ലോൺ ആപ്പ് തട്ടിപ്പ്: 158 എണ്ണം നീക്കം ചെയ്തുവെന്ന് സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് ലോൺ ആപ്പുകൾ വഴിയുള്ള തട്ടിപ്പുകളും വായ്പയെടുത്തവരെ ആത്മഹത്യയിലേക്ക് തള്ളി വിടുന്ന സംഭവങ്ങളും ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി. സൈബർ ഓപറേഷൻ വിഭാഗവും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് സൈബർ ഡൊം യൂണിറ്റുകളും സൈബർ പെട്രോളിങ് നടത്തി ലോൺ ആപുകൾ കണ്ടെത്തി നീക്കം ചെയ്യുന്നുണ്ട്. ഇത്തരത്തിൽ കണ്ടെത്തിയ 330 ആപുകളിൽ 158 എണ്ണം നീക്കം ചെയ്തു. 172 ലോൺ ആപുകൾ നീക്കം ചെയ്യുന്നതിനായി കേന്ദ്രം വിവരമന്ത്രാലയത്തെ സമീപിച്ചിട്ടുണ്ടെന്നും സഭയിലെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി.
ഇന്റർഗ്രേറ്റഡ് കോർ പൊലീസിങ് സിസ്റ്റം സംസ്ഥാനത്തത് ശക്തമായ രീതിയിൽ നടപ്പാക്കിയിട്ടുണ്ട്. ദേശീയ തലത്തിലെ ക്രമിനലുകളുടെ വിവരങ്ങൾ ഏകോപിപ്പിക്കുന്നതിന് വിദഗ്ദരുടെ സഹായത്തോടെ ശൃംഖലയും സജ്ജമാണ്. കുറ്റകൃത്യത്തിൽ ഏർപ്പെട്ട ഒരാൾ വീണ്ടും മറ്റൊരു കുറ്റകൃത്യത്തിൽ ഏർപ്പെട്ടാൽ അപ്പോൾ തന്നെ ഫോട്ടോ ഉപയോഗിച്ച് തിരിച്ചറിയാനാകും വിധം സംവിധാനം സജ്ജമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.