ലോകായുക്ത ബിൽ: അഴിമതി നിരോധന നിയമത്തെ കശാപ്പു ചെയ്യുന്ന നടപടിയെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതി ബിൽ അംഗീകരിച്ചുകൊണ്ടുള്ള രാഷ്ടപതിയുടെ തീരുമാനം ദൗർഭാഗ്യകരമെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ഇതോടെ ലോകായുക്ത നിയമം തന്നെ അക്ഷരാർത്ഥത്തിൽ ഇല്ലാതായിരിക്കുകയാണ്. ലോക്പാൽ നിയമം വരുന്നതിനു മുൻപാണ് കേരള ലോകായുക്ത നിയമം നിലവിൽ വന്നത്. അതുകൊണ്ട് സംസ്ഥാനങ്ങൾ ഇതുപോലെ സമാനമായ നിയമങ്ങൾ പാസാക്കിയിട്ടുണ്ടെങ്കിൽ അതിനെ മറികടക്കാനില്ലെന്ന് ലോക്പാൽ നിയമത്തിൽ തന്നെ പറയുന്നുണ്ട്. കർണാടക ലോകായുക്ത നിയമത്തിൽ സമാനമായ നിരവധി പ്രൊവിഷനുകൾ കാണാൻ കഴിയും. അതിനാൽ, സെക്‌ഷൻ 14ൽ വരുത്തിയിരിക്കുന്ന ഈ ഭേദഗതി സംസ്ഥാനത്തെ അഴിമതി നിരോധന നിയമത്തെ കശാപ്പു ചെയ്യുന്ന ഒന്നായിട്ട് മാത്രമേ കാണാൻ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു.
ഒരു ജുഡീഷ്യൽ ഓർഡർ ഡെലിഗേറ്റ് ചെയ്യാൻ വേണ്ടി എക്സിക്യൂട്ടീവിന് അപ്പലേറ്റ് അതോറിറ്റി നൽകുന്നത് ഭരണഘടനാവിരുദ്ധമാണ്. ലോകായുക്ത ഒരു ക്വാസി ജുഡീഷ്യൽ ബോഡിയാണ്. ലോകായുക്ത തീരുമാനമെടുത്തു കഴിഞ്ഞാൽ അതിന്റെ അപ്പീൽ പോകേണ്ടത് ഹൈക്കോടതിയിലോ സുപ്രീംകോടതിയിലോയാണ്. ഇവിടെ, അപ്പലേറ്റ് അതോറിറ്റി ആയ മന്ത്രിമാരുടെ അപ്പലേറ്റ് അതോറിറ്റി മുഖ്യമന്ത്രിയും മുഖ്യമന്ത്രിക്കു മേലുള്ള അപ്പലേറ്റ് അതോറിറ്റി നിയമസഭയുമായി മാറുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സംഭവമൂർത്തി കേസ് മുതൽ മദ്രാസ് ബാർ അസോസിയേഷൻ കേസ് വരെയുള്ള അഞ്ചു കേസുകളിൽ ഭരണഘടനാ ബഞ്ചിന്റെ വിധിയുണ്ട്. അഞ്ച് കേസുകളിലെ ഭരണഘടനാ ബെഞ്ചിന്റെ വിധി കോടതിയുടെ ഓർഡർ ഡെലിഗേറ്റ് ചെയ്യാൻ വേണ്ടി എക്സിക്യൂട്ടീവിന് അധികാരം നൽകാൻ പാടില്ല എന്ന് തന്നെയാണ്. അങ്ങനെ വരുമ്പോൾ രാഷ്ട്രപതി ഇതിന് അംഗീകാരം കൊടുത്തത് നിലനിൽക്കില്ല. കോടതിയുടെ മുൻപാകെ വന്നാൽ അഞ്ച് പേർ അടങ്ങുന്ന ഭരണഘടനാ ബെഞ്ചിന്റെ വിധി നിലനിൽക്കുന്ന സാഹചര്യത്തിൽ ബില്ലിന് രാഷ്ട്രപതി കൊടുത്ത ഈ അംഗീകാരം നിലനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അക്കാര്യം ഭരണഘടനാബെഞ്ചിന്റെ വിധികൾ വ്യക്തമായി സൂചിപ്പിക്കുന്നുണ്ട് അങ്ങനെയാണെങ്കിൽ കോടതി വേണ്ടല്ലോ. കോടതി എടുക്കുന്ന തീരുമാനങ്ങളും ഉത്തരവുകളും ജഡ്ജ്മെന്റുകളും എക്സിക്യൂട്ടീവിന് ചോദ്യം ചെയ്യാമെങ്കിൽ രാജ്യത്ത് ജുഡീഷ്യറി തന്നെ ഉണ്ടാകാത്ത അവസ്ഥ ഉണ്ടാകും. അതുകൊണ്ട് ഈ ലോകായുക്ത ഭേദഗതി ബില്ലിന് അനുവാദം കൊടുത്തത് നിയമവിരുദ്ധമാണ്. കോടതിയിൽ ചോദ്യം ചെയ്തു കഴിഞ്ഞാൽ ഈ ഭേദഗതി നിയമം നിലനിൽക്കില്ല.
സംസ്ഥാനത്ത് നിയമം കൊണ്ടുവന്നത് മുഖ്യമന്ത്രിയെയും കോവിഡ് കാലത്തെ കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയ ആരോഗ്യമന്ത്രി കെ.കെ ശൈലജയെയും ഉൾപ്പെടെ രക്ഷപ്പെടുത്താൻ വേണ്ടിയാണ്. അതുകൊണ്ടുതന്നെ ജനതാൽപര്യങ്ങൾക്ക് വേണ്ടിയിട്ടുള്ളതല്ല. ഈ നിയമം ജനങ്ങൾക്ക് വേണ്ടിയുള്ളതല്ല അഴിമതിക്കാരെ സംരക്ഷിക്കാനുള്ള നിയമമാണിത്. അതുകൊണ്ട് ഇതിനെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കും. നിയമപരമായ മാർഗങ്ങൾ തേടും ഇത് ഒരു കാരണവശാലും അഴിമതി നിരോധനം കണക്കാക്കി കൊണ്ടുള്ള ഭേദഗതി അല്ല. അഴിമതി യഥേഷ്ടം നടത്താനുള്ള ലൈസൻസ് ആണെന്ന് ചെന്നിത്തല പറഞ്ഞു.
അതിനാലാണ് ബിൽ ഗവർണർ ഒപ്പിടരുത് എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്. അങ്ങനെയാണ് ഗവർണർ അത് രാഷ്ട്രപതിക്ക് അയക്കുന്നത്. നാട്ടിൽ നടക്കുന്ന ഗുരുതരമായ അഴിമതികൾ തടയാനുള്ള അവസാനത്തെ മാർഗമാണ് ഇതോടുകൂടി അടഞ്ഞിരിക്കുന്നത്. സെക്ഷൻ 14 അനുസരിച്ച് ഒരു മന്ത്രി കുറ്റക്കാരൻ ആണെന്ന് വിധിച്ചാൽ രാജിവെക്കണം എന്നുള്ള പ്രൊവിഷൻ ഇല്ലാതാക്കുക വഴി സംസ്ഥാനത്ത് ഏത് കൊള്ളയും ഏത് അഴിമതിയും ആർക്കും നടത്താനുള്ള പരസ്യമായ ലൈസൻസിന് വിട്ടിരിക്കുകയാണ്. ഇതിനെതിരെ അതിശക്തമായ പോരാട്ടം നടത്തേണ്ടതായിട്ടുണ്ട്. ഭാവി നടപടികൾ ആലോചിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.