ഇസ്രയേലിൽ മിസൈൽ ആക്രമണം: കൊല്ലം സ്വദേശി കൊല്ലപ്പെട്ടു
ജറുസലേം: ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു. കൊല്ലം കൈക്കുളങ്ങര സ്വദേശി പാറ്റ്നിബിൻ മാക്സ്‌വെൽ (31) ആണു കൊല്ലപ്പെട്ടത്. പ്രദേശിക സമയം ഇന്നലെ അർധരാത്രി കഴിഞ്ഞ് (ഇന്ത്യൻ സമയം ഇന്നു രാവിലെ) ആയിരുന്നു സംഭവം.
കാർഷിക മേഖലയിലായിരുന്നു നിബിൻ മാക്സ്വെലിനു ജോലി. കൊല്ലം വാടി കാർമൽ കോട്ടേജിൽ പത്രോസിന്റെ മകനാണു പാറ്റ്നിബിൻ മാക്‌സ്‌വെൽ. സംഭവത്തിൽ മറ്റു രണ്ടു മലയാളികൾക്ക് പരിക്കുണ്ട്. ബുഷ് ജോസഫ് ജോർജ്, ഇടുക്കി സ്വദേശിയായ പോൾ മെൽവിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരടക്കം സംഭവത്തിൽ ആകെ ഏഴുപേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. നിബിന്റെ സഹോദരൻ നിവിനും ഇസ്രായേലിലാണ്.
നിബിൻ മാക്‌സ്‌വെല്ലിന്റെ മൃതദേഹം സിവ് ആശുപത്രിയിലേക്ക് മാറ്റി. രണ്ടു മാസം മുൻപാണ് പാറ്റ്നിബിൻ ഇസ്രായേലിലേക്ക് പോയതെന്ന് ബന്ധുക്കൾ പറയുന്നു.
ബുഷ് ജോസഫ് ജോർജും പോൾ മെൽവിനും പരിക്കേറ്റ് ചികിത്സയിൽ തുടരുകയാണ്. മുഖത്തും ശരീരത്തിലും പരിക്കേറ്റ ബുഷ് ജോസഫ് ജോർജ് ബെയ്‌ലിൻസൺ ആശുപത്രയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി. സുഖം പ്രാപിച്ചുവരുന്നുവെന്നാണ് വിവരം. ഇദ്ദേഹം നാട്ടിൽ കുടുംബത്തോട് സംസാരിച്ചു. നിലവിൽ നിരീക്ഷണത്തിലാണ്.