കുവൈറ്റ് ദുരന്തം: ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് സ്ഥിരീകരിച്ച് കുവൈറ്റ് അഗ്‌നിരക്ഷാ സേന
കുവൈറ്റ്: കുവൈറ്റ് മംഗഫ് ലേബര്‍ ക്യാമ്പിലെ തീപിടിത്തം വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണെന്നു സ്ഥിരീകരിച്ച് കുവൈറ്റ്്. ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയില്‍ സൂക്ഷിച്ച പാചകവാതക സിലണ്ടര്‍ ചോര്‍ന്നാണു തീപിടിത്തമുണ്ടായതെന്നു നേരത്തേ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണു ദുരന്ത കാരണമെന്നു കുവൈറ്റ്് അഗ്‌നിരക്ഷാ സേന വ്യക്തമാക്കി.
ദുരന്തസ്ഥലത്തു വിശദമായ പരിശോധനകള്‍ നടത്തിയ ശേഷമാണ് അപകടകാരണം കണ്ടെത്തിയതെന്നു കുവൈത്ത് അഗ്‌നിശമന സേന പ്രസ്താവനയില്‍ അറിയിച്ചു. ഫ്‌ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയുള്‍പ്പെടെ പരിശോധിച്ചാണ് അന്തിമ നിഗമനത്തിലെത്തിയത്. ഫ്‌ലാറ്റിനുള്ളില്‍ മുറികള്‍ തിരിക്കാനായി ഉപയോഗിച്ചിരുന്ന സാമഗ്രികള്‍ അതിവേഗം തീ പടരാന്‍ ഇടയാക്കിയതായി ഫയര്‍ഫോഴ്‌സ് കേണല്‍ സയീദ് അല്‍ മൗസാവി പറഞ്ഞു. മുറികള്‍ തമ്മില്‍ വേര്‍തിരിക്കാന്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ കത്തിയതു വലിയ തോതില്‍ പുകയുണ്ടാക്കി. ഈ പുക അതിവേഗം മുകള്‍നിലയിലേക്കു പടര്‍ന്നു. ആറുനില കെട്ടിടത്തില്‍ 24 ഫ്‌ലാറ്റുകളിലെ 72 മുറികളിലായി 196 പേരാണു താമസിച്ചിരുന്നത്. ഇതില്‍ 20 പേര്‍ നൈറ്റ് ഡ്യൂട്ടിയിലായതിനാല്‍ സംഭവസമയത്ത് 176 പേര്‍ ക്യാംപിലുണ്ടായിരുന്നു.
കെട്ടിടത്തിന്റെ ടെറസിലേക്കുള്ള വാതില്‍ പൂട്ടിയിട്ടിരുന്നതിനാല്‍ രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ക്ക് അവിടേക്കു കയറാനായില്ല. ഗോവണിപ്പടി വഴി ടെറസിലേത്താന്‍ ശ്രമിച്ചവര്‍ വാതില്‍ തുറക്കാന്‍ കഴിയാതെ കുഴഞ്ഞുവീണതായും ഫയര്‍ഫോഴ്‌സ് അധികൃതര്‍ വ്യക്തമാക്കി. അപകടം ഉണ്ടായ സമയവും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയെന്നാണു നിഗമനം. പുലര്‍ച്ചെ നാലരയോടെ തീ പടരുമ്പോള്‍ ക്യാംപിലുള്ളവരെല്ലാം ഉറക്കത്തിലായിരുന്നു. തീ പടര്‍ന്നതിനു പിന്നാലെ അതിവേഗം വ്യാപിച്ച പുകയാണു മരണസംഖ്യ വര്‍ധിപ്പിച്ചത്. പൊള്ളലേറ്റു മരിച്ചതു 2 പേര്‍ മാത്രമാണ്; ബാക്കി 47 പേരും മരിച്ചതു പുക ശ്വസിച്ചാണെന്നു എന്‍ബിടിസി കമ്പനി പ്രതിനിധി പറഞ്ഞു.