പ്രതികൾക്ക് വിവരം ചോർത്തി: പൊലീസുകാരനെതിരെ നടപടിക്ക് ശുപാർശ
തിരുവനന്തപുരം: ഒളിവിലുള്ള പ്രതികൾക്ക് അന്വേഷണവിവരങ്ങൾ ചോർത്തി നൽകിയതിനെ തുടർന്ന് പൊലീസുകാരനെതിരെ നടപടിക്ക് ശുപാർശ. കടയ്‌ക്കൽ പോലീസ് സ്റ്റേഷനിലെ സിപിഒ നവാസിനെതിരെയാണ് നടപടിക്ക് ശുപാർശ. തിരുവനന്തപുരം തിരുവല്ലത്തെ ഷഹ്‌നയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ കേസിലെ പ്രതികളായ ഭർതൃവീട്ടുകാർക്ക് ചോർത്തി നൽകിയെന്നാണ് ആരോപണം. ഇതിനു പിന്നാലെ പ്രതികൾ സംസ്ഥാനം വിട്ടു. ഷഹ്‌നയുടെ ഭർത്താവ് നൗഫലിന്റെ ബന്ധുവാണ് നവാസ്.
വണ്ടിത്തടം ക്രൈസ്‌റ്റ് നഗർ റോഡിൽ വാറുവിള പുത്തന്‍ വീട് ഷഹ്‌ന മൻസിലിൽ ഷാജഹാൻ സുൽഫത്ത് ദമ്പതിമാരുടെ മകൾ ഷഹ്‍നയെ (23) ആണ് കഴിഞ്ഞ ആഴ്ച തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടുകാർ പരോക്ഷമായി സ്ത്രീധന വിഷയം സംബന്ധിച്ച് പറയുമായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഫോർട്ട് അസി. കമ്മിഷണർ എസ്.ഷാജി, തിരുവല്ലം എസ്എച്ച്ഒ രാഹുൽ രവീന്ദ്രൻ എന്നിവരുൾപ്പെട്ട സംഘമാണ് കേസ് അന്വേഷിക്കുന്നത്.