കുവൈറ്റ് ദുരന്തം: മരണസംഖ്യ ഉയരുന്നു
കുവൈറ്റ്: കുവൈത്തിലെ ദുരന്തത്തില്‍ മരണസംഖ്യ ഉയരുന്നു. 24 മലയാളികളാണ് തീപിടുത്തത്തില്‍ മരിച്ചതെന്നാണ് നോര്‍ക്ക പുറത്തുവിടുന്ന വിവരം. ഇവരില്‍ 19 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കേണ്ടത് വിദേശ കാര്യമന്ത്രാലയമാണെന്നും അതിന് ശേഷം മാത്രമേ ഔദ്യോഗിക കണക്കായി പരിഗണിക്കാന്‍ സാധിക്കൂ എന്നും നോര്‍ക്ക സിഇഒ വ്യക്തമാക്കി.
7 പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. തിരിച്ചറിയാത്ത മൃതദേഹങ്ങളുമുണ്ട്. ഡിഎന്‍എ പരിശോധനക്ക് ശേഷം മാത്രമേ ഇത് ആരുടെയെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കൂ എന്നും നോര്‍ക്ക വ്യക്തമാക്കുന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കാനുളള നടപടികള്‍ പുരോഗമിക്കുകയാണ്.
മരണമടഞ്ഞ മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കും. പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രി സഭായോഗം തീരുമാനിച്ചു. മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സഹായം നല്‍കാം എന്ന് പ്രമുഖ വ്യവസായി യൂസഫലിയും രണ്ട് ലക്ഷം രൂപ വീതം സഹായം നല്‍കാം എന്ന് പ്രമുഖ പ്രവാസി വ്യവസായി രവിപിള്ളയും മുഖ്യമന്ത്രിയെ ബന്ധപ്പെട്ട് അറിയിച്ചിട്ടുണ്ട്. നോര്‍ക്ക മുഖേനയാണ് ഈ സഹായം ലഭ്യമാക്കുക. ഇതോടെ ഒരു കുടുംബത്തിന് 12 ലക്ഷം രൂപയാണ് സഹായം ലഭിക്കുക. കുവൈത്ത് അഗ്‌നിബാധ മരണങ്ങളില്‍ മന്ത്രി സഭ അനുശോചനം രേഖപ്പെടുത്തി.