ദളിത് വിദ്യാർഥിക്ക് സസ്പെൻഷൻ: എൻഐടി കാവിവത്കരണത്തിനെതിരെ കെ എസ് യു
കാലിക്കറ്റ് എൻഐടി കാവിവത്കരിച്ച് ദളിത് വിദ്യാർഥിയെ സസ്പെൻഡ് ചെയ്ത ഡയറക്ടറുടെ നടപടിക്കെതിരെ കെ എസ് യു പ്രവർത്തകർ ക്യാമ്പസിന് മുന്നിൽ ഇന്ത്യയുടെ ത്രിവർണ ഭൂപടം തീർത്ത് പ്രതിഷേധിക്കുന്നു
കോഴിക്കോട്: കാലിക്കറ്റ് എൻഐടി ക്യാമ്പസിൽ ഡയറക്ടറുടെ നേതൃത്വത്തിൽ നടക്കുന്ന കാവിവത്കരണത്തിനെതിരെ വിദ്യാർഥി പ്രതിഷേധം ശക്തമാവുന്നു. ക്യാമ്പസിൽ ഇന്ത്യയുടെ കാവി ഭൂപടം തീർത്ത സംഘപരിവാർ അനുകൂലികൾക്കെതിരെ 'ഇന്ത്യ രാമരാജ്യമല്ല മതേതര രാജ്യം' എന്ന പ്ലക്കാർഡ് ഉയർത്തിയ ദളിത് വിദ്യാർഥിയെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. എൻഐടി ഡയറക്ടറുടെ നടപടിക്കെതിരെ കെ എസ് യു ഉൾപ്പെടെ കടുത്ത പ്രതിഷേധവുമായ് രംഗത്തെത്തി.
'വർണ്ണമല്ല വർണ്ണ വൈവിധ്യങ്ങളുടെ ഇന്ത്യ, ഇന്ത്യ രാമരാജ്യമല്ല മതേതര രാജ്യം' എന്ന മുദ്രാവാക്യം ഉയർത്തി എൻഐടിക്ക് മുന്നിൽ ദേശീയ പതാകയുടെ നിറത്തിൽ ഇന്ത്യയുടെ ഭൂപടം തീർത്ത് കെ എസ് യു കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു.
കെ എസ് യു ജില്ലാ പ്രസിഡന്റ് വി.ടി സൂരജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഗൗജാ വിജയകുമാർ, സനൂജ് കുരുവട്ടൂർ, നേതാക്കളായ എം.പി രാഗിൻ, ഫായിസ് നടുവണ്ണൂർ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അസ്സീസ് മാവൂർ, പി. വിഷ്ണു ചാത്തമംഗലം, മുഷറഫ് മാവൂർ, അബ്ദുൽ ഹമീദ്, ഇ.കെ ശ്രേയ സംസാരിച്ചു.
അയോധ്യ പ്രാണപ്രതിഷ്ഠാ ദിനത്തിലെ സംഘർഷത്തിൻ്റെ പേരിൽ എൻഐടിയിലെ ബിടെക് വിദ്യാർഥി വൈശാഖ് പ്രേംകുമാറിനെ 2025 ജനുവരി 30 വരെയാണ് ഡയറക്ടർ സസ്പെൻ്റ് ചെയ്തത്. പ്രാണപ്രതിഷ്ഠയെ അനുകൂലിച്ച എബിവിപി പ്രവർത്തകർക്കെതിരെ 'ഇന്ത്യ രാമരാജ്യമല്ല' എന്ന പ്ലക്കാർഡ് ഉയർത്തി വൈശാഖ് പ്രതിഷേധിച്ചിരുന്നു. തുടർന്ന് ക്യാമ്പസിൽ സംഘർഷം ഉണ്ടാവുകയും തത്വ, രാഗം ഫെസ്റ്റിവലുകൾ മാറ്റി വെക്കുകയും ചെയ്തിരുന്നു. ദളിത് വിദ്യാർഥിയെ പുറത്താക്കുകയും കാവി ഭൂപടം തീർത്ത എബിവിപിക്കാരെ നിലനിർത്തുകയുമാണ് ഡയറക്ടർ ചെയ്തത്.