എൽഡിഎഫിൻ്റെ പത്രപരസ്യം; ഇടതുപക്ഷ പ്രസ്ഥാനം ചെയ്യാൻ പാടില്ലാത്തത്: കെ മുരളീധരൻ
തിരുവനന്തപുരം: എൽഡിഎഫിന്റെ പത്രപരസ്യം പാലക്കാട് കോൺഗ്രസിന്റെ വിജയത്തെ ബാധിക്കില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. എൽഡിഎഫിൻ്റെ പത്രപരസ്യത്തിൽ ഉള്ളത് ഒരിക്കലും ഒരു ഇടതു പക്ഷ പ്രസ്ഥാനം പറയാൻ പാടില്ലാത്ത കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
'ഒരിക്കലും ഒരു ഇടതു പക്ഷ പ്രസ്ഥാനം ചെയ്യാൻ പാടില്ലാത്ത കാര്യമാണ് എൽഡിഎഫ് ചെയ്തത്. ഒരു സ്ഥാനാർത്ഥിയുടെ ഗുണ ഗണങ്ങളെ പറ്റി പറയുന്നതിന് പ്രശ്നമില്ല. ഒരു ഗവണ്മെൻ്റിനെ പറ്റി പറയുന്നതിലും പ്രശ്നമില്ല. പക്ഷെ കോൺഗ്രസിൽ ചേർന്ന ഒരു വ്യക്തിയുടെ മുൻപ് സ്വീകരിച്ച രാഷട്രീയ നയത്തെ ഫോകസ് ചെയ്തുകൊണ്ട് വർഗീയത പ്രചരിപ്പിക്കുന്ന തരത്തിലാണ് പരസ്യം പ്രചരിപ്പിച്ചത് . അതൊരു രാഷ്ട്രീയ പാർട്ടിക്ക് ചേർന്നതല്ല. പരസ്യത്തിൽ എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് ഒന്നും പറയുന്നില്ല. സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നില്ലായിരുന്നെങ്കിൽ ഇവർക്ക് പരസ്യത്തിൽ വെക്കാൻ ഒന്നും ഉണ്ടാവുകയില്ലായിരുന്നു. സരിനെ പറ്റി രണ്ട് വാക്ക് മാത്രമാണ് അതിൽ ഉള്ളതെന്നും മുരളീധരൻ പറഞ്ഞു. പത്രപരസ്യം വോട്ടിന്റെ സത്യത്തെ ഇല്ലാതാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.