കെപിഎസ്ടിഎയുടെ അന്ത്യശാസനം ഫലം കണ്ടു, ഉച്ചഭക്ഷണ തുക ഭാഗികമായി അനുവദിച്ചു
മൂന്നര മാസമായി ഉച്ചഭക്ഷണ തുകയും നാല് മാസമായി മുട്ട, പാൽ എന്നിവയുടെ തുകയും വിതരണം ചെയ്യാതെ പ്രധാനാധ്യാപകരെ കടക്കെണിയിലാക്കിയ സർക്കാർ നിലപാടിൽ പ്രതിഷേധിച്ചു കൊണ്ട് ജനുവരി മാസം 17 ന് മുമ്പ് കുടിശിക തുക അനുവദിച്ചില്ലെങ്കിൽ ഉച്ചഭക്ഷണ വിതരണം നിർത്തിവയ്ക്കുമെന്ന് അറിയിച്ചു കൊണ്ട് കേരള മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും കെപിഎസ്ടിഎ കത്ത് നൽകിയിരുന്നു. ഒരു കാരണവശാലും പ്രധാനാധ്യാപകർ കടം വാങ്ങിയും കയ്യിൽ നിന്ന് പണമെടുത്തും ഉച്ചഭക്ഷണ വിതരണം തുടരേണ്ടതില്ല എന്ന നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ സർക്കാരിന് കത്ത് നൽകിയത്.
ഹൈക്കോടതിയിൽ കേസ് കേൾക്കുന്ന ബഞ്ചിന് മാറ്റമുണ്ടായതുകൊണ്ടാണ് ഹർജി പരിഗണിക്കുന്നത് കുറച്ച് നീണ്ടുപോയത്. മാത്രമല്ല കേസ് പരിഗണിച്ചാൽ മാത്രമേ ഉച്ചഭക്ഷണതുക സർക്കാർ അനുവദിക്കുകയുള്ളൂ എന്ന സത്യം ബഹു. കോടതിക്ക് കൃത്യമായി ബോധ്യപ്പെടാൻ ഈ നാല് മാസത്തെ കുടിശിക കാരണമായിത്തീരുകയും ചെയ്യും.
ബഹു. മുഖ്യമന്ത്രിക്ക് കത്ത് നൽകിയതിനൊപ്പം കോടതിയിൽ കേസ് അടിയന്തിരമായി പരിഗണിക്കുന്നതിനുള്ള നീക്കവും കെ പി എസ് ടി എ നടത്തി. നമ്മുടെ സീനിയർ അഭിഭാഷകൻ കോടതിയിൽ വിഷയം ഉന്നയിക്കുകയും കേസ് അടിയന്തിരമായി പരിഗണിക്കാം എന്ന് കോടതി അറിയിക്കുകയും ചെയ്തു.
ഭക്ഷണ വിതരണം നിർത്തിവച്ചാലും കോടതിയിൽ കേസ് പരിഗണിച്ചാലും ഉണ്ടാകാവുന്ന ഭവിഷ്യത്ത് തിരിച്ചറിഞ്ഞാണ് നാല് മാസമായി നൽകാതെയിരുന്ന തുക അടിയന്തിരമായി നൽകാൻ സർക്കാർ ഉത്തരവിറക്കിയത്. ഈ ഉത്തരവിൽ അഡിഷണൽ എക്സ്പെൻഡിച്ചർ ആയി 4,58,74,000/- രൂപയാണ് അനുവദിച്ചിട്ടുള്ളത്. യഥാർത്ഥത്തിൽ മുട്ട, പാൽ എന്നിവ ഇല്ലാതെ മൂന്ന് മാസത്തേക്ക് മാത്രം ഏകദേശം 90 കോടി രൂപയും മുട്ട, പാൽ എന്നിവയ്ക്കായി ഏകദേശം 45 കോടി രൂപയും വേണ്ടി വരും. ആ തുക ഇതുവരെ അനുവദിച്ചിട്ടില്ല. യഥാർത്ഥ തുക അനുവദിക്കാതെ ഉച്ചഭക്ഷണ തുക അനുവദിച്ചു എന്ന് വരുത്താൻ വേണ്ടി നടത്തുന്ന ഇത്തരം നടപടികൾ ഫലം കാണില്ല. അടുത്ത ആഴ്ച കേസ് പരിഗണിക്കുമ്പോൾ ഇക്കാര്യങ്ങളെല്ലാം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും കേസ് പറഞ്ഞ് കുടിശിക വാങ്ങി ഉച്ചഭക്ഷണ വിതരണം നടത്തുന്ന നടപടി അവസാനിപ്പിച്ച് പ്രധാനാധ്യാപകരെ ഉച്ചഭക്ഷണ ചുമതലയിൽ നിന്ന് ഒഴിവാക്കുകയോ, അതല്ലെങ്കിൽ ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്തെപ്പോലെ മുൻകൂർ തുക അനുവദിക്കുകയോ ചെയ്യണമെന്ന് കെ പി എസ് ടി എ കോടതിയിൽ ശക്തമായ നിലപാടെടുക്കും.
എന്തായാലും ഉച്ചഭക്ഷണ വിതരണത്തിന് പ്രധാനാധ്യാപകർ കയ്യിൽ നിന്ന് പണം മുടക്കുന്ന നടപടി അവസാനിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമവും കെ പി എസ് ടി എ നടത്തുമെന്ന് സംസ്ഥാന സമിതി അറിയിച്ചു. പ്രസിഡണ്ട് കെ. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ അരവിന്ദൻ, ട്രഷറർ വട്ടപ്പാറ അനിൽകുമാർ, ഭാരവാഹികളായ ഷാഹിദ റഹ്മാൻ, എൻ രാജ്മോഹൻ, കെ രമേശൻ, ബി സുനിൽകുമാർ, ബി ബിജു, അനിൽ വെഞ്ഞാറമൂട്, ടി.യു സാദത്ത്, സാജു ജോർജ്, പി എസ് ഗിരീഷ് കുമാർ, പി വി ജ്യോതി, ബി ജയചന്ദ്രൻ പിള്ള, ജി.കെ ഗിരീഷ് , വർഗീസ് ആൻ്റണി, ജോൺ ബോസ്കോ, പി എസ് മനോജ്, പി വിനോദ് കുമാർ, പി എം നാസർ, എം കെ അരുണ എന്നിവർ സംസാരിച്ചു.