ലോക്കൽ പൊലീസ് പറഞ്ഞതെല്ലാം പാളി, കേസ് ക്രൈം ബ്രാഞ്ചിന്
പ്രത്യേക ലേഖകൻ
കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. ലോക്കൽ പൊലീസ് അന്വേഷിച്ച കേസിൽ പൊലീസിന്റെ വിശദീകരണത്തിൽ നിരവധി പോരായ്മകളുള്ള സാഹചര്യത്തിലാണ് കേസ് ക്രൈം ബ്രാഞ്ചിനു കൈമാറിയത്. റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ആണ് അന്വേഷണം നടത്തുക. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി: എം.എം. ജോസിനാണ് അന്വേഷണ ചുമതല. 13 പേരടങ്ങുന്നതാണ് അന്വേഷണ സംഘം.
കേസ് ക്രൈം ബ്രാഞ്ചിനു വിട്ട സാഹചര്യത്തിൽ പൊലീസ് ഇന്നലെ കസ്റ്റഡി അപേക്ഷ സമർപ്പിച്ചില്ല. വെള്ളിയാഴ്ച അറസ്റ്റിലായ പ്രതികളെ ശനിയാഴ്ച് റിമാൻഡ് ചെയ്തു വിവിധ ജയിലുകളിൽ അടച്ചിരിക്കുകയാണ്. ഇന്നലെ കസ്റ്റഡി അപേക്ഷ നൽകി തെളിവെടുപ്പ് നടത്തുമെന്നായിരുന്നു എഡിജിപി എംആർ അജിത് കുമാർ അറിയിച്ചത്. എന്നാൽ പൊലീസിന്റെ വെളിപ്പെടുത്തലുകളിൽ ഒട്ടേറെ പൊരുത്തക്കേടുകളുണ്ടെന്ന് വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് ക്രൈം ബ്രാഞ്ചിനു വിട്ടത്.
പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിത രാജിൽ കെ.ആർ. പത്മകുമാർ (51), ഭാര്യ എം.ആർ. അനിതകുമാരി (39), മകൾ പി. അനുപമ (21) എന്നിവരാണ് ഇപ്പോൾ ജയിലിലുള്ളത്. പത്മകുമാർ കൊട്ടാരക്കര സബ് ജയിലിലും അനിതകുമാരിയും അനുപമയും അട്ടക്കുളങ്ങര വനിതാ സെല്ലിലുമാണ് കഴിയുന്നത്. സംഭവത്തിൽ ഈ മൂന്നു പ്രതികൾ മാത്രമാണെന്ന ലോക്കൽ പോലീസിന്റെ വാദം തന്നെ തെറ്റാണ്. നാലാമതൊരാളുടെ രേഖാ ചിത്രം പൊലീസ് തന്നെ പുറത്തു വിട്ടിരുന്നു. തട്ടിക്കൊണ്ടു പോകപ്പെട്ട കുട്ടിയുടെ പിതാവിനെതിരേ പല പരാതികളും നിലവിലുണ്ട്. എന്നാൽ അദ്ദേഹത്തിനു കേസുമായി ഒരു ബന്ധവുമില്ലെന്നാണ് പൊലീസ് പറയുന്നത്.
രണ്ടാം പ്രതി അനിത കുമാരി ഒരു തവണ മാത്രമേ കുട്ടിയുടെ അമ്മയെ വിളിച്ച് മോചന ദ്രവ്യം ആവശ്യപ്പെട്ടുള്ളു എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ അവർ രണ്ടു തവണ വിളിക്കുകയും തുക ഉയർത്തി ചോദിക്കുകയും ചെയ്തതിന്റെ ശബ്ദരേഖ ചാനലുകൾ പുറത്തു വിട്ടിരുന്നു. തട്ടിക്കൊണ്ടു പോയ വാഹനത്തെ ബൈക്കിൽ ചിലർ പിന്തുടർന്നു എന്ന് ദൃക്സാക്ഷികളുടെ മൊഴി ലോക്കൽ പോലീസ് മുഖവിലയ്ക്കെടുത്തില്ല. കസ്റ്റഡിയിലുള്ള പ്രതികളല്ലാതെ നാലാമതൊരാൾ കൂടി പാരിപ്പള്ളിയിലെ കടയിൽ വന്നു എന്ന കടഉടമയുടെ മൊഴി പൊലീസ് വിലക്കി. തട്ടിക്കൊണ്ടു പോയ സംഘത്തിൽ നാലുപേരുണ്ടായിരുന്നു എന്ന കുട്ടികളിലൊരാളുടെ മൊഴിയും പൊലീസ് തള്ളി. പരിഭ്രമംകൊണ്ടു തോന്നിയതാവാം എന്നാണ് എഡിജിപി പറയുന്നത്. ഏറ്റവുമൊടുവിൽ തെങ്കാശി പുളിയറയിൽ പ്രതികൾക്കൊപ്പമുണ്ടായിരുന്ന നവാസ് എന്നയാളെ കസ്റ്റഡിയിലെടുക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തില്ല. ഇതും ദുരൂഹമാണ്.
ഇന്നലെ ഉച്ചയോടെയാണ് കേസ് ക്രൈം ബ്രാഞ്ചിനെ ഏല്പിച്ചു കൊണ്ട് പൊലീസ് ആസ്ഥാനത്തു നിന്ന് ഉത്തരവ് വന്നത്. അതോടെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കം ലോക്കൽ പൊലീസ് ഉപേക്ഷിച്ചു. ക്രൈം ബ്രാഞ്ച് പൊലീസ് ഫയൽ പഠിച്ച ശേഷം നാളെ (ബുധൻ) കസ്റ്റഡി അപേക്ഷ നൽകുമെന്ന് അറിയുന്നു.