ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ്
ഡല്‍ഹി: ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ ബ്യൂറോ ഓഫ് ഇമിഗ്രേഷനോട് അഭ്യര്‍ഥിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നിലവില്‍ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ബൈജുവിനെ സംബന്ധിച്ചിടത്തോളം കനത്ത വെല്ലുവിളിയാണ് ഇ.ഡി നീക്കം. ഇക്കണോമിക്‌സ് ടൈംസാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്. ഫെബ്രുവരി ആദ്യ ആഴ്ചയിലാണ് ഇ.ഡി ബ്യൂറോ ഓഫ് ഇമിഗ്രേഷനെ സമീപിച്ചത്.
ഒന്നര വര്‍ഷം മുമ്പ് ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇ.ഡിയുടെ കൊച്ചി ഓഫീസിന്റെ നിര്‍ദേശ പ്രകാരമായിരുന്നു ലുക്ക് ഔട്ട് നോട്ടീസ്. ഇതുപ്രകാരം വ്യക്തിയുടെ വിദേശയാത്ര പരിപാടികള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് അറിയാനാകും. എന്നാല്‍, വിദേശയാത്ര നടത്തുന്നതില്‍ നിന്നും ഒരാളെ തടയാനാവില്ല.എന്നാല്‍, ബൈജു രവീന്ദ്രന്‍ വിദേശത്തേക്ക് പോകുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് അന്ന് പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസില്‍ ഭേദഗതി വരുത്തണമെന്ന് ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്. വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോള്‍ ഇ.ഡി അന്വേഷണം പുരോഗമിക്കുന്നത്.
അതേസമയം, നിലവില്‍ ബൈജു രവീന്ദ്രന്‍ ദുബൈയിലാണ് ഉള്ളതെന്നാണ് വിവരം. നാളെ അദ്ദേഹം സിംഗപ്പൂരിലേക്ക് പോകുമെന്നാണ് സൂചന. ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുകയാണെങ്കില്‍ ദുബൈയില്‍ നിന്നും നേരിട്ട് അദ്ദേഹത്തിന് സിംഗപ്പൂരിലേക്ക് പോകാനാവില്ല. തിരിച്ച് ഇന്ത്യയില്‍ എത്തിയതിന് ശേഷം മാത്രമേ തുടര്‍ യാത്രകള്‍ നടത്താനാവു.2023 നവംബറില്‍ ബൈജുവിന്റെ മാതൃ കമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിന് ഇ.ഡി നോട്ടീസ് അയച്ചിരുന്നു. 9,362.35 കോടി രൂപയുടെ ഫെമ നിയമലംഘനമുണ്ടായെന്നും കാണിച്ചായിരുന്നു നോട്ടീസയച്ചത്.