മുളുണ്ടിൽ ലയവിന്യാസത്തിന്‍റെ പടയണി
മുംബൈ: മുംബൈയിൽ ഒരുങ്ങുന്ന ലെജന്‍റ്സ് ലൈവിൽ ഗായകൻ സുരേഷ് വാഡ്ക്കർ പാടുമ്പോൾ തട്ടകത്തിൽ പടയണി കോലങ്ങളൊരുങ്ങും. മലയാളി യുവാവ് നിഖിൽ നായർ അണിയിച്ചൊരുക്കുന്ന ലെജന്‍റ്സ് ലൈവിന്‍റെ ആദ്യ പതിപ്പിൽ വിശ്രുത ഗായകനായ പത്മശ്രീ സുരേഷ് വാഡ്‌കർ പാടുമ്പോൾ മുംബൈയിൽ ഇതാദ്യമായി കേരളത്തിന്‍റെ കാർഷിക സംസ്കൃതിയും പ്രാചീന സംസ്കാരത്തിന്‍റെ തിരുശേഷിപ്പുകളുമായി ഇഴചേർന്ന് നിൽക്കുന്ന പടയണി കോലങ്ങൾ നിറയും.
പഞ്ചവർണങ്ങളുടെ ലയവിന്യാസങ്ങൾ കമുകിന്‍റെ അലകിലും പച്ചീർക്കലിലും പാളകളിലുമായി മഹാനഗരത്തിൽ അണിയിച്ചൊരുക്കുന്നത് കേരളത്തിലെ പ്രശസ്ത പടയണി കലാകാരനായ കെ. ആർ. രഞ്ജിത്ത് കടമ്മനിട്ടയുടെ നേതൃത്വത്തിലാണ് പാള കോലങ്ങളും കുരുത്തോല കൈവിരുതുകളും വേദിയിൽ ഒരുങ്ങുന്നത്.
മുളുണ്ട് കാളിദാസ് നാട്യ മന്ദിർ ഹാളിൽ നവംബർ 9 ശനിയാഴ്ച വൈകീട്ട് 7 മണിക്ക് ഹിന്ദി മറാഠി ഭക്തി ഗാനങ്ങളിലൂടെ ഭാരതത്തിന്‍റെ ഹൃദയം കവർന്ന സുരേഷ് വാഡ്‌കർ പുതിയൊരു സംഗീത പരമ്പരക്ക് തുടക്കമിടുമ്പോൾ പടയണിയുടെ പശ്ചാത്തലം മഹാനഗരത്തിന്‍റെ നവ്യാനുഭവമാവും.
തെക്കൻ കേരളത്തിലെ ഏറ്റവും പ്രശസ്തമായ കടമ്മനിട്ട പടയനി അവതരണ വിഭാഗമായ കടമ്മനിട്ട ഗോത്രകലാകളരിയിലെ കലാകാരന്മാരാണ് കോലങ്ങൾ അണിയിച്ചൊരുക്കുന്നത്. 2018 ലെ കേരള സംസ്ഥാന സർക്കാർ സാംസ്കാരിക വകുപ്പ് ഏർപ്പെടുത്തിയ വജ്ര ജൂബിലി ഫെലോഷിപ്പ് ജേതാവും 2019 ലെ കേരള നാടൻ കലാ അക്കാദമി യുവപ്രതിഭ പുരസ്കാര ജേതാവുമായ കെ. ആർ.രഞ്ജിത്ത് കടമ്മനിട്ടയാണ് വേദിയിൽ കാർഷിക സംസ്കൃതിയുടെയും പ്രാചീന സംസ്കാരത്തിന്റെ മുതൽക്കൂട്ടായ പടയണിയും കുരുത്തോല അലങ്കാരവും അണിയിച്ചൊരുക്കാൻ നേതൃത്വം വഹിക്കുന്നത്. അനീഷ് കടമ്മനിട്ട, സജിത്ത്, കൃഷ്ണകുമാർ, ഉമേഷ്, രണ്ടീപ് എന്നീ കലാകാരന്മാർ പങ്കെടുക്കും.
അത്യാധുനിക സങ്കേതങ്ങളുടെ അകമ്പടിയോടെ അന്തരാഷ്ട്ര നിലവാരത്തിൽ ക്രമീകരിച്ച ശബ്ദ വെളിച്ച രൂപകല്പനയിലാവും ലെജന്‍റ്സ് ലൈവ് അരങ്ങേറുക. മുംബൈ മലയാളിയായ നിഖിൽ നായർ സംവിധാനം ചെയ്യുന്ന ഈ സംഗീത നിശ തലമുറകളിലൂടെ ലക്ഷക്കണക്കിനാളുകളെ സ്വാധീനിച്ച സുരേഷ് വാഡ്കറുടെ ക്ലാസ്സിക് ഗാനങ്ങളുടെ നേർസാക്ഷ്യമാവും
പുത്തൻ സാങ്കേതിക വിദ്യകളെ ഏറ്റവും മികച്ച രീതിയിൽ പരിചയപ്പെടുത്തുന്നതിൽ
കഴിവ് തെളിയിച്ച നിഖിൽ ഇതിനകം ബിഗ് ബോസ് ഹിന്ദി മറാത്തി മലയാളം സീനിയർ പ്രൊഡ്യൂസറും സ്റ്റുഡിയോ ഡയറക്ടറും IIFA അവാർഡ്‌സ്, സ്റ്റാർ പരിവാർ തുടങ്ങി നിരവധി മെഗാ ഷോകളുടെ ഇവന്‍റ് കോഓർഡിനേറ്ററും ആയിരുന്നു.
വൻകിട കോർപ്പറേറ്റ് സമ്മേളനങ്ങളും മറ്റു സമാഗമങ്ങളും സംഗീത നിശകളും വൻ കിട പരിപാടികളും സംഘടിപ്പിച്ച വിപുലമായ അനുഭവ സമ്പത്തുള്ള നിഖിൽ നായരിൻ്റെ ലെജന്‍റ്സ് ലൈവിൻ്റെ ടിക്കറ്റുകൾ അതിവേഗമാണ് വിറ്റഴിയുന്നത്. മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ വിവാഹ ചടങ്ങ് രൂപകൽപ്പന ചെയ്യുന്നത്തിലും നിഖിലിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു.
ഹിന്ദി സിനിമയുടെ നൃത്തരംഗങ്ങൾ ഒരുക്കുന്ന ഇടങ്ങളിലും നിഖിൽ ചുവടുറപ്പിച്ചിട്ടുണ്ട്. മുൻ ലോക കേരള സഭാംഗവും മലയാളം മിഷൻ അധ്യാപികയും കേരള കേന്ദ്രീയ സംഘടന കമ്മിറ്റി അംഗവുമായ രാജശ്രീ മോഹന്‍റെയും സി.കെ. മോഹൻ കുമാറിന്‍റേയും മകനാണ് നിഖിൽ. മുംബൈയുടെ സാംസ്കാരിക സാമൂഹിക മണ്ഡലങ്ങൾ സജീവ സാന്നിദ്ധ്യമായ നിഖിൽ ഇപ്പോൾ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിൽ MBA ചെയ്യുന്നു. കമ്പ്യൂട്ടർ എഞ്ചിനീയറും ഇവന്‍റ് മാനേജ്മെന്‍റിൽ മാസ്റ്റർ ഡിഗ്രിയും എടുത്തിട്ടുണ്ട് നിഖിൽ.
പാസുകൾക്കും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക
+91 9757 396 372
+91 8928 988 129