For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

പണക്കൊഴുപ്പും അഹങ്കാരവും കൈയ്യിലിരിക്കട്ടെ : സഞ്ജു ടെക്കിക്കെതിരെ ഗണേഷ് കുമാര്‍

04:15 PM Jun 03, 2024 IST | Online Desk
പണക്കൊഴുപ്പും അഹങ്കാരവും കൈയ്യിലിരിക്കട്ടെ   സഞ്ജു ടെക്കിക്കെതിരെ ഗണേഷ് കുമാര്‍
Advertisement

തിരുവനന്തപുരം: സഫാരി കാറിനുള്ളില്‍ സ്വിമ്മിങ് പൂള്‍ ഒരുക്കിയ യുട്യൂബറിനെതിരേ ഗതാഗതവകുപ്പ് മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍. യുട്യൂബിന് റീച്ച് കൂടുന്നതില്‍ തനിക്ക് വിരോധമൊന്നുമില്ലെന്നും എന്നാല്‍, നിയമലംഘനം നടത്തി റീച്ച് കൂട്ടാന്‍ നില്‍ക്കുന്നവരുടെ വീഡിയോ കണ്ട് പ്രോത്സാഹിപ്പിക്കാതിരിക്കുകയാണ് അന്തസുള്ള ആളുകള്‍ ചെയ്യേണ്ടത്. നിയമങ്ങള്‍ അനുസരിക്കുകയെന്നതാണ് ഒരു പൗരന്‍ ചെയ്യേണ്ട അടിസ്ഥാന കാര്യം. ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് കര്‍ശനമായ ശിക്ഷയായിരിക്കും നല്‍കുകയെന്നും ഗണേഷ്‌കുമാര്‍ അറിയിച്ചു.

Advertisement

കാറില്‍ സ്വിമ്മിങ് പൂള്‍ ഒരുക്കിയ യുട്യൂബര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഇതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. നിയമത്തെ അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തികളാണ് നല്ല പൗരന്‍മാരും മാന്യമാരും. എന്നാല്‍, പണക്കൊഴുപ്പും അഹങ്കാരവുമാണ് ഈ യുട്യൂബര്‍ കാണിച്ചിരിക്കുന്നത്. എന്ത് ഗോഷ്ഠിയും കാണിച്ച് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത് അന്തസിന് ചേര്‍ന്ന കാര്യമല്ല. ഇപ്പോള്‍ കാണിച്ച ഈ പ്രവര്‍ത്തി അയാളുടെ സംസ്‌കാരത്തിന്റെ ഭാഗമായിരിക്കും. എന്നാല്‍, ആ സംസ്‌കാരമൊക്കെ കൈയില്‍വെച്ചാല്‍ മതി. ഇതിനുമുമ്പുള്ള വീഡിയോയും പരിശോധിക്കും വാഹനവുമായി ബന്ധപ്പെട്ട എന്തെങ്കിലും വേലത്തരമുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കും.

ഉപദേശിച്ചോ ശാസിച്ചോ വിടുന്നത് ആയിരിക്കില്ല നടപടി. ഹൈക്കോടതി പറഞ്ഞത് പോലെ കര്‍ശന നടപടി തന്നെ സ്വീകരിക്കും. അറിവില്ലായ്മ കൊണ്ട് കൊച്ചുകുട്ടികള്‍ ചെയ്യുന്ന തെറ്റുകള്‍ക്കാണ് ഉപദേശവും ശാസനയുമൊക്കെ വേണ്ടത്. ഇവരെ ഗാന്ധിഭവനിലും മെഡിക്കല്‍ കേളേജിലുമൊക്കെ സേവനത്തിന് വിടുന്നത് നല്ലതാണ്. എന്നാല്‍, പ്രായപൂര്‍ത്തിയായിട്ടും പണത്തിന്റെ കൊഴുപ്പുകൊണ്ട് അഹങ്കാരം കാണിച്ചാല്‍ അകത്ത് കിടക്കുമെന്നാണ് എനിക്ക് പറയാനുള്ളതെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

മോട്ടോര്‍ വാഹനവകുപ്പിന് നിയമപരമായി സ്വീകരിക്കാവുന്ന ഏറ്റവും വലിയ നടപടി തന്നെ യുട്യൂബര്‍ക്കെതിരേ എടുക്കും. കൈയില്‍ കാശുണ്ടെങ്കില്‍ വീട്ടില്‍ സ്വിമ്മിങ് പൂള്‍ ഉണ്ടാക്കി നീന്തട്ടെ. കാശുണ്ടെന്ന് കരുതി കാറില്‍ സ്വിമ്മിങ് പൂള്‍ ഉണ്ടാക്കി റോഡില്‍ ഇറങ്ങുകയാണോ വേണ്ടത്. വീട്ടില്‍ തന്നെ സ്വിമ്മിങ് പൂള്‍ ഉണ്ടാക്കി രാവിലെയും വൈകിട്ടും നീന്തിക്കോട്ടെ, അത് ആരോഗ്യത്തിലും നല്ലതായിരിക്കും. റിപ്പോര്‍ട്ട് കോടതിയില്‍ കൊടുത്ത് കഴിയുമ്പോള്‍ കാണാം. കര്‍ശനമായ ശിക്ഷയായിരിക്കും ലഭിക്കുകയെന്നും മന്ത്രി ഉറപ്പുനല്‍കി.

എം.വി.ഡിയെ ഒന്നും വെല്ലുവിളിക്കാന്‍ നില്‍ക്കേണ്ട, പഴയകാലമൊന്നുമല്ലെന്ന് മാത്രം ഞാന്‍ ആ സുഹൃത്തിനെ ഓര്‍മ്മപ്പെടുത്തുകയാണ്. പിന്നെ അനിയന്‍ ശുപാര്‍ശ ചെയ്ത് കാര്യം നേടാമെന്നും വിചാരിക്കേണ്ട. മുഖ്യമന്ത്രി അടക്കം കേരളത്തിലെ ഒരു മന്ത്രിമാരും ഇത്തരം ശുപാര്‍ശയ്ക്ക് നില്‍ക്കുന്നവരല്ല. ഇതുപോലെയുള്ള ആളുകളെ രോഗികളെ ശിശ്രൂഷിക്കുന്നതിനല്ല, മെഡിക്കല്‍ കോളേജില്‍ കക്കൂസ് കഴുകാനാണ് അയക്കേണ്ടത്. സാന്ത്വന ശുശ്രൂഷയ്ക്ക് ഇത്തരം ക്രിമിനല്‍ പ്രവര്‍ത്തി ചെയ്തവരെ അല്ല അയയ്ക്കേണ്ടതെന്നും മന്ത്രി അഭിപ്രായപ്പെട്ടു

Author Image

Online Desk

View all posts

Advertisement

.