വേദിയിലെ സൗകര്യക്കുറവ്; പരാതിപ്രവാഹം
കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ പ്രധാന വേദികളിൽ ഒന്നായ എസ് ആർ ആഡിറ്റോറിയം വിവിധ മത്സരങ്ങൾ നടത്തുവാൻ പര്യാപ്തമല്ലെന്ന് വ്യാപക പരാതി ഉയരുന്നു. നഗരത്തിൽ നിന്നും മൂന്ന് കിലോമീറ്ററിലധികം ദൂരെയാണ് ഈ വേദി. കലോത്സവം ആരംഭിച്ചത് മുതൽ തന്നെ വേദിയിൽ നടക്കുന്നത് ഗ്രൂപ്പ് ഇനങ്ങളാണ്. സംഘമായുള്ള മത്സരങ്ങൾ വേദിയിൽ നടക്കുമ്പോൾ മത്സരാർത്ഥികൾക്ക് വേണ്ടത്ര സ്ഥലം വേദിയിൽ കിട്ടുന്നില്ലെന്നാണ് പ്രധാനമായും ഉയരുന്ന പരാതി. വേദിയിൽ കൂടുതൽ സ്ഥലം ആവശ്യമായിട്ടുള്ള ഇംഗ്ലീഷ് സ്കിറ്റ്, പൂരക്കളി, പരിചമുട്ട് എന്നിവ ഈ വേദിയിലായിരുന്നു നടന്നത്. ഹയർസെക്കൻഡറി വിഭാഗം ചവിട്ടുനാടകവും ഹയർസെക്കൻഡറി വിഭാഗം കോൽക്കളിയും ഉൾപ്പെടെ ഗ്രൂപ്പിനങ്ങൾ ഇനിയും വേദിയിൽ നടക്കാനുണ്ട്. ഇന്ന് പരിചമുട്ട് മത്സരത്തിന് ഇടയിൽ വിദ്യാർത്ഥികളുടെ പരിച തട്ടി വേദിക്ക് പിന്നിലെ ബോർഡ് കീറിയിരുന്നു. ഈ വേദിയിൽ നിന്നും തുടർന്നുള്ള ഗ്രൂപ്പിനങ്ങൾ മാറ്റി മറ്റൊരു വേദിയിലേക്ക് ആക്കണമെന്നാണ് ഉയരുന്ന ആവശ്യം.