കൊട്ടിക്കലാശം ഇന്ന്; വയനാട്ടിലും ചേലക്കരയിലും ആവേശം കൊടുമുടി കയറും
കൽപ്പറ്റ/ത്യശൂർ: വയനാട് ലോകസഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും ഇന്നു വൈകിട്ട് പ്രചാരണത്തിന് കൊട്ടിക്കലാശം. ഞെഞ്ഞെടുപ്പ് പ്രചരണത്തിന് പരിസമാപ്തി കുറിക്കാൻ മണിക്കൂറുകൾ മാത്രമുള്ളപ്പോൾ വാനോളമുയരുകയാണ് വയനാട്ടിൽ ആവേശം. യുഡിഎഫ് സ്ഥാനാർഥി പ്രിയങ്കാഗാന്ധിയുടെ മുന്നാംഘട്ട പ്രചരണം ഞായറാഴ്ച ഉച്ചയോടെ ആരംഭിച്ചപ്പോൾ തന്നെ ഗ്രാമ,നഗര വ്യത്യാസമില്ലാതെ ജനങ്ങൾ പ്രിയങ്കയെ കാണാനും ആശിർവദിക്കാനും ഒഴുകിയെത്തുന്നതാണ് കണ്ടത്. ഇന്ന് തെരഞ്ഞെടുപ്പ് പ്രചരണത്തിന് തിരശീല താഴുമ്പോൾ ആ ആവശം അതിൻ്റെ പാരമ്യത്തിലെത്തുന്നതാണ് ഇനിയുള്ള നിമിഷങ്ങളിൽ കാണാനാവുക.
ഇന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തിരശ്ശീല താഴുമ്പോൾ കൊട്ടികലാശത്തിനായി രാഹുൽഗാന്ധി വീണ്ടും മണ്ഡല ത്തിലെത്തുകയാണ്. രാവിലെ 10 മണിക്ക് സുൽത്താൻബത്തേരിയിലും, ഉച്ചക്ക് ശേഷം മൂന്നിന് തിരുവമ്പാടിയിലുമാണ് ഇരുവരും നയിക്കുന്ന റോഡ്‌ഷോ നടക്കുക.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖർഗെയും. സോണിയാഗാന്ധിയും മുഖ്യമന്ത്രിമാരുമെല്ലാം അടങ്ങുന്ന നേതാക്കളുടെ നീണ്ട നിരയെത്തിയ നാമനിർദേശ പത്രികാസമർപ്പണത്തിന് മുന്നോടിയായി രാഹുലും പ്രിയങ്കയും നയിച്ച റോഡ്‌ഷോയിൽ കാണാനായത് മനുഷ്യമഹാസാഗരമായിരുന്നു. സമാനരീതിയിലുള്ള ജനപ്രവാഹമായിരിക്കും ഇന്ന് ഇരുവരും ബത്തേരിയിലും തിരുവമ്പാടിയിലും നടത്തുന്ന കൊട്ടിക്കലാശത്തിൻറെ ഭാഗമായുള്ള റോഡ്‌ഷോയിലും കാണാനാവുക.
ചേലക്കര ബസ് സ്റ്റാൻ്റിൻ്റെ പടിഞ്ഞാറു ഭാഗത്താണ് യു.ഡി.എഫ് കൊട്ടിക്കലാശം ഇന്നു വൈകിട്ട് നടക്കുക. കൊട്ടിക്കലാശത്തിന് ആവേശം പകരാൻ കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാകരനുമുണ്ടാകും. ചേലക്കര മണ്ഡലത്തിലേയും പാഞ്ഞാൾ മണ്ഡലത്തിലേയും പ്രവർത്തകരാണ് കൊട്ടിക്കലാശത്തിൽ പങ്കെടുക്കുക. ബാക്കി മണ്ഡലങ്ങൾ അതാത് പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരിക്കും കൊട്ടിക്കലാശം നടത്തുക.
ഇന്ന് രാവിലെ 8.30നാണ് റോഡ് ഷോ ആരംഭിക്കുക. തിരുവില്വാമലയിലെ പാമ്പാടിയിൽ നിന്നും തുടങ്ങുന്ന റോഡ് ഷോ 27 കേന്ദ്രങ്ങൾ ചുറ്റി കൊട്ടിക്കലാശം നടക്കുന്ന ചേലക്കര ബസ് സ്റ്റാൻ്റിലേയ്ക്ക് എത്തും.