കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ അണ്ണന്‍-തമ്പി ബന്ധമാണെന്ന് വി ഡി സതീശന്‍
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാറും സംസ്ഥാന സര്‍ക്കാറും തമ്മില്‍ അണ്ണന്‍-തമ്പി ബന്ധമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. ലോകായുക്ത ബില്‍ രാഷ്ട്രപതി ഒപ്പിട്ടതുമായി ബന്ധപ്പെട്ടാണ് വി.ഡി.സതീശന്റെ പ്രസ്താവന. ലോകായുക്ത നിയമത്തെ ദുര്‍ബലപ്പെടുത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാറിന് മേല്‍ സമര്‍ദം ചെലുത്തിയാണ് രാഷ്ട്രപതിയെ കൊണ്ട് ബില്ലില്‍ ഒപ്പുവെപ്പിച്ചതെന്നും ഇത് സി.പി.എമ്മിന്റെ സംഘപരിവാര്‍ ബന്ധത്തിനുള്ള തെളിവാണെന്നും വി.ഡി.സതീശന്‍ പറഞ്ഞു. വയനാട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥിയുടെ മരണത്തില്‍ പ്രതികളായ എസ്.എഫ്.ഐക്കാരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. പൊലീസിന്റെ പ്രതികരണം ദുര്‍ബലമാണ്. ക്രിമിനല്‍ സംഘമായി എസ്.എഫ്.ഐ മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എസ്.എഫ്.ഐക്കാരെ സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ സമരങ്ങളുമായി പ്രതിപക്ഷം മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
ലോകായുക്ത ബില്ലിന് കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതി അംഗീകാരം നല്‍കിയത്. ലോകയുക്ത ബില്ലുള്‍പ്പടെ ഏഴോളം ബില്ലുകള്‍ രാഷ്ട്രപതിയുടെ പരിഗണനക്ക് ഗവര്‍ണര്‍ അയച്ചിരുന്നു. ബില്ലുകള്‍ ഗവര്‍ണര്‍ പിടിച്ചുവെക്കുന്നതിനെതിരെ കേരളം നല്‍കിയ ഹരജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയായിരുന്നു ഗവര്‍ണറുടെ നടപടി