ഇന്ത്യൻ സിനിമയ്ക്ക് അഭിമാനം;
'ലാപതാ ലേഡീസി'ന് ഹർഷാരവം
നിസാർ മുഹമ്മദ്
ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ഓസ്കറിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ 'ലാപതാ ലേഡീസ്' എന്ന ഹിന്ദി ചിത്രത്തിന് രാജ്യത്തിന്റെ ഹർഷാരവം. പുരസ്കാരം നേടിയാലും ഇല്ലെങ്കിലും ഇന്ത്യന്‍ സിനിമയിലെ സ്ത്രീ മുന്നേറ്റങ്ങളില്‍ തിളക്കമുള്ള ഏടായി 'ലാപതാ ലേഡീസിന്റെ' പേര് എഴുതിച്ചേർക്കപ്പെട്ടു കഴിഞ്ഞു.
തിയേറ്ററിൽ വീണുപോയൊരു സിനിമ വീണിടത്ത് നിന്ന് ഫീനിക്‌സ് പക്ഷിയെ പോലെ പറന്ന് സിനിമാ ലോകത്തിന്റെ ആകാശത്ത് വട്ടമിടുന്ന കാഴ്ചയാണ് രാജ്യം കണ്ടത്. അഭിനേതാക്കളുടെ താരമൂല്യമോ, ബ്രഹ്മാണ്ഡ സെറ്റുകളോ, പൊടിക്കുന്ന കോടികളോ അല്ല, കഥയാണ് സൂപ്പര്‍സ്റ്റാര്‍ എന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതായിരുന്നതായിരുന്നു 'ലാപതാ ലേഡീസി'ന് ലഭിച്ച സ്വീകാര്യത. സ്വപ്‌നങ്ങളും ആഗ്രഹങ്ങളും ത്യജിച്ച് വിവാഹമെന്ന ചങ്ങലയ്ക്ക് മുന്നില്‍ കഴുത്തുനീട്ടേണ്ടി വരുന്ന ഒരുപാട് ഇന്ത്യന്‍ ഗ്രാമീണ പെണ്‍കുട്ടികളുടെ തുറന്നുപറച്ചിലാണ് ചിത്രം.
ബിപ്ലബ് ഗോസ്വാമിയുടെ ചെറുകഥയെ ആധാരമാക്കി കിരണ്‍ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസ് (കാണാതായ പെണ്ണുങ്ങൾ) ഇക്കഴിഞ്ഞ മാർച്ച് ഒന്നിനാണ് തിയേറ്ററുകളിലെത്തിയത്. അമീർഖാനാണ് നിർമാതാവ്. പ്രമുഖരെന്ന് എടുത്തുപറയാവുന്ന ആരുമില്ല സ്ക്രീനിൽ. നവാഗതരായ അഭിനേതാക്കൾ മാത്രം. ഇന്ത്യന്‍ ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറഞ്ഞൊരു ചിത്രം പക്ഷെ തിയേറ്ററിൽ വീണു.
ഏപ്രിൽ 26ന് 'ലാപതാ ലേഡീസ്' ഒടിടിയിൽ റിലീസ് ചെയ്തതോടെ കഥ മാറി. തിക്കിത്തിരക്കിയോടുന്ന തീവണ്ടികളിൽ മൊബൈൽ സ്ക്രീനിലും വീടുകളുടെ സ്വീകരണ മുറിയിൽ ടെലിവിഷനുകളിലും ഈ സിനിമ സൂപ്പർഹിറ്റായി. ശീതികരിച്ച തിയേറ്റര്‍ തണുപ്പിന്റെയും ഡോള്‍ബി ശബ്ദ സംവിധാനത്തിന്റെയുമൊന്നും മികവുകളില്ലാതെ ഇന്ത്യയിലെ വീട്ടകങ്ങളിലിരുന്നു ആസ്വാദകർ പലവട്ടം കണ്ടു 'ലാപതാ ലേഡീസ്'.
ഉത്തരേന്ത്യന്‍ ഗ്രാമീണ പശ്ചാത്തലമാണ് സിനിമയുടെ കഥാപരിസരം. വിവാഹിതയാകുന്ന രണ്ട് സ്ത്രീ ജീവിതങ്ങളെ ആസ്പദമാക്കി ഇന്ത്യന്‍ ഗ്രാമീണ യുവതികളുടെ ജീവിതത്തിന്റെ കഥ. ഉത്തരേന്ത്യന്‍ സാങ്കല്‍പ്പിക ഗ്രാമമായ നിര്‍മല്‍പ്രദേശില്‍ 2001ല്‍ നടക്കുന്ന കഥയായാണ് ഈ സിനിമയെ സംവിധായിക അവതരിപ്പിക്കുന്നത്. വിവാഹശേഷം ട്രെയിനില്‍ അതീവ ദൂരത്തിലുള്ള ഭര്‍ത്താവിന്റെ വീട്ടിലേക്ക് യാത്ര ചെയ്യുന്ന രണ്ടു നവവധുക്കളിലൂടെയാണ് സിനിമ തുടങ്ങുന്നത്.
മുഖം മറച്ചുകൊണ്ടുള്ള ആ യാത്രയില്‍ സംഭവിക്കുന്ന അബദ്ധം സിനിമയെ മുന്നോട്ടു കൊണ്ടുപോകുന്നു. അര്‍ധരാത്രിയില്‍ സ്‌റ്റേഷനിലെത്തിയ തിരക്കില്‍ വധുവിന്റെ കൈപിടിച്ച ഇറങ്ങുന്ന വരന് ആള്‍മാറി പോകുന്നതാണ് സംഭവം. വീട്ടിലെത്തിയപ്പോള്‍ ഇത് തിരിച്ചറിയുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
ഉപരിപഠനവും ജോലിയുമടക്കമുള്ള വലിയ സ്വപ്‌നങ്ങളുള്ള ജയ, തീര്‍ത്തും പിന്‍തിരിപ്പന്‍ വിവാഹ ചിന്തകള്‍ മനസ്സിലുറച്ചുപോയ ഫൂല്‍. ഇവര്‍ രണ്ടുപേരും അപരിചിതമായ സാഹചര്യങ്ങളെ മറികടക്കുന്നിടത്താണ് സിനിമ പൂര്‍ണമാകുന്നത്. ലളിത സുന്ദരമായ ഭാഷയില്‍ കഥ പറയുമ്പോഴും ഇന്ത്യന്‍ ഗ്രാമീണ സ്ത്രീ ജീവിതത്തിന്റെ വിശാലമായ പ്രശ്‌നങ്ങളിലേക്ക് 'ലാപതാ ലേഡീസ്' വെളിച്ചം വീശുന്നു.
നെപ്പോട്ടിസം മാത്രം ഭരിക്കുന്ന ബോളിവുഡിന്റെ ഹൃദയഭൂമിയിലാണ് നവാഗതരായ ഒരുകൂട്ടം അഭിനേതാക്കള്‍ വന്ന് ഞെട്ടിക്കുന്ന പ്രകടനം നടത്തിയതാണ് ശ്രദ്ധേയം. ഫൂല്‍ കുമാരിയെ അവതരിപ്പിച്ച നിതാന്‍ഷി ഗോയലിന് 16 വയസ്സ് മാത്രമാണ് പ്രായം. നിതാന്‍ഷിയുടെ പ്രകടനത്തെ പ്രശംസിച്ച് മുന്നോട്ട് വന്നവര്‍ നിരവധിപേരാണ്. ഏതായാലും, 'ലാപതാ ലേഡീസ്' സിനിമാ വ്യവസായത്തിന് തന്നെ പുതിയൊരു കണ്ണാടിയാകുന്നുണ്ട്. മാസും മസാലയും പൊതുധാരണകളും മാത്രം കുത്തിനിറച്ച് സിനിമകള്‍ നിര്‍മിച്ചാല്‍ മാത്രമേ ജനം സ്വീകരിക്കൂ എന്ന മിഥ്യാധാരണയെ ഉടച്ചുകളയുകയായിരുന്നു ഈ കൊച്ചു വലിയ ചിത്രം.