ഊരൂട്ടമ്പലം സഹകരണ ബാങ്കില്‍ വായ്പാ തട്ടിപ്പ്: പരാതി ഉയര്‍ന്നതോടെ പ്യൂണിനെ ബലിയാടാക്കി ഭരണസമിതി
തിരുവനന്തപുരം: ഊരൂട്ടമ്പലം സര്‍വീസ് സഹകരണ ബാങ്കില്‍ വന്‍ വായ്പാ തട്ടിപ്പ്. ബാങ്കില്‍ വിവിധ ചിട്ടികളില്‍ ചേര്‍ന്നിട്ടുള്ളവരുടെ പേരില്‍ ലക്ഷക്കണക്കിന് രൂപ വായ്പ എടുത്താണ് തട്ടിപ്പ്. ചിട്ടി പണം ആവശ്യപ്പെട്ട് ചിറ്റാളന്‍മാര്‍ ബാങ്കിനെ സമീപിച്ചപ്പോഴാണ് തങ്ങളുടെ സമ്മതമോ അറിവോ കൂടാതെ ലക്ഷക്കണക്കിന് രൂപ വായ്പ എടുത്തിട്ടുള്ളതായി മനസിലായത്. തുടര്‍ന്ന് കാട്ടാക്കട അസിസ്റ്റന്റ് രജിസ്ട്രാര്‍ക്ക് ചിറ്റാളന്‍മാര്‍ പരാതി നല്‍കുകയായിരുന്നു. ചൊവ്വാഴ്ച അസിസ്റ്റന്റ് രജിസ്ട്രാര്‍ ഒരു പരാതിക്കാരിയെ കണ്ട് വിവരം തേടിയതിന് പിന്നാലെ, സഹകരണ ബാങ്കിലെ പ്യൂണിനെ സസ്‌പെന്‍ഡ് ചെയ്ത് ഭരണസമിതി തലയൂരാനുള്ള ശ്രമം തുടരുകയാണ്. സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിലുള്ളതാണ് ഭരണസമിതി.2022 ഡിസംബറിൽ 65 വകുപ്പ് പ്രകാരം അന്വേഷണം കാട്ടാകട അസിസ്റ്റന്റ് രജിസ്ട്രാറുടെ നേതൃത്വത്തിൽ നടത്തുകയും, അതിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി റിപ്പോർട്ട് ജോയിന്റ് രജിസ്ട്രാർക്ക് സമർപ്പിച്ചിട്ടും അതിന്മേൽ യാതൊരു നടപടിയും എടുക്കാതെ സർക്കാർ ഈ ഭരണസമിതിയെ സംരക്ഷിക്കുന്നു എന്ന് ഊരൂട്ടമ്പലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിക്കുന്നു.
മഹാലക്ഷ്മി, അഭിരാമി, ജെ.എസ് രേവതി എന്നിവരാണ് അസിസ്റ്റന്റ് രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയിരുന്നത്. തന്റെ പേരിലുള്ള എംഡിഎസില്‍ നിന്ന് 3,47,000 രൂപ വ്യാജ വായ്പയെടുത്തുവെന്നാണ് ഊരൂട്ടമ്പലം വെള്ളൂര്‍ക്കോണം വൈഷ്ണവത്തില്‍ രേവതിയുടെ പരാതി. ഈ ബാങ്കിലെ മായ എന്ന ജീവനക്കാരിയുടെ പേരിലാണ് വായ്പ എടുത്തിരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. പിതാവ് പക്ഷാഘാതം വന്ന് കിടപ്പിലായതിനെ തുടര്‍ന്ന് മുടങ്ങിയ ചിട്ടിയുടെ പേരിലാണ് അഭിരാമിയെ ബാങ്ക് കബളിപ്പിച്ചത്. അഭിരാമിയുടെ ചിട്ടിയുടെ 90 ശതമാനം തുകയും ബാങ്കിലെ മറ്റൊരു സ്റ്റാഫിന് നല്‍കി. ഇത് തന്റെ അറിവോ സമ്മതമോ കൂടാതെയാണെന്ന് പ്രസിഡന്റിനോടും സെക്രട്ടറിയോടും പരാതിപ്പെട്ടപ്പോള്‍, പുറത്താരും അറിയരുതെന്ന് പറഞ്ഞുവെന്നാണ് അഭിരാമിയുടെ മാതാവ് വെട്ടൂര്‍ക്കോണം സതീഷ് ഭവനില്‍ കുമാരി ജലജ നല്‍കിയിരിക്കുന്ന പരാതി. ഊരൂട്ടമ്പലം വിദ്യാസദനത്തില്‍ മഹാലക്ഷ്മി അമ്മ നല്‍കിയ പരാതിയില്‍ തന്റെ പത്തുലക്ഷത്തിന്റെ ചിട്ടിയില്‍ നിന്നുള്ള പണം മറ്റൊരാളുടെ പേരില്‍ വായ്പ എടുത്തുവെന്നാണ്. പ്രതിമാസം 8000 രൂപ വീതം 39 തവണ പണം അടച്ച ചിട്ടിയായിരുന്നു ഇത്. കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് മാസത്തവണ അടയ്ക്കുന്നതില്‍ മുടക്കം വന്നു. പിന്നീട്, ബാധ്യതകളെല്ലാം തീര്‍ത്ത് ചിട്ടിപ്പണം ആവശ്യപ്പെട്ട് ബാങ്കിനെ സമീപിച്ചപ്പോഴാണ് മഹാലക്ഷ്മി അമ്മയുടെ പേരിലുള്ള ചിട്ടിയില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് അസിസ്റ്റന്റ് രജിസ്ട്രാര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ഇത്തരത്തില്‍ നിരവധി പേരാണ് കബളിപ്പിക്കലിന് ഇരയായിരിക്കുന്നത്. ബാങ്ക് ഭരണസമിതിയുടെയും സെക്രട്ടറിയുടെയും അനുമതിയില്ലാതെ ഇത്തരം ക്രമക്കേടുകള്‍ നടക്കില്ലെന്നാണ് പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. നേരത്തെ പണാപഹരണത്തിന് ബാങ്കില്‍ നിന്ന് പുറത്താക്കപ്പെട്ട വ്യക്തിയാണ് ഇപ്പോള്‍ സെക്രട്ടറി പദവി വഹിക്കുന്നതെന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ബാങ്കിലെ ക്രമക്കേടുകള്‍ക്കെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധത്തിന് തയാറെടുക്കുകയാണ്.