അവശനിലയില്‍ കണ്ടെത്തിയ കുട്ടിയാനയെ ധോണിയിലേക്ക് മാറ്റി
പാലക്കാട്: അട്ടപ്പാടി അഗളി വനമേഖലയില്‍ അവശനിലയില്‍ കണ്ടെത്തിയ കുട്ടിയാനയെ ധോണിയിലേക്ക് മാറ്റി. ആറ് മാസം പ്രായമായ ആനക്കുട്ടിയെ ധോണിയിലെ വനം വകുപ്പിന്റെ ആന പരിപാലന കേന്ദ്രത്തിലേക്കാണ് മാറ്റിയത്.കുട്ടിയാനയുടെ പൊക്കിള്‍കൊടിയില്‍ അണുബാധ കണ്ടെത്തിയതിനാല്‍, വിദഗ്ധ ചികിത്സ നല്‍കാനാണ് വനം വകുപ്പിന്റെ തീരുമാനം.
ഇന്നലെ രാത്രി 10 മണിയോടെയാണ് കുട്ടിയാനയെ വിദഗ്ദ ചികിത്സക്കായി ധോണിയിലെത്തിച്ചത്. ഒരാഴ്ച്ച മുൻപ് അഗളി വനം റേഞ്ചിലെ കുത്തനൊടി മേഖലയില്‍ കൂട്ടം തെറ്റിയെത്തിയ കുട്ടിയാനയെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. ആനക്കൂട്ടം എത്തി തിരികെ കൊണ്ടുപോകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത് ഉണ്ടായില്ല. വനപാലകര്‍ നടത്തിയ പരിശോധനയില്‍ ആറ് മാസം മാത്രം പ്രായമുള്ള കുട്ടിയാനയുടെ പൊക്കിള്‍കൊടിയില്‍ മുറിവും അണുബാധയും കണ്ടെത്തിഇതിനെ തുടര്‍ന്നാണ് കുട്ടിയാനയെ ധോണിയിലെ ആന പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി സംരക്ഷിക്കാൻ വനം വകുപ്പ് തീരുമാനിച്ചത്.