ്രസന്ന ഏണസ്റ്റ്, എംഎൽഎമാരായ എം മുകേഷ്, എം നൗഷാദ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് ഐ എ എസ് , കെഎസ്എഫ്ഇ ചെയർമാൻ വരദരാജൻ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എക്‌സ് ഏണസ്റ്റ്, പന്തൽ ആൻഡ് സ്റ്റേജ് കമ്മിറ്റി കൺവീനർ പി എസ് ഗോപകുമാർ, സംഘാടകസമിതി അംഗങ്ങൾ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.
ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്കുള്ള സ്വർണക്കപ്പ് ഇന്ന് ഉച്ചകഴിഞ്ഞ് കൊട്ടാരക്കരയിലെ കുളക്കടയിൽ മന്ത്രിമാരായ മന്ത്രി കെ എൻ ബാലഗോപാൽ, ജെ ചിഞ്ചുറാണി, കെ ബി ഗണേഷ് കുമാർ, മേയർ പ്രസന്ന ഏർണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ, സംസ്ഥാന കലോത്സവ സംഘാടന സമിതി-വിവിധ സബ് കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ ചേർന്ന് സ്വീകരിക്കും.
വൈകുന്നേരത്തോടെ കപ്പ് കൊല്ലത്തെ പ്രധാന വേദിയിലെത്തും.
നാളെ രാവിലെ പത്തിനു നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും.

Tags :
featured
Advertisement
Next Article